മാര്‍ത്തോമാ സഭയ്ക്ക് പുതിയ മിഷന്‍ ഫീല്‍ഡ്: സൗത്ത് വെസ്റ്റ് ബോര്‍ഡര്‍ മിഷന്‍ സെന്റര്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആശീര്‍വദിച്ചു

Update: 2026-01-23 13:04 GMT

എഡിന്‍ബര്‍ഗ്, ടെക്‌സസ് - മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ തിരുമേനിയുടെ സൗത്ത്വെസ്റ്റ് ബോര്‍ഡര്‍ മിഷനിലേക്കുള്ള പാസ്റ്ററല്‍ സന്ദര്‍ശനം.

ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി, ടെക്‌സസിലെ എഡിന്‍ബര്‍ഗിലുള്ള 5411 യൂണിവേഴ്‌സിറ്റി അവന്യു എന്ന വിലാസത്തില്‍ സ്ഥിതിചെയ്യുന്ന സൗത്ത്വെസ്റ്റ് ബോര്‍ഡര്‍ മിഷന്‍ സെന്റര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തിനായി അഭിവന്ദ്യ തിരുമേനി സമര്‍പ്പിച്ചു.

തിരുമേനിക്കൊപ്പം റവ. ജിജോ എം. ജേക്കബ് (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍), റവ. സോനു കെ. വര്‍ഗീസ് (വികാരി, സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍ & വികാരി, മാര്‍ത്തോമാ ചര്‍ച്ച് , റയോ ഗ്രാന്‍ഡെ വാലി ), റവ. ഡെന്നിസ് ഏബ്രഹാം (വികാരി, ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്; ഭദ്രാസന കൗണ്‍സില്‍ അംഗം), ജോര്‍ജ് പി. ബാബു (ഭദ്രാസന ട്രഷറര്‍), ജേക്കബ് ഇടിച്ചാണ്ടി (മിഷന്‍ പ്രതിനിധി) എന്നിവരും പങ്കെടുത്തു.

പുതുതായി സമര്‍പ്പിച്ച മിഷന്‍ സെന്റര്‍ 7 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടെക്‌സസ് യൂണിവേഴ്‌സിറ്റി റിയോ ഗ്രാന്‍ഡ് വാലി (UTRGV), എഡിന്‍ബര്‍ഗിലെ പ്രൊഫസര്‍ എമിറിറ്റസും മക്കാലന്‍ മാര്‍ത്തോമാ ഇടവക അംഗവുമായ ഡോ. ജോണ്‍ ഏബ്രഹാം ഭദ്രാസനത്തിന്റെ മിഷന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി നല്‍കിയതാണ് ഈ വിസ്തൃതമായ സ്ഥലം.

യു.എസ്. സൗത്ത്വെസ്റ്റ് അതിര്‍ത്തിയോടനുബന്ധിച്ച് താമസിക്കുന്ന ഏകദേശം 3,000 ല്‍ പരം സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്കിടയില്‍ മാര്‍ത്തോമാ സഭ നടത്തുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. കൂടാതെ, മെക്‌സിക്കോയിലെ മാറ്റാമോറോസിലെ മത്സ്യതൊഴിലാളി സമൂഹത്തിനിടയില്‍ മിഷന്‍ ബോര്‍ഡ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഈ കേന്ദ്രം പിന്തുണ നല്‍കും.

ജനുവരി 11-ന് ഞായറാഴ്ച സൗത്ത്വെസ്റ്റ് മിഷന്റെ പങ്കാളിയായ പുവെന്റസ് ഡി ക്രിസ്‌തോ (ഒരു പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് മിഷന്‍) ഹിഡാല്‍ഗോ കൗണ്ടിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിലും തിരുമേനി പങ്കെടുത്തു. ഈ സംഗമത്തില്‍, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, മാനസികാരോഗ്യ പിന്തുണ തുടങ്ങിയ മേഖലകളില്‍ പ്രാദേശിക സമൂഹത്തിനായി മിഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് തിരുമേനി പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളിലെ ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും പുരോഗതിക്കും വേണ്ടി ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമായ ജോണ്‍ തോമസ് (ഷാജന്‍) നടത്തുന്ന പ്രയത്‌നങ്ങളെയും നിസ്വാര്‍ത്ഥ സേവനത്തെയും തിരുമേനി മുക്തകണ്ഠം പ്രശംസിച്ചു.

വര്ഷങ്ങള്ക്കു മുമ്പ് ആരംഭിച്ച മെക്‌സിക്കോ മിഷന് (മാര്‍ത്തോമാ കൊളോണിയ ) ശേഷം 2024 നവംബറില്‍ തുടക്കം കുറിച്ച സൗത്ത് വെസ്റ്റ് മിഷന്റെ ഭാഗമായാണ് സൗത്ത് വെസ്റ്റ് മിഷന്‍ സെന്ററിന്റെ ഉത്ഘാടനം നടന്നത്.

ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നും കണ്‍വീനര്‍ ജോണ്‍ ചാക്കോ (ജോസ്) യുടെ നേതൃത്വത്തില്‍ 60 പേരുള്ള ഒരു മിഷന്‍ സംഘവും റയോ ഗ്രാന്‍ഡെ വാലി (മക്കാലന്‍) ഇടവക അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു, സഭകള്‍ തമ്മിലുള്ള സഹകരണ ശുശ്രൂഷയെ ശക്തിപ്പെടുത്തികൊണ്ട് കൂടുതല്‍ പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ടു പോകുന്നതിനു സഭയുടെ എല്ലാ പിന്തുണയും തിരുമേനി അറിയിച്ചു.

ജനുവരി 12-ന് തിങ്കളാഴ്ച മാറ്റമോറോസ്‌റെയ്‌നോസ (മെക്‌സിക്കോ) കത്തോലിക്ക ഭദ്രാസനത്തിന്റെ ബിഷപ്പ് ഹിസ് ഗ്രേസ് മോണ്‍. യൂജീനിയോ ആന്‍ഡ്രസ് ലിറ റുഗാര്‍സിയ അധ്യക്ഷനായ ഒരു ചരിത്രപ്രധാനമായ ഏക്യസമ്മേളനത്തില്‍ റൈറ്റ് റവ. ഡോ. ഏബ്രാഹം മാര്‍ പൗലോസ് പങ്കെടുത്തു. ഈ സമ്മേളനത്തില്‍, ഇരുവരും ലോക സമാധാനത്തിനായി സംയുക്തമായി പ്രാര്‍ത്ഥിക്കുകയും, മാറ്റമോറോസിലെ സമൂഹങ്ങള്‍ക്കിടയില്‍ സഹകരണ മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

സന്ദര്‍ശനത്തിനിടയിലെ പാസ്റ്ററല്‍ ശുശ്രൂഷയുടെ ഭാഗമായി, കൊളോണിയ മാര്‍ത്തോമാ മിഷന്‍ സമൂഹത്തില്‍ നിന്നുള്ള നാലു കുട്ടികളുടെ മാമോദീസ തിരുമേനി നിര്‍വഹിച്ചു. ഇതുവഴി, സഭയുടെ ആത്മീയവും സാമൂഹികവുമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഈ സന്ദര്‍ശനവും മിഷന്‍ സെന്ററിന്റെ സമര്‍പ്പണവും, ക്രിസ്തുകേന്ദ്രിത സേവനം, അതിര്‍ത്തി കവിയുന്ന സഹകരണം, അവഗണിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയിലെ സമഗ്ര മിഷന്‍ പ്രവര്‍ത്തനം എന്നിവയിലേക്കുള്ള മാര്‍ത്തോമാ സഭയുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്നു.

Similar News