യുഎസ് വിസ വൈകുന്നു: വിദേശയാത്ര ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് ഗൂഗിളിന്റെ നിര്‍ദ്ദേശം
വാഷിംഗ്ടണ്‍ ഡി സി :അമേരിക്കന്‍ എംബസികളില്‍ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
അമേരിക്കന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ സ്റ്റാമ്പിംഗിനായുള്ള അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാന്‍ 12 മാസം വരെ (ഒരു വര്‍ഷം) കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷ്മമായി പരിശോധിക്കുന്ന (Enhanced Social Media Screening) പുതിയ നിയമം വന്നതോടെയാണ് നടപടികള്‍ വൈകുന്നത്.
H1B വിസയിലുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍ (H4), വിദ്യാര്‍ത്ഥികള്‍ (F, J, M വിസകള്‍) എന്നിവരെയാണ് ഈ പ്രതിസന്ധി പ്രധാനമായും ബാധിക്കുന്നത്.വിസ സ്റ്റാമ്പിംഗിനായി വിദേശത്തേക്ക് പോകുന്നവര്‍ അപ്പോയിന്റ്മെന്റ് ലഭിക്കാതെ മാസങ്ങളോളം അവിടെ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിളിന്റെ ഇമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
ഗൂഗിളിന് പുറമെ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.