മക്കള്‍ക്ക് NyQuil-ഉം വോഡ്കയും നല്‍കി മുക്കിക്കൊല്ലാന്‍ ശ്രമിച്ചു: അമ്മക്കെതിരെ കേസ്
ലിബര്‍ട്ടി കൗണ്ടി:ടെക്‌സസിലെ ലിബര്‍ട്ടി കൗണ്ടിയില്‍, മൂന്ന് മക്കള്‍ക്ക് NyQuil മരുന്നും വോഡ്കയും നല്‍കിയ ശേഷം അവരെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരമ്മക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ ലിബര്‍ട്ടി കൗണ്ടിയിലുള്ള ഒരു റാഞ്ചിലാണ് സംഭവം. ഭര്‍ത്താവ് നിലവിളി കേട്ട് പുറത്തേക്ക് ഓടി ഒരു ചെറിയ തടാകത്തില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഭാര്യ കുട്ടികള്‍ക്ക് വിഷം നല്‍കാന്‍ ശ്രമിക്കുകയും തടാകത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസിനെ അറിയിച്ചുകൊണ്ട് ഇയാള്‍ ഡിസ്പാച്ച് ഓഡിയോയില്‍ സംസാരിക്കുന്നത് കേള്‍ക്കാം. കുട്ടികളെ രക്ഷിച്ച ശേഷം ഇയാള്‍ ഭാര്യയുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് മരുന്നിന്റെ ബോട്ടിലുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കുട്ടികളെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചോ പേര്, പ്രായം തുടങ്ങിയ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ലിബര്‍ട്ടി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.