അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെന്‍സസ് നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു
പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ - അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെന്‍സസ് നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. 2020-ലെ സെന്‍സസിലെ പിഴവുകള്‍ തിരുത്താനാണ് ഈ നീക്കം. ട്രംപിന്റെ ഈ തീരുമാനം ജനസംഖ്യാ കണക്കെടുപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
'അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ സെന്‍സസില്‍ ഉള്‍പ്പെടുത്തില്ല,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിലൂടെ, യുഎസ് കോണ്‍ഗ്രസിലെ പ്രാതിനിധ്യം കൂടുതല്‍ കൃത്യമാക്കാനും അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
2020-ലെ സെന്‍സസില്‍ നിരവധി പിഴവുകള്‍ ഉണ്ടായിരുന്നതായി സെന്‍സസ് ബ്യൂറോ തന്നെ സമ്മതിച്ചിരുന്നു. 14 സംസ്ഥാനങ്ങളില്‍ കണക്കെടുപ്പ് തെറ്റായിരുന്നെന്നും ചില സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടിയും കുറഞ്ഞും കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ബ്യൂറോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പിഴവുകള്‍ എവിടെയാണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ട്രംപിന്റെ ഈ നീക്കം പരമ്പരാഗത സെന്‍സസ് രീതികളില്‍ നിന്നുള്ള വലിയൊരു മാറ്റമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രപരമായി, സെന്‍സസില്‍ എല്ലാവരെയും അവരുടെ പൗരത്വ പദവി പരിഗണിക്കാതെ ഉള്‍പ്പെടുത്തിയിരുന്നതായും സിഎന്‍എന്‍ ചൂണ്ടിക്കാട്ടി.