ഷിക്കാഗോയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിര്‍ദ്ദേശം

Update: 2026-01-21 14:30 GMT

ഷിക്കാഗോ: ഷിക്കാഗോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനു പിന്നാലെ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ ബുധനാഴ്ച രാവിലെ 8 മണി വരെ കുക്ക് (Cook), ഡ്യുപേജ് , ലേക്ക് (Lake) തുടങ്ങിയ കൗണ്ടികളില്‍ വിന്റര്‍ വെതര്‍ അഡൈ്വസറി പുറപ്പെടുവിച്ചു.

വടക്കന്‍ സബര്‍ബുകളില്‍ 4 ഇഞ്ചിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്റര്‍‌സ്റ്റേറ്റ് 88, 290 പാതകള്‍ക്ക് വടക്ക് ഭാഗത്തായിരിക്കും കൂടുതല്‍ മഞ്ഞ് വീഴുക. തെക്കന്‍ മേഖലകളില്‍ 2 ഇഞ്ചില്‍ താഴെയാകാനാണ് സാധ്യത.

ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയുന്നതിനും റോഡുകളില്‍ വഴുക്കലുണ്ടാകാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.ബുധനാഴ്ച വൈകുന്നേരത്തോടെ ആര്‍ട്ടിക് ശീതകാറ്റ് എത്തുന്നതോടെ താപനില കുത്തനെ താഴാന്‍ തുടങ്ങും.വ്യാഴാഴ്ച താപനില 20 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴും.

വെള്ളിയാഴ്ച: ഇക്കുറി ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ചയായിരിക്കും അനുഭവപ്പെടുക. കാറ്റിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോള്‍ തണുപ്പ് മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം.തണുപ്പിനെ പ്രതിരോധിക്കാന്‍ ഷിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാമിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.

ഈ മാസാവസാനം വരെ ശരാശരിയിലും താഴെയുള്ള കുറഞ്ഞ താപനില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ലാറി മൗറി അറിയിച്ചു.

Similar News