വെള്ളപ്പൊക്ക ദുരന്തം,സോഷ്യല്‍ മീഡിയയില്‍ വിവാദപരാമര്ശം ഹ്യൂസ്റ്റണിലെ ശിശുരോഗ വിദഗ്ദ്ധനെ ജോലിയില്‍ നിന്ന് പുറത്താക്കി

Update: 2025-07-08 12:23 GMT

ഹൂസ്റ്റണ്‍ :കെര്‍ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദപരമായ അഭിപ്രായം സാമൂഹിക മാധ്യമങ്ങളിലിട്ട ഹ്യൂസ്റ്റണിലെ ശിശുരോഗ വിദഗ്ദ്ധനെ ജോലിയില്‍ നിന്ന് പുറത്താക്കി. സെന്‍ട്രല്‍ ടെക്‌സസിലെ മാരകമായ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഡോക്ടര്‍ക്ക് വിനയായത്.

ബ്ലൂ ഫിഷ് പീഡിയാട്രിക്‌സില്‍ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെതിരെയാണ് നടപടി. പ്രദേശത്തിന്റെ രാഷ്ട്രീയ ചായ്വുകള്‍ ചൂണ്ടിക്കാട്ടി കെര്‍ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് കഴിഞ്ഞ വാരാന്ത്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വെള്ളപ്പൊക്കത്തില്‍ കാണാതായ പെണ്‍കുട്ടികളുള്ള ക്യാമ്പിനെ 'വെള്ളക്കാര്‍ക്ക് മാത്രമുള്ള പെണ്‍കുട്ടികളുടെ ക്യാമ്പ്' എന്നാണ് മുന്‍ ഹ്യൂസ്റ്റണ്‍ ഫുഡ് ഇന്‍സെക്യൂരിറ്റി ബോര്‍ഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്. വ്യാപകമായി പ്രചരിച്ച ഈ പോസ്റ്റില്‍ അവര്‍ ഇങ്ങനെ കുറിച്ചു:

എല്ലാ സന്ദര്‍ശകരും, കുട്ടികളും, മാഗാ ഇതര വോട്ടര്‍മാരും, വളര്‍ത്തുമൃഗങ്ങളും സുരക്ഷിതരും വരണ്ടവരുമായിരിക്കട്ടെ. കെര്‍ കൗണ്ടി മാഗാ ഫെമയെ ഇല്ലാതാക്കാന്‍ വോട്ട് ചെയ്തു. അവര്‍ കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നു. അവര്‍ വോട്ട് ചെയ്തത് അവര്‍ക്ക് ലഭിക്കട്ടെ. അവരുടെ ഹൃദയങ്ങളെ അനുഗ്രഹിക്കട്ടെ.'

27 കുട്ടികള്‍ ഉള്‍പ്പെടെ 75 പേരുടെ ജീവന്‍ അപഹരിച്ച പ്രകൃതിദുരന്തത്തിനിടയിലെ ഈ പോസ്റ്റ് സമൂഹത്തില്‍ വലിയ രോഷത്തിന് കാരണമായി. ഇവയെല്ലാം ഡോക്ടറുടെ അഭിപ്രായങ്ങളില്‍ കടുത്ത അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തുന്നതായിരുന്നു.

ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്‌സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Similar News