കാലിഫോര്‍ണിയയില്‍ നൂറിലധികം 'അനധികൃത' ട്രക്ക് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; 'ഓപ്പറേഷന്‍ ഹൈവേ സെന്റിനല്‍' നടപടിയുമായി യുഎസ്

Update: 2025-12-24 12:38 GMT

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ ഹൈവേകളില്‍ നടത്തിയ വന്‍ തിരച്ചിലില്‍ ('ഓപ്പറേഷന്‍ ഹൈവേ സെന്റിനല്‍') നൂറിലധികം അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാരെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ ട്രക്ക് ഓടിക്കുന്നവര്‍ രാജ്യവ്യാപകമായി അപകടങ്ങള്‍ വരുത്തിവെക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇന്ത്യ, മെക്‌സിക്കോ, കൊളംബിയ, റഷ്യ, വെനസ്വേല തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ ഹര്‍ജീന്ദര്‍ സിംഗ് ഉള്‍പ്പെട്ട മാരകമായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഇത്തരമൊരു നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്.

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത് പാലിക്കാത്തതിനാല്‍ കാലിഫോര്‍ണിയയ്ക്ക് നല്‍കാനുള്ള 40 മില്യണ്‍ ഡോളറിന്റെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചു.

'അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവര്‍ അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്' എന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. വാഷിംഗ്ടണ്‍, ന്യൂ മെക്‌സിക്കോ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലിഫോര്‍ണിയയ്ക്ക് പുറമെ ഇന്ത്യാനയില്‍ നടന്ന 'ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്സ്' എന്ന പരിശോധനയില്‍ 146 ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, കാലിഫോര്‍ണിയയിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന അപകടനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും ലൈസന്‍സ് യോഗ്യത നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പ്രതികരിച്ചു.

Similar News