മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്

Update: 2024-12-31 14:58 GMT

Dr. George Kakkanatt

ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്‌നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്.

നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്‌ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി. സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയാണ് അന്ന് സ്മിതയെ കിരീടമണിയിച്ചത്.

നവംബറില്‍ ന്യൂ ജേഴ്‌സിയില്‍ നടന്ന മത്സരത്തില്‍ മിസിസ് യുഎസ്എ യൂണിവേഴ്‌സ് സൗത്ത് കരോലിനയായി തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം കടുത്ത മത്സരം നടക്കുന്ന മിസിസ് യുഎസ്എ യൂണിവേഴ്‌സ് മത്സരത്തിലെ ടോപ് ഫൈവില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങള്‍ക്കപ്പുറം കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് സ്മിത. തനതായ ഇന്ത്യന്‍ പാരമ്പര്യവും സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് സ്മിതയുടെ കുച്ചിപ്പുടി നൃത്തം. വിവിധ സംസ്‌കാരിക പാരമ്പര്യമുള്ളവരും ഇഷ്ടപ്പെടുന്നതാണ് സ്മിതയുടെ നൃത്തനൃത്യങ്ങള്‍.

*വേദനകളുടെ ആഴക്കടല്‍ താണ്ടി*

സ്മിതയുടെ നേട്ടങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം വേദനയുടെ ആഴക്കടല്‍ നീന്തിയാണ് അവര്‍ വിജയ തീരത്ത് അണഞ്ഞത്. സഹോദരന്റെ ദുരന്തപൂര്‍ണമായ വേര്‍പാടും തുടര്‍ന്നുണ്ടായ മാനസികാഘാതവും സ്മിതയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി ഏകാകിയായി പോയ അവസ്ഥ. തന്നിലുള്ള കലാകാരിയെപ്പോലും മറന്ന അവസ്ഥ.

എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്താണ് സ്മിത സൗന്ദര്യ മത്സരലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അംഗീകാരങ്ങളെക്കാള്‍ കൂടുതലായി അവരുടെ അര്‍പ്പണ മനോഭാവവും മറ്റുള്ളവരെക്കൂടി ഈ രംഗത്ത് കൈപിടിച്ചുയര്‍ത്താനുള്ള ആഗ്രഹവുമാണ് വീണ്ടും മത്സരരംഗത്തെത്താന്‍ കാരണമായത്. അതാകട്ടെ മൂന്നു കിരീട നേട്ടങ്ങളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും ചെയ്തു.

*കരുതലാണ് സ്നേഹം*

സൗന്ദര്യലോകത്തിന്റെ മാസ്മരികതയ്ക്കും വശ്യതയ്ക്കുമൊപ്പം വറ്റാത്ത മനുഷ്യസ്‌നേഹത്തിനുടമ കൂടിയാണ് സ്മിത. പെണ്‍കുട്ടിക്കായി 'മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍' എന്നൊരു സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് സ്മിത. പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം അവരെ സ്വയം പര്യാപ്തതരാക്കുന്നതിന് കഴിവുകള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഈ സംഘടനക്ക് ജന്മം നല്‍കിയത് നിഷ പിള്ള എന്ന മനുഷ്യ സ്‌നേഹിയാണ്.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ ശാക്തീകരിക്കുന്നതിലൂടെ ശാശ്വതമായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് സ്മിത വിശ്വസിക്കുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിലൂടെ അവരിലുണ്ടാകുന്ന യഥാര്‍ഥ മാറ്റമാണ് തനിക്കു ലഭിക്കുന്ന ആദരവെന്ന് സ്മിത പറയുന്നു.

*പിന്തുണയേകി കുടുംബം*

എല്ലാ നേട്ടങ്ങള്‍ക്കും കാരണം കുടുംബത്തിന്റെ ശക്തമായ പിന്തുണയാണെന്ന് സ്മിത പറയുന്നു. ഭര്‍ത്താവ് സഞ്ജീവ് നായര്‍, മക്കളായ ആയുഷ്, ആര്യന്‍, അയാന്‍ഷ് എന്നിവരാണ് ശക്തിയുടെയും നേട്ടങ്ങളുടെയും പിന്നിലെ പ്രേരകശക്തിയെന്ന് സ്മിത ഉറച്ചുവിശ്വസിക്കുന്നു. തന്റെ ആഗ്രഹങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും പിന്നാലെ പോകുമ്പോഴും കുടംബത്തിന്റെ പ്രാധാന്യം ഒരിക്കലും മറക്കാറില്ല. വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നും പിന്തുണയേകുന്നതായി സ്മിത പറഞ്ഞു.

ഉറച്ച ബോധ്യങ്ങളും ദൈവാനുഗ്രഹവുമുണ്ടെങ്കില്‍, ഏതൊരു വ്യക്തിക്കും തന്റെ ദുരന്തങ്ങള്‍ക്കിടയില്‍നിന്നും മികവുറ്റ നേട്ടങ്ങളുണ്ടാക്കാമെന്ന് സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പഠിപ്പിക്കുന്നു. മൂന്നു കുട്ടികളുടെ അമ്മ, കലാരംഗത്തെ അംബാസഡര്‍, സ്ത്രീ ശാക്തീകരണത്തിന്റെ വക്താവ് എന്നീ നിലകളില്‍ അവള്‍ പ്രത്യാശയുടെ അടയാളമാകുന്നു. തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനും ജീവിതലക്ഷ്യങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതിനും അവര്‍ മറ്റു സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ്. ജീവിതത്തില്‍ പിന്നാക്കം പോയവര്‍ക്ക് അസാധാരണ നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്മിതയുടെ ജീവിതം ഉത്തേജനമാണ്.

Similar News