ട്രംപുമായി അകല്‍ച്ചയിലായിട്ടും മസ്‌ക് GOPക്ക് സംഭാവന നല്‍കിയത് 10 മില്യണ്‍ ഡോളര്‍
വാഷിംഗ്ടണ്‍ ഡി.സി.: ഡൊണാള്‍ഡ് ട്രംപുമായി പരസ്യമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിന് തൊട്ടുപിന്നാലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കോണ്‍ഗ്രസ് നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനായി ഇലോണ്‍ മസ്‌ക് 10 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി. രാഷ്ട്രീയപരമായ ചെലവുകള്‍ ഇനി ചെയ്യില്ലെന്ന് ഒരു മാസം മുന്‍പ് പ്രഖ്യാപിച്ചതിന് ശേഷമാണ് മസ്‌കിന്റെ ഈ നീക്കം.
ജൂണ്‍ 27-ന് കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് ഫണ്ടിനും സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ടിനും 5 ദശലക്ഷം ഡോളര്‍ വീതം മസ്‌ക് നല്‍കിയതായി ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ (FEC) സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അടുത്തിടെ ട്രംപുമായി അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
അതേസമയം, അടുത്ത ആഴ്ച താന്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി 290 ദശലക്ഷം ഡോളര്‍ ചെലവഴിച്ച മസ്‌ക്, ട്രംപ് ഭരണകൂടത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമതാ വിഭാഗത്തിന്റെ ചിലവ് ചുരുക്കല്‍ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ ആ സ്ഥാനം രാജിവെച്ചതിന് ശേഷം, രാഷ്ട്രീയ സംഭാവനകള്‍ തല്‍ക്കാലം നിര്‍ത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.ഈ വര്‍ഷം ഹൗസിലെയും സെനറ്റിലെയും റിപ്പബ്ലിക്കന്‍ സൂപ്പര്‍ PAC-കളിലേക്ക് മസ്‌ക് നല്‍കിയ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്.