ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന്‍ മംദാനി ഇന്ന് അധികാരമേല്‍ക്കും; ചടങ്ങ് ഉപേക്ഷിക്കപ്പെട്ട സബ്വേ സ്റ്റേഷനില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി (34) ഇന്ന് അര്‍ദ്ധരാത്രി അധികാരമേല്‍ക്കും. നഗരസഭയ്ക്ക് (City Hall) താഴെയുള്ള, വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
1904-ല്‍ നിര്‍മ്മിച്ച് 1945-ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ 'സിറ്റി ഹാള്‍' സബ്വേ സ്റ്റേഷനാണ് വേദി. നഗരത്തിന്റെ പഴയകാല പ്രതാപത്തെയും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെയും ഇത് സൂചിപ്പിക്കുന്നുവെന്ന് മംദാനി പറഞ്ഞു.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച സിറ്റി ഹാളിന് മുന്നില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും പങ്കെടുക്കും.
മംദാനി തന്റെ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായി ലിലിയന്‍ ബോണ്‍സിഗ്‌നോറിനെ നിയമിച്ചതിനെതിരെ ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി. എന്നാല്‍ 30 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥയെയാണ് താന്‍ നിയമിച്ചതെന്ന് മംദാനി മറുപടി നല്‍കി.
സാധാരണ ടൈംസ് സ്‌ക്വയറില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുമ്പോള്‍, മംദാനി ഭൂഗര്‍ഭ സ്റ്റേഷനില്‍ ലളിതമായ ചടങ്ങിലൂടെ അധികാരം ഏറ്റെടുക്കുന്നത് ഒരു 'പുതിയ യുഗത്തിന്റെ തുടക്കം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
നിലവിലെ മേയര്‍ എറിക് ആഡംസ് ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.