ജെ.ഡി. വാന്‍സും കുടുംബവും താജ്മഹല്‍ സന്ദശിച്ചു

Update: 2025-04-24 09:36 GMT

വാഷിംഗ്ടണ്‍ ഡി സി/ ആഗ്ര: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും കുടുംബവും താജ്മഹല്‍ സന്ദശിച്ചു. ഭാര്യ ഉഷ വാന്‍സും മൂന്ന് മക്കളുമാണ് വാന്‍സിനൊപ്പമുണ്ടായിരുന്നത്. 'വിസ്മയിപ്പിക്കുന്നതാണ് താജ്മഹല്‍. യഥാര്‍ഥ പ്രണയത്തിന്റെ സ്മാരകമാണത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം.''-സന്ദര്‍ശനത്തിന് ശേഷം വാന്‍സ് സന്ദര്‍ശന ഡയറിയില്‍ കുറിച്ചു. ജയ്പൂരില്‍ നിന്ന് ബുധനാഴ്ചയാണ് വാന്‍സും കുടുംബവും ആഗ്ര വിമാനത്താവളത്തിലിറങ്ങിയത്. ഇവിടെ സ്വീകരിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു.

''ആദരണീയനായ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനും കുടുംബത്തിനും ഇന്ത്യയുടെ പരിശുദ്ധ ഭൂമിയായ ഉത്തര്‍പ്രദേശിലേക്ക് ഊഷ്മള സ്വാഗതം. കാലാതീതമായ ഭക്തി, ഊര്‍ജസ്വലമായ സംസ്‌കാരം, ആത്മീയ പൈതൃകം എന്നിവയാല്‍ പ്രശസ്തമാണ് നമ്മുടെ സംസ്‌കാരം''-വാന്‍സിന് സ്വാഗതം പറഞ്ഞ് ആദിത്യ നാഥ് എക്‌സില്‍ കുറിച്ചത്.വിമാനത്താവളത്തില്‍ നിന്ന് കാറിലാണ് ഇവര്‍ താജ് മഹലില്‍ എത്തിയത്.

അവരുടെ വാഹനവ്യൂഹത്തിന്റെ പാതയിലെ വഴികള്‍ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ തെരുവുകളില്‍ യു.എസ് പതാകയും ത്രിവര്‍ണ പതാകയും വീശുകയും ചെയ്തു.

നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് വാന്‍സ് ഇന്ത്യയിലെത്തിയത്. നേരത്തേ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. യു.എസ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാന്‍സിന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

Similar News