- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊട്ടിത്തെറിച്ചും ആവേശം കൊടുത്തും സുധാകരനും ചെന്നിത്തലയും; ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് മുല്ലപ്പള്ളിയും ആന്റണിയും; പ്രതിഷേധം ചൂടാക്കാൻ കറുത്ത ബാഡ്ജ് ധരിച്ചു പാർലമെന്റിൽ എത്തിയപ്പോൾ സോണിയയും ചെവിക്ക് പിടിച്ചു; ഭക്തർക്കൊപ്പം നിന്ന് ബിജെപിയും ഭക്തർക്കെതിരെ നിന്ന് സിപിഎമ്മും വോട്ട് ബാങ്കുറപ്പിക്കുമ്പോൾ എവിടെയെന്ന് അറിയാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്; സോണിയയുടെ വിലക്കോടെ യുഡിഎഫിലും അസ്വസ്ഥത; ശബരിമല പ്രശ്നം കോൺഗ്രസിന് ബൂമാറാങ്ങാവുന്നത് ഇങ്ങനെ
ന്യൂഡൽഹി: കോൺഗ്രസ് രാഷ്ട്രയം സ്ത്രീ പുരുഷ സമത്വത്തിനൊപ്പമാണ്. എന്നാൽ കേരളത്തിൽ ശബരിമലയിൽ പ്രത്യേക നിലപാട് എടുക്കാൻ കെപിസിസിയെ അനുവദിച്ചിട്ടുമുണ്ട്. എന്ന് പറഞ്ഞ് അതിന്റെ പേരിലുള്ള സമരം ഡൽഹിയിൽ വേണ്ടെന്ന് മലയാളിയായ എംപിമാർക്ക് സോണിയാ ഗാന്ധിയുടെ താക്കീത്. പാർലമെന്റിൽ കറുത്ത ബാഡ്ജ് വേണ്ട പ്രതിഷേധം കേരളത്തിൽ മതിയെന്ന് സോണിയാ ഗാന്ധി കേരള നേതാക്കളെ അറിയിച്ചു. ശബരിമലയിൽ ഓർഡിനൻസ് വേണമെന്ന ആവശ്യത്തേയും കോൺഗ്രസ് ദേശീയ നേതൃത്വം പിന്തുണക്കില്ല. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം വീഴുകയാണ്. എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയയുടെ നിലപാടിനൊപ്പവുമാണ്.
ശബരിമലയിൽ അതിശക്തമായ നിലപാട് എടുത്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വർക്കിങ് പ്രസിഡന്റ് കെ സുധാകരനും ആവേശം നിറച്ച് രംഗത്ത് എത്തി. വിശ്വാസികൾക്കൊപ്പമായിരുന്നു ഉമ്മൻ ചാണ്ടിയും. ഇവരെല്ലാം യുവതി പ്രവേശനത്തിൽ പിണറായി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. ഇതിനിടെയാണ് വിഷയത്തിൽ സ്ത്രീ സമത്വത്തിനൊപ്പാണ് തന്റെ നിലപാടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുറന്നു പറഞ്ഞത്. അപ്പോഴും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കാൻ കേരളത്തിലെ നേതൃത്വത്തിന് രാഹുൽ ഗാന്ധി അനുമതി നൽകി. ശബരിമലയിലെ യുവതി പ്രവേശനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും ഒരു ഘട്ടത്തിലും തീവ്ര നിലപാട് എടുത്തിരുന്നില്ല. എന്നാൽ ചെന്നിത്തലയുടെ നിലപാടിനൊപ്പം നിൽക്കാൻ നിർബന്ധിതമാവുകയും ചെയ്തു. ഇതിനിടെയാണ് പ്രശ്നം ദേശീയതലത്തിലെത്തിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായാണ് ഇന്നലെ പാർലമെന്റിന് പുറത്ത് ധർണ്ണ നടത്തിയത്. ഇത് അറിഞ്ഞതോടെ ശബരിമല യുവതി പ്രവേശനത്തിന് എതിരെ ദേശീയ തലത്തിൽ പ്രതിഷേധം നടത്തുന്നതിൽ നിന്ന് കോൺഗ്രസ് എംപിമാരെ നിയന്ത്രിച്ചു സോണിയ ഗാന്ധി രംഗത്ത് വരികയായിരുന്നു. പാർലമെന്റിൽ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം നടത്തുന്നതിൽ നിന്ന് കോൺഗ്രസ് എം പി മാരെ സോണിയ ഗാന്ധി വിലക്കി. ശബരിമല യുവതി പ്രവേശന വിഷയം ലിംഗ സമത്വം ആയി ബന്ധപ്പെട്ടതായതിനാൽ ദേശീയ തലത്തിൽ പ്രത്ഷേധം വേണ്ടെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പാർലമെന്റിൽ കോൺഗ്രസ് എംപിമാർ ബാഡ്ജ് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വിലക്കിയതമെന്നാണ് സൂചന. എന്നാൽ കേരളത്തിൽ പ്രാദേശികമായി സമരം നടത്താൻ സോണിയ ഗാന്ധി കോൺഗ്രസ് എം പി മാർക്ക് അനുമതി നൽകി. ഓർഡിനൻസ് ആവശ്യത്തിനൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിൽക്കാത്തതും ഹൈക്കമാൻഡ് വിയോജിപ്പ് കാരണമെന്ന് സൂചന. ഇതോടെ ശബരിമലയിൽ നിലപാടും നിലവാരവുമില്ലെത്ത അവസ്ഥയിലാവുകയാണ് കോൺഗ്രസ്.
