ടെക്‌സസിലെ ഐസ് തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

Update: 2026-01-20 15:12 GMT

എല്‍ പാസോ (ടെക്‌സസ്): ടെക്‌സസിലെ എല്‍ പാസോയിലുള്ള ഫോര്‍ട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിക്കരാഗ്വ സ്വദേശിയായ വിക്ടര്‍ മാനുവല്‍ ഡയസ് (36) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.

വിക്ടര്‍ മാനുവല്‍ ഡയസിനെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. എന്നാല്‍ മരണത്തില്‍ ഔദ്യോഗിക അന്വേഷണം തുടരുകയാണ്.

ജനുവരി 6-ന് മിനിയാപൊളിസില്‍ നടന്ന കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നാടുകടത്തുന്നതിനായി ടെക്‌സസിലേക്ക് മാറ്റുകയായിരുന്നു.

ഇതേ ക്യാമ്പില്‍ ജനുവരി 3-ന് ക്യൂബന്‍ സ്വദേശിയായ ജെറാള്‍ഡോ ലുനാസ് കാമ്പോസ് (55) മരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കഴുത്തിലും നെഞ്ചിലും അമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൊലപാതകമാണെന്ന് സഹതടവുകാര്‍ ആരോപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം ഐസ് കസ്റ്റഡിയില്‍ 32 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ഇമിഗ്രേഷന്‍ തടങ്കല്‍ പാളയങ്ങളിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതോടെ തടങ്കല്‍ പാളയങ്ങളിലെ മരണനിരക്ക് വര്‍ധിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Similar News