ജയ്പൂർ: ഇന്ത്യ- ന്യൂസിലാന്റ് ഒന്നാം ടി 20 യാണ് വേദി.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് മികച്ച സ്‌കോറിലേക്ക്.പതിമൂന്നാം ഓവർ എറിയാനെത്തിയ അശ്വിന്റെ അഞ്ചാം പന്ത് ന്യൂസിലാന്റ് ബാറ്റ്‌സ്മാൻ ഗ്ലെൻഫിലിപ്പിന്റെ പാഡിൽ തട്ടുന്നു. നേരെ അമ്പയറെ നോക്കി അപ്പീൽ ചെയ്യുന്ന അശ്വിൻ അനുകൂലമായി സംശയലേശമന്യേ അമ്പയർ ഔട്ട് വിധിച്ചു.എന്നാൽ വിക്കറ്റിൽ സംശയം തോന്നിയ ബാറ്റ്‌സ്മാൻ റിവ്യു നൽകി.

വിവിധ പരിശോധനകൾക്ക് ശേഷം തേർഡ് അമ്പയറിന്റെ മൈക്കിൽ നിന്ന് ഇങ്ങനെ മുഴങ്ങി... അനന്ത... അനന്ത.. യു സ്റ്റേ വിത്ത് യുവർ കോൾ.. ബാറ്റ്‌സ്മാൻ നേരെ പുറത്തേക്ക് നടന്നു. അമ്പയറിങ്ങിലെ കൃത്യയുടെ പര്യായമായി വീണ്ടും മലയാളികളുടെ സ്വന്തം അനന്തപത്മനാഭൻ മാറുന്ന കാഴ്‌ച്ചയാക്കാണ് ഇന്നലത്തെ മത്സരം സാക്ഷിയായത്.ഐപിഎല്ലിലും രഞ്ജിയുലുമൊക്കെ തന്റെ അമ്പയറിങ്ങ് പാടവും കൊണ്ട് വിസ്മയിപ്പിച്ച അനന്തപത്മനാഭന്റെ മികവ് അന്താരാഷ്ട്ര മത്സര വേദിയിലേക്കും വളരുകയാണ്.

സാധാരണ ഗ്രൗണ്ട് അമ്പയർ എന്ന പദം മാത്രം ഉപയോഗിക്കുന്ന തേർഡ് അമ്പയർ കഴിഞ്ഞ മത്സരത്തിൽ അനന്ത എന്നു രണ്ട് തവണ പേരെടുത്ത് വിളിച്ചതും അപൂർവ്വതയായി.ഒരു അമ്പയർക്ക് ഔട്ട് വിധിക്കാൻ സംശയം ജനിക്കുന്ന വിവിധ അവസരങ്ങളിൽ തന്റെ സസൂക്ഷ നിരീക്ഷണം കൊണ്ട് കൃത്യമായി വിധിയെഴുതി ഐപിഎൽ മത്സരങ്ങളിൽ അനന്തപത്മനാഭൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.ഇ മികവിന്റെ പ്രതിഫലനമെന്നോണമാണ് അന്തരാഷ്ട്ര മത്സരങ്ങളും നിയന്ത്രിക്കാൻ അനന്തപത്മനാഭന് അവസരം ലഭിച്ചത്.ടി20 പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് മത്സരത്തിലും തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ മുൻ സ്പിന്നർ കൂടിയായ താരം.

കേരളാ ക്രിക്കറ്റിലെ ഇതിഹാസമാണ് അനന്തപത്മനാഭൻ. നൂറിലേറെ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മലയാളി. അനന്തന്റെ ലെഗ് സ്പിന്നിന് മുന്നിൽ ഇൻസാം ഉൾ ഹഖ് ,സെയ്ദ് അൻവർ തുടങ്ങിയ ഇതിഹാസങ്ങൾ വരെ പതറിപോയിട്ടുണ്ട്. അനിൽകുംബ്ലെയെന്ന ഇതിഹാസ താരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രം ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാതെ പോയ മലയാളിയാണ് അനന്തപത്മനാഭൻ.പക്ഷെ അനന്തന്റെ വാക്കിൽ ആരുടെയും നിഴലായത് അല്ല തന്നെ പിൻവലിച്ചത്.മറിച്ച് തന്റെ നിർഭാഗ്യങ്ങൾ മാത്രമാണ്.

തനിക്ക് കളിക്കുന്ന സമയത്തും ഫീൽഡിൽ വരണം. ഇന്റർനാഷണൽ ലെവലിൽ ഗ്രോത്ത് ഉണ്ടാകണം. കേരളത്തിൽ മാത്രം നിൽക്കരുത് എന്ന ആഗ്രഹം ഉണ്ടായിരുന്നു. കോച്ചായിരുന്നുവെങ്കിൽ കേരളത്തിൽ മാത്രമേ പരിശീലകനാകാൻ കഴിയുമായിരുന്നുള്ളൂ. മാച്ച് റഫറിയായാലും പ്രാദേശിക മത്സരങ്ങളിൽ മാത്രമേ നിയന്ത്രിക്കാൻ കഴിയുമായിരുന്നുള്ളൂ. മുകളിലേക്ക് പോകാനുള്ള സാധ്യത കുറവാണ്.

അമ്പയറായപ്പോൾ തനിക്ക് തോന്നി ഞാൻ കുറേ മാച്ച് കളിച്ചിട്ടുണ്ട്. ക്യാപ്ടനായിരുന്നു.റൂളുകളും നിയമങ്ങളും എല്ലാം അറിയാം. ഫിറ്റ്നസും നോക്കണം. ഇതെല്ലാം നന്നായി വരുമെന്ന് മനസ്സിലാക്കി. ഇതിനൊപ്പം ഏറ്റവും അടുത്ത് നിന്ന് കാണാം. എനിക്ക് ഗ്രോത്തുണ്ടാകും. ഇതിനൊപ്പം ഇഷ്ടപ്പെട്ട കാര്യം അടുത്തു നിന്ന് കാണാം. കോച്ചായാൽ ടീം മോശമായാൽ അടുത്ത തവണ പരിശീലക സ്ഥാനം പോകും. പരിശീലകൻ എന്ന നിലയിൽ കളിക്കാർക്ക് പറഞ്ഞു കൊടുത്താലും അത് എക്സിക്യൂട്ട് ചെയ്യേണ്ടത് അവരാണ്. നമ്മുടെ കൈയിൽ ഒന്നുമില്ല. ഈ ഒരു ചിന്തയാണ് അമ്പയറിങ്ങിലേക്ക് അനന്തനെ എത്തിച്ചത്.

അമ്പയറിംഗിലെ മികവിൽ ടെസ്റ്റ് മൈതാനത്ത് എത്താനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ; അമ്പയറിങ് അനുഭവത്തെ കുറിച്ചും കളിയിൽ നിന്ന് വിരമിച്ച ശേഷം അമ്പയർ ആയതിന് പിന്നിലെ പ്രതീക്ഷയും മറുനാടനോട് പങ്കുവെച്ചപ്പോൾ അനന്തപത്മനാഭന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.