ശബരിമല വിഷയത്തിൽ കടന്നാക്രമണം വേണ്ടെന്നാണ് എകെ ആന്റണിയുടെ നിലപാട്. ഓർഡിനൻസ് എന്ന ആവശ്യവുമായി പ്രധാനമന്ത്രി മോദിയെ കാണാനുള്ള യുഡിഎഫ് എംപിമാരുടെ നീക്കം ആന്റണിക്കും പിടിച്ചില്ല. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം അറിഞ്ഞപ്പോൾ തന്നെ ആന്റണി എതിർപ്പറിയിച്ചിരുന്നു. ആന്റണിയുടെ നിലപാട് കൂടി മനസ്സിലാക്കിയാണ് സോണിയയുടെ താക്കീത് എത്തുന്നതെന്നാണ് സൂചന. മുല്ലപ്പള്ളിയും മോദിയെ കാണുന്നതിനെ അനുകൂലിക്കുന്നില്ല. മോദി ഓർഡിനൻസ് കൊണ്ടു വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത് തന്നെ ബിജെപിയുമായുള്ള സമരസപ്പെടലാകുമെന്ന വിലയിരുത്തലാണ് മുല്ലപ്പള്ളിക്കുള്ളത്. ബിജെപിയും കോൺഗ്രസും ഒരു വണ്ടിയിലാണ് യാത്ര ചെയ്യുന്നതെന്ന സിപിഎം ആരോപണത്തിനും ഇത് കരുത്ത് പകരും. ഇത് മനസ്സിലാക്കിയാണ് മുല്ലപ്പള്ളി നീക്കത്തെ എതിർത്തത്.
ഇതോടെ വെട്ടിലാകുന്നത്് ഭക്തർക്കൊപ്പം നിന്ന് പടനയിക്കാനെത്തിയ ചെന്നിത്തലയും സുധാകരനുമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ചർച്ചയാകുന്നതോടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ലെന്ന് വ്യക്തമാവുകയാണ്. ഇത് പ്രവർത്തകരേയും ആശയക്കുഴപ്പത്തിലാക്കും. ഓർഡിനൻസ് ആവശ്യത്തിൽ നിന്ന് പോലും പിന്മാറേണ്ടിവരും. സോണിയയെ പിന്തുണച്ച് സിപിഎമ്മും മറ്റും എത്തുകയും ചെയ്യും. ഇതോടെ ശബരിമലയിൽ നിലപാട് ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറും. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ചെന്നിത്തലയും കൂട്ടരും ശബരിമലയിൽ നിലപാട് എടുത്തത്. നവോത്ഥാന നിലപാടുമായി ശബരിമലയിൽ കയറണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നവരുടെ വോട്ട് സിപിഎം ഉറപ്പിച്ചു കഴിഞ്ഞു. വിശ്വാസികളെ ലക്ഷ്യമിട്ട് ബിജെപിയും. എൻ എസ് എസ് പോലും ബിജെപിയ്ക്കൊപ്പമാണ് നീങ്ങുന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അതുകൊണ്ട് തന്നെ കേരളത്തിൽ ചെന്നിത്തലയ്ക്കും കൂട്ടർക്കും വലിയ തിരിച്ചടിയാകും. എൻ എസ് എസ് പോലും കോൺഗ്രസിനെ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അങ്ങനെ വന്നാൽ അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് കേരളത്തിൽ കാരണമാകുമെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാനാകും ചെന്നിത്തലും മറ്റും ശ്രമിക്കുക. ഈ തന്ത്രമുപയോഗിച്ച് ഹൈക്കമാണ്ടിന്റെ എതിർപ്പുകളെ മറികടക്കാനും കഴിയും. എന്നാൽ ലിംഗ സമത്വത്തിൽ വിട്ടു വീഴ്ചയ്ക്ക് രാഹുലും സോണിയയും ഒരുപോലെ തയ്യാറല്ലാത്തതു കൊണ്ട് തന്നെ ഈ നീക്കം പൂർണ്ണ ഫലപ്രാപ്തിയിലെത്താനും സാധ്യതയില്ല. ശബരിമലയെ ബിജെപി അനുകൂലിക്കുന്നതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കാൻ രാഹുലും തയ്യാറാകില്ല.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ആചരിച്ച കരിദിനം പാർലമെന്റിന് അകത്തും ആചരിക്കാനുള്ള എംപിമാരുടെ തീരുമാനമാണ് സോണിയ തടഞ്ഞത്. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് എംപിമാർ ലോകസഭാ ചേംബറിൽ കറുത്ത ബാൻഡ് വിതരണം ചെയ്യാൻ തുടങ്ങിയത്. ഇത് കണ്ട സോണിയ കാര്യമെന്തെന്ന് അന്വേഷിക്കുകയായിരുന്നു. ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടാണ് കരിദിനാചരണം എന്ന് എംപിമാർ അറിയിച്ചതോടെ അത് നടത്തരുതെന്ന് സോണിയ അറിയിക്കുകയായിരുന്നു. കോൺഗ്രസ്സ് സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയണെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ എംപിമാരെ തടഞ്ഞെതെന്നാണ് സൂചന
നിലവിൽ കോൺഗ്രസിന് കേരളത്തിൽ നിന്നും ഏഴ് എംപിമാരാണുള്ളത്. ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന ആചാരം സുപ്രീംകോടതി നീക്കം ചെയ്തപ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, കേരളത്തിൽ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കാനാണ് പാർട്ടി തീരുമാനിച്ചത്. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.ജനുവരി രണ്ടിന് രണ്ട് യുവതികൾ ക്ഷേത്രപ്രവേശനം നടത്തിയതിനെതിരെ നിൽക്കുന്ന നിലപാടാണ് കോൺഗ്രസ്സ് പ്രഖ്യാപിച്ചത്. ഇന്നലെ കരിദിനം പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചന നടത്തിയാണ് സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റിയതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുകയും ചെയ്തിരുന്നു.