ഡാളസ് ലവ് ഫീല്‍ഡ് ബോംബ് ഭീഷണി: സ്ത്രീ അറസ്റ്റില്‍

Update: 2025-07-24 10:00 GMT

ഡാളസ്: ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ 67 വയസ്സുകാരി റെബേക്ക ഫിലിപ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 6:45 ഓടെ വിമാനത്താവളത്തിലെ ഗേറ്റ് 10-ല്‍ വെച്ചാണ് സംഭവം.

ഒര്‍ലാന്‍ഡോയിലേക്ക് പോകേണ്ടിയിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് മദ്യപിച്ചതിനെ തുടര്‍ന്ന് ഫിലിപ്സിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയത്. 'ശരി, അതില്‍ ഒരു ബോംബുണ്ട്. അതെങ്ങനെ? ഇപ്പോള്‍ നിങ്ങള്‍ക്ക് അത് അഴിച്ചുമാറ്റാന്‍ കഴിയുമോ?' എന്ന് ഫിലിപ്‌സ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇതിനെ തുടര്‍ന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും, വിമാനം രണ്ടോ മൂന്നോ മണിക്കൂര്‍ വൈകുകയും ചെയ്തു. ഡാളസ് പോലീസ് സ്ഥലത്തെത്തി ഗേറ്റും പരിസരവും അടച്ചുപൂട്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ബാഗ് പരിശോധിച്ച ശേഷം ബോംബില്ലെന്ന് സ്ഥിരീകരിക്കുകയും, വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുകയും ചെയ്തു. ബാഗ് ഫിലിപ്സിന് തിരികെ നല്‍കി.

തീവ്രവാദ ഭീഷണി മുഴക്കിയതിന് ഫിലിപ്സിനെ അറസ്റ്റ് ചെയ്തു. ഇത് മൂന്നാം ഡിഗ്രി കുറ്റകൃത്യമാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Similar News