മസാച്യുസെറ്റ്സില്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് നാല് കുട്ടികള്‍ മരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Update: 2026-01-08 14:37 GMT

മസാച്യുസെറ്റ്സ് : അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ പനി (Flu) ബാധിച്ച് ഈ സീസണില്‍ ഇതുവരെ നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നുള്ള രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ്.

വൈറസ് വ്യാപനം ശക്തമാണെന്നും ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും പബ്ലിക് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. റോബി ഗോള്‍ഡ്സ്റ്റീന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. നിലവില്‍ സംസ്ഥാനത്തെ ആശുപത്രി കേസുകളില്‍ 9 ശതമാനവും ഫ്‌ലൂ ബാധിച്ചവരാണ്.

രോഗം പടരുന്ന സാഹചര്യത്തില്‍ 6 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും ഫ്‌ലൂ വാക്‌സിന്‍ എടുക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബോസ്റ്റണില്‍ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്ക് പുറമെ, ഈ സീസണില്‍ 29 മുതിര്‍ന്നവരും ഫ്‌ലൂ ബാധിച്ച് മരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്, RSV എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് മരണസംഖ്യയായ 10 കുട്ടികളാണ് പനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷവും രോഗവ്യാപനം നേരത്തെ തന്നെ ശക്തമായത് ആശങ്ക വര്‍ധിപ്പിക്കുന്നു.

Similar News