'അത്തരമൊരു ഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ട്; ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂര്‍വം തോറ്റുകൊടുത്തു'; ഗുരുതര ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍; ഫിഡെ അന്വേഷിക്കണമെന്ന് ആവശ്യം
'ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂര്‍വം തോറ്റുകൊടുത്തു'
മോസ്‌കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പതിനെട്ടുകാരന്‍ ഡി. ഗുകേഷ് കിരീടം ചൂടി രാജ്യത്തിന്റെ അഭിമാനമായി മാറിയതിന് പിന്നാലെ എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന് ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍. റഷ്യന്‍ ചെസ് ഫെഡറേഷന്റെ തലവന്‍ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അന്വേഷണം നടത്തണമെന്നും ആന്ദ്രെ ഫിലാത്തോവ് ആവശ്യപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന് ആരോപണം. സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.
'അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രൊഫഷണലുകളിലും ആരാധകരിലും അമ്പരപ്പുണ്ടാക്കി. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലെ ചൈനീസ് താരത്തിന്റെ പ്രവൃത്തികള്‍ അങ്ങേയറ്റം സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം. ഡിങ് ലിറന്‍ തോല്‍വിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തില്‍ ഒരു ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ചൈനീസ് താരത്തിന്റെ തോല്‍വി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ബോധപൂര്‍വമായ ഒന്നായി തോന്നുകയും ചെയ്യുന്നു.'- ഫിലാത്തോവ് ആരോപിച്ചു.
58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോല്‍പിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ 13 കളികള്‍ തീര്‍ന്നപ്പോള്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.56.5). അവസാന ഗെയിമിലെ ജയത്തോടെ സ്‌കോര്‍ 7.5 6.5 എന്ന നിലയിലായി. 14ാം ഗെയിമിലെ 55ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.
അവസാന ഘട്ടത്തില്‍ ഡിങ് ലിറന്‍ വരുത്തിയ പിഴവുമായി ബന്ധപ്പെട്ടാണ് റഷ്യന്‍ ചെസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സംശയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അന്വേഷണം നടത്തണമെന്നാണ് ആന്ദ്രെ ഫിലാത്തോവിന്റെ ആവശ്യം.
2023 ല്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നീപോംനീഷിയെ തോല്‍പിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താന്‍ നടത്തിയ, 8 പേര്‍ പങ്കെടുത്ത കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്.
നേരത്തെ, സമനിലയിലേക്ക് നീങ്ങുമെന്ന് കളിവിദഗ്ദര്‍ വിലയിരുത്തിയ ഗെയിമില്‍ അട്ടിമറിവിജയം നേടിയാണ് ഡി. ഗുകേഷ് ലോക ചെസ് കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത്. 14 ഗെയിമുള്ള ഫൈനലിലെ 13 ഗെയിം കഴിഞ്ഞപ്പോള്‍ ഇരുതാരങ്ങളും ആറര പോയിന്റുവീതംനേടി തുല്യനിലയിലായിരുന്നു. അവസാനത്തെ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍, സമയസമ്മര്‍ദത്തില്‍ ചൈനീസ് താരത്തിന് 55-ാം നീക്കം പിഴച്ചു. എതിരാളിയുടെ അബദ്ധം മുതലെടുത്ത് ഗുകേഷ് വിജയത്തിലേക്കുമുന്നേറി.