നിഷ്‌കളങ്കനായിട്ടും 25 വര്‍ഷം ജയിലില്‍,നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) തിരികെ നല്‍കാന്‍ കോടതി ഉത്തരവ്
ഡെട്രോയിറ്റ്: നിഷ്‌കളങ്കനായിട്ടും 25 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഡെട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നല്‍കാന്‍ കോടതി ഉത്തരവ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ചെയ്യാത്ത കൊലപാതകത്തിനാണ് ഡെസ്മണ്ട് റിക്‌സ് 25 വര്‍ഷം തടവുശിക്ഷ അനുഭവിച്ചത്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി.
റിക്‌സിനെ ജയിലിലടയ്ക്കാന്‍ കാരണം പോലീസുകാര്‍ തോക്കിന്റെ ബുള്ളറ്റുകളില്‍ കൃത്രിമം കാണിച്ചതാണ്. എന്നാല്‍ കോടതിയുടെ പുതിയ നിരീക്ഷണത്തില്‍, ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും (അതായത് തെളിവുകളുടെ പോരായ്മ), അദ്ദേഹം പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ട 'യഥാര്‍ത്ഥ നിരപരാധി' എന്ന് തെളിയിക്കാന്‍ മതിയായ നിയമപരമായ രേഖകള്‍ ഇനിയും വേണമെന്നും വാദമുയര്‍ന്നു.
മിഷിഗണിലെ 'തെറ്റായ തടവുശിക്ഷാ നഷ്ടപരിഹാര നിയമം' അനുസരിച്ച്, ജയിലില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 50,000 ഡോളര്‍ വീതം കണക്കാക്കി അദ്ദേഹത്തിന് ഒരു മില്യണ്‍ ഡോളറിലധികം സര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാല്‍, പുതിയ കോടതി വിധിയെത്തുടര്‍ന്ന് ഈ തുക തിരികെ നല്‍കാന്‍ അദ്ദേഹത്തോട് ഉത്തരവിട്ടിരിക്കുകയാണ്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ ജീവിതത്തിലെ വിലപ്പെട്ട 25 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.