- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യഭാഗം ചെത്തിക്കളഞ്ഞതു പോലെയാണ് ഉള്ളത്; ഒരു ദിവസം പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ; ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പേരിൽ വെട്ടിക്കീറിയെന്ന് അനന്യ അന്ന് പറഞ്ഞു; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും; പരാതി നൽകി ട്രാൻസ് ജെൻഡർ കൂട്ടായ്മ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡർ അനന്യ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് റിനൈ മെഡിസിറ്റിയിലെ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവാണെന്നാണ് ട്രാൻസ് ജെൻഡർ കൂട്ടായ്മ ആരോപിക്കുന്നത്. സർജറിയെ തുടർന്ന് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ അവർ നേരിട്ടിരുന്നു. ഇക്കാര്യം അവർ തുറന്നു പറയുകയും ഉണ്ടായിരുന്നു.
വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാൽ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയിൽ ഒരു തുരങ്കുമുണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്.
''എനിക്ക് ഒരു ദിവസം എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് വാങ്ങിക്കാൻ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോൾഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളതുകൊണ്ടാണ്. സഹിക്കാൻ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോൾ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോൾ ഇരിക്കുന്നത്'- അനന്യ പറഞ്ഞു.
അതേസമയം കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ് ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അർജുൻ അശോകിന്റെ പിഴവാണെന്ന് ട്രാൻസ്ജെൻഡർ സമൂഹം ആരോപിക്കുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവർത്തിച്ചു പറഞ്ഞിരുന്നു.
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയ ഫ്ലാറ്റിൽ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടർ അർജുൻ അശോകിൽ നിന്നും വിശദമായ മൊഴിയെടുക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തിൽ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും ഈ വിഷയത്തിൽ പൊലീസിന്റെ തുടർ നടപടികൾ. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കൽ കോളേജിൽ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.
പാലാരിവട്ടത്തെ റെനെ മെഡിസിറ്റി ആശുപത്രിക്കും ഇവിടത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർ അർജുൻ അശോകിനെതിരെയുമാണ് ആരോപണമുയർന്നിരിക്കുന്നത്. ഇതേപറ്റി ഇതുവരെ റെനെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. 2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരിൽ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടർ അർജുൻ അശോകും സംഘവും ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വർഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.
ഇത്രയേറെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടർമാരും തന്റെ പ്രശ്നങ്ങൾ മുഖവിലയ്ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തിയിരുന്നു. . ശസ്ത്രക്രിയ നടത്തിയ ഡോ. അർജുൻ അശോകിന്റെ ഭാര്യയും റെനയ് ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്.
അടുത്തിടെ ട്രാൻസ് ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസിൽ ഒരു ചർച്ച നടന്നിരുന്നു. ചർച്ചയിൽ താൻ സംസാരിക്കാൻ ശ്രമിക്കവെ ചർച്ചയിൽ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാർ ഇത് തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി. ആരോഗ്യ നില വീണ്ടെടുക്കാൻ മറ്റൊരു ആശുപത്രിയിൽ പോയി ചികിത്സ നേടാൻ ശ്രമിച്ചെങ്കിലും ഇതിനും റെനയ് ആശുപത്രി ഡോക്ടർമാർ സഹകരിച്ചില്ല. തന്നെ ചികിത്സിച്ചതിന്റെയും നടത്തിയ ശസ്ത്രക്രിയകളുടെയും വിശദ മെഡിക്കൽ വിവരങ്ങൾ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. ഒമ്പത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും ഈ ട്രാൻസ് യുവതി അന്ന് ചൂണ്ടിക്കാട്ടി.
320 ഓളം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തയാളാണ് എന്നാണ് ഡോക്ടർ അർജുൻ അശോക് അവകാശപ്പെടുന്നത്. എന്നാൽ ഇതു പോലെ നിരവധി പേർ ഇതേ ആശുപത്രിയിൽ വെച്ച് തെറ്റായ ശാസ്ത്രക്രിയക്ക് ഇരയായിട്ടുണ്ടെന്നാണ് ആരോപണം. ഇതേ ഡോക്ടറുടെ പിഴവ് മൂലം ഒരു ട്രാൻസ് ജെൻഡറിന് മൂന്ന് തവണ സർജറി ചെയ്തിട്ടും ശരിയാവാതെ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അന്ന് അഭിമുഖത്തിൽ അനന്യ വ്യക്തമാക്കിയിരുന്നു. കൊല്ലം ജില്ലയാണ് അനന്യയുടെ സ്വദേശം. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയായിരുന്നു. നിരവധി പരിപാടികളിൽ അവതാരകയായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