ന്യൂയോര്‍ക്കില്‍ ഭാര്യയെയും 2 വയസ്സുകാരി മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം നെഞ്ചില്‍ കുത്തി ഗുരുതരാവസ്ഥയില്‍
ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള റിഡ്ജ്വുഡില്‍ ഭാര്യയെയും രണ്ടുവയസ്സുകാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒരാള്‍ സ്വയം ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ ഫോറസ്റ്റ് അവന്യൂവിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും ദാരുണമായ സംഭവം നടന്നു കഴിഞ്ഞിരുന്നു. 41 വയസ്സുകാരിയായ അമ്മയുടെ കഴുത്തിലും നെഞ്ചിലുമായി 18 തവണ കുത്തേറ്റ നിലയില്‍ കണ്ടെത്തി. രണ്ടുവയസ്സുകാരിയായ മകള്‍ക്ക് ഒമ്പത് തവണ കുത്തേറ്റതായും പോലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി സ്ഥിരീകരിച്ചു.
54 വയസ്സുകാരനായ പിതാവിനെ നെഞ്ചില്‍ കുത്തേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടക്കുമ്പോള്‍ ഇയാള്‍ മരുമകനുമായി ഫേസ്ടൈമില്‍ സംസാരിക്കുകയായിരുന്നുവെന്നും, സംശയം തോന്നി മരുമകന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
അയല്‍വാസികള്‍ പറയുന്നതനുസരിച്ച്, അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വഴക്കുകളൊന്നും കേട്ടിരുന്നില്ല. ഈ കുടുംബം പൊതുവെ ഒതുങ്ങി ജീവിക്കുന്നവരായിരുന്നെന്നും അയല്‍ക്കാര്‍ക്ക് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നെന്നും അവര്‍ പറയുന്നു. ഇത് ഗാര്‍ഹിക സ്വഭാവമുള്ള ആക്രമണമാണെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.