ഗ്രീന്‍ കാര്‍ഡും എച്-1ബി വിസയും ഉള്‍പ്പെടെ ഇമിഗ്രെഷന്‍ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടണ്‍ ഡി സി:ഗ്രീന്‍ കാര്‍ഡും എച്-1ബി വിസയും നിര്‍ത്തുന്നത് ഉള്‍പ്പെടെ ഇമിഗ്രെഷന്‍ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞു.'എച്-1 ബി ഭീകരമാണ്,' അദ്ദേഹം ഫോക്‌സ് ന്യൂസില്‍ പറഞ്ഞു. 'അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാന്‍. ഞങ്ങള്‍ അതു മാറ്റും. ഗ്രീന്‍ കാര്‍ഡും മാറ്റും.
'അതാണ് ഗോള്‍ഡ് കാര്‍ഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി.''ഗോള്‍ഡ് കാര്‍ഡ്' പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യണ്‍ മുടക്കി കാര്‍ഡ് വാങ്ങുന്നവര്‍ക്കു യുഎസില്‍ സ്ഥിരതാമസം ലഭ്യമാവും.
ഈ പരിപാടിയില്‍ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്‌നിക് അവകാശപ്പെട്ടു. 250,000 പേര്‍ കാത്തു നില്‍ക്കുന്നുണ്ട്. അതില്‍ നിന്നു $1.25 ട്രില്യണ്‍ വരുമാനം പ്രതീക്ഷിക്കുന്നു.
വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ കൊണ്ടു വരാന്‍ യുഎസ് കമ്പനികള്‍ ഉപയോഗിക്കുന്ന എച്-1 ബി പ്രോഗ്രാമിനു ട്രംപ് ജനുവരിയില്‍ പിന്തുണ നല്‍കിയിരുന്നു. രാജ്യത്തിന് ആവശ്യമുള്ള മികച്ച ജോലിക്കാരെയും സ്‌പെഷ്യലിസ്റ്റുകളെയും കിട്ടാന്‍ ഈ പ്രോഗ്രാം ഏറ്റവും നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൊവാഴ്ച്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആ അഭിപ്രായം ട്രംപ് ആവര്‍ത്തിച്ചു. മികവുള്ളവരെ കൊണ്ടുവരുമ്പോള്‍ സമ്പദ് വ്യവസ്ഥയ്ക്കു മെച്ചം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 'അതിനു എച്-1 ബി പ്രോഗ്രാം പ്രയോജനപ്പെടും.'
ആദ്യ ഭരണകാലത്തു 2016ല്‍ ട്രംപ് പക്ഷെ എച്-1 ബിയെ അധിക്ഷേപിച്ചിരുന്നു. ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന പ്രോഗ്രാം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ ജീവനക്കാര്‍ക്കു പകരം കുറഞ്ഞ ശമ്പളത്തില്‍ വിദേശിയരെ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എച്-1 ബി വിസകള്‍ക്കു നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.