കുടിയേറ്റ ഭയം: കുര്‍ബാനയില്‍ നിന്ന് ഇടവകാംഗങ്ങളെ ഒഴിവാക്കി കാലിഫോര്‍ണിയ ബിഷപ്പ്

Update: 2025-07-10 11:28 GMT

കാലിഫോര്‍ണിയ: രാജ്യത്തുടനീളം കുടിയേറ്റ റെയ്ഡുകളും തടങ്കലുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇടവകാംഗങ്ങളെ ഒഴിവാക്കി തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ ബിഷപ്പ് ആല്‍ബെര്‍ട്ടോ റോജാസ് അസാധാരണമായ ഉത്തരവ് പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കുള്ള പ്രതികരണമായാണ് ഈ നീക്കം.

ചൊവ്വാഴ്ചയാണ് ബിഷപ്പ് റോജാസ് തന്റെ ഉത്തരവ് പ്രഖ്യാപിച്ചത്. 'കുടിയേറ്റ നിയന്ത്രണ നടപടികളെക്കുറിച്ചുള്ള യഥാര്‍ത്ഥ ഭയം കാരണം, കടമയുടെ വിശുദ്ധ ദിവസങ്ങളില്‍ കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ജാന്‍ ബെര്‍ണാര്‍ഡിനോ രൂപതയിലെ എല്ലാ അംഗങ്ങളെയും വിശ്വാസികളെയും ഈ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നു,' അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, വിശ്വാസികള്‍ ബദല്‍ ആത്മീയ ആചാരങ്ങളില്‍ ഏര്‍പ്പെടാന്‍ റോജാസ് പ്രോത്സാഹിപ്പിച്ചു.

സാധാരണയായി, പ്രകൃതിദുരന്തങ്ങള്‍, യുദ്ധം, മറ്റ് അത്യന്തം അസാധാരണമായ സാഹചര്യങ്ങള്‍ എന്നിവയിലാണ് കത്തോലിക്കാ ബിഷപ്പുമാര്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാറുള്ളത്. 'ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിലൂടെ, എന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് ഭയമോ ബുദ്ധിമുട്ടോ നേരിടുന്നവരുടെയും ആത്മീയ ക്ഷേമം പരിപാലിക്കാനുള്ള സഭയുടെ ദൗത്യമാണ് എന്നെ നയിക്കുന്നത്,' ബിഷപ്പ് റോജാസ് കൂട്ടിച്ചേര്‍ത്തു.

സാന്‍ ബെര്‍ണാര്‍ഡിനോ രൂപത യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആറാമത്തെ വലിയ രൂപതയാണ്. സാന്‍ ബെര്‍ണാര്‍ഡിനോ, റിവര്‍സൈഡ് കൗണ്ടികളിലായി ഏകദേശം 1 ദശലക്ഷം കത്തോലിക്കര്‍ക്ക് ഈ രൂപത സേവനം നല്‍കുന്നു.

ഒരു ദിവസം മുമ്പ് ലോസ് ഏഞ്ചല്‍സിലെ മക്ആര്‍തര്‍ പാര്‍ക്കില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് സംഭവസ്ഥലത്ത് നേരിട്ടെത്തിയിരുന്നു. 'അവര്‍ പോകേണ്ടതുണ്ട്, അവര്‍ ഇപ്പോള്‍ തന്നെ പോകേണ്ടതുണ്ട്,' അവര്‍ ശക്തമായി ആവശ്യപ്പെട്ടു.

കുടിയേറ്റ റെയ്ഡുകളെയും ഭരണകൂടത്തിന്റെ ആക്രമണാത്മക സമീപനങ്ങളെയും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം നിശിതമായി വിമര്‍ശിച്ചു. 'മതസ്വാതന്ത്ര്യമോ? ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലല്ലേ,' ന്യൂസം എക്സില്‍ കുറിച്ചു. 'ആളുകള്‍ ഇപ്പോള്‍ അവരുടെ വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും ഇടയില്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.'

ന്യൂസമിന്റെ പരാമര്‍ശങ്ങള്‍ക്ക് വൈറ്റ് ഹൗസ് വക്താവ് മറുപടി നല്‍കി. COVID-19 മഹാമാരിയുടെ സമയത്ത് ന്യൂസം പള്ളികള്‍ അടച്ചുപൂട്ടിയെന്നും എന്നാല്‍ സിനിമാ വ്യവസായം, മരിജുവാന ഡിസ്‌പെന്‍സറികള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചെന്നും വക്താവ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. 'അദ്ദേഹം കാരണം മതവിശ്വാസികളായ അമേരിക്കക്കാരെ അവരുടെ ആരാധനാലയങ്ങളില്‍ നിന്ന് പുറത്താക്കി. ന്യൂസ്‌കം മതസ്വാതന്ത്ര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, രാഷ്ട്രീയ നേട്ടത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്.'

രൂപതയുടെ ഈ നടപടിയെ കത്തോലിക്കാ പുരോഹിതനും എഴുത്തുകാരനുമായ ജെയിംസ് മാര്‍ട്ടിന്‍ പ്രശംസിച്ചു. 'കത്തോലിക്കാ പള്ളികള്‍ പോലും ഇനി സുരക്ഷിത സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നില്ല എന്നതിന്റെ നാടകീയമായ സൂചനയാണിത്. മതസ്വാതന്ത്ര്യത്തിനായുള്ള ശബ്ദങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?' അദ്ദേഹം X-ല്‍ ചോദ്യമുയര്‍ത്തി.

കുടിയേറ്റ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി മെയ് മാസത്തില്‍ നാഷ്വില്ലെ രൂപതയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 'നമ്മുടെ പള്ളികള്‍ നമ്മുടെ ഇടവക സമൂഹങ്ങളെ സ്വാഗതം ചെയ്യുന്നതിനും സേവിക്കുന്നതിനും തുറന്നിരിക്കുന്നു, എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്നപക്ഷം ഒരു കത്തോലിക്കനും ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബാധ്യതയില്ല,' എന്നായിരുന്നു അന്നത്തെ ഉത്തരവ്.

Similar News