- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേർച്ച ആന എഴുന്നള്ളിപ്പിൽ' ആറാം പേരുകാരനായി എം കെ സ്റ്റാലിൻ! ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തിൽ അഭീഷ്ടകാര്യ സിദ്ധിക്കായുള്ള എഴുന്നെള്ളിപ്പിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികൾ എത്തിയപ്പോൾ ക്ഷേത്രഭാരവാഹികൾക്ക് അത്ഭുതം; എഴുന്നള്ളിപ്പ് ദിവസം തമിഴ്നാട് ആരോഗ്യമന്ത്രിയെത്തും
കൊല്ലം: ചരിത്ര പ്രസിദ്ധമായ ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തിൽ അഭീഷ്ടകാര്യ സിദ്ദിഖായി നടത്തുന്ന 'നേർച്ച ആന എഴുന്നള്ളിപ്പിൽ' ആനയെ നേർച്ചയായി എഴുന്നള്ളിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ജനുവരി 31 ന് നടക്കുന്ന നേർച്ച ആന എഴുന്നള്ളിപ്പിൽ ആനയെ എഴുന്നള്ളിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്റ്റാൻലിന്റെ പ്രതിനിധികളെത്തിയാണ് വിവരം ക്ഷേത്ര കമ്മറ്റിയെ അറിയിച്ചത്. എഴുന്നള്ളിപ്പിന്റെ തുകയായ 9,000 രൂപയും ഇവർ അടച്ചു രസീത് കൈപ്പറ്റി. എഴുന്നള്ളിപ്പ് ദിവസം സ്റ്റാലിൻ എത്തില്ലെങ്കിലും തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി എത്തുമെന്നും അവർ അറിയിച്ചു.
ഒരുമാസം മുൻപാണ് തമിഴ്നാട്ടിൽ നിന്നും മുഖ്യമന്ത്രി എം.കെ സ്റ്റാൻലിന്റെ പ്രതിനിധികൾ ശൂരനാട് എത്തി ക്ഷേത്ര ഭാരവാഹികളെ കണ്ട് ആനയെ എഴുന്നള്ളിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അന്ന് തന്നെ അവർ ബുക്ക് ചെയ്യുകയും പണം പിന്നീട് അടക്കാമെന്നും പറഞ്ഞ് മടങ്ങി. എന്നാൽ ക്ഷേത്ര ഭാരവാഹികൾ ആദ്യം ഇത് വിശ്വസിച്ചില്ല. തമിഴ് നാട് മുഖ്യമന്ത്രി ഇവിടെ എത്തി ആനയെ എഴുന്നള്ളിക്കുവാൻ സാധ്യതയില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം.
എന്നാൽ കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തവർ പണം അയച്ചതോടെയാണ് വിശ്വാസമായത്. ഇതോടെ ഉത്സവ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പേരും ചേർത്തു. നോട്ടീസിൽ ആനയെ നേർച്ചയായി എഴുന്നള്ളിക്കുന്നവരിൽ ആറാമത്തെ പേരുകാരനാണ് എം.കെ സ്റ്റാലിൻ. നോട്ടീസ് കയ്യിൽ കിട്ടിയ നാട്ടുകാരും ഏറെ ആവശത്തിലും അത്ഭുതത്തിലുമാണ്. അഞ്ഞൂറോളം പേർ ഇതിനോടകം തന്നെ എഴുന്നള്ളിപ്പിന് ബുക്ക് ചെയ്തിട്ടുണ്ട്.
കോവിഡ ്കാലമായതിനാൽ പ്രശസ്തമായ ആനയടി ഗജമേള ഇത്തവണയും ഇല്ല. പകരം ആന എഴുന്നള്ളിപ്പ് മാത്രമാണുണ്ടാകുക. ജനുവരി 31 ന് വൈകിട്ട് 4.30 മണിയോടെയാണ് എഴുന്നള്ളിപ്പ്. 10 ആനകളെ മാത്രമാണ് നേർച്ചയായി എഴുന്നള്ളിക്കുക. അഭീഷ്ട കാര്യ സിദ്ദിഖും രോഗശാന്തിക്കുമായാണ് വിശ്വാസികൾ ആനയെ നേർച്ചയായി എഴുന്നള്ളിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാവും ഉത്സവ പരിപാടികളെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതിനാൽ സമിതിക്കാർ എഴുന്നള്ളിക്കുന്ന ആനകളെ ഇത്തവണ അനുവദിക്കുന്നതല്ല. ആൾക്കൂട്ടം ഒഴിവാക്കാൻ വേണ്ടിയാണിത്. അന്നേ ദിവസം 'നരസിംഹ പ്രിയൻ അപ്പു' എന്ന ആനയാണ് ക്ഷേത്രത്തിന്റെ തിടമ്പ് ഏറ്റുന്നത്.
ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിലാണ് അതിപുരാതനമായ പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ആരാധനാമൂർത്തി നരസിംഹസ്വാമിയാണ്. ആനയടി തേവർ എന്ന പേരിലും അറിയപ്പെടുന്നു. ആനയെഴുന്നെള്ളത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാൽപ്പാടുകൾ പതിഞ്ഞ പ്രദേശമായതുകൊണ്ട് ആനയടി എന്ന് പേരുണ്ടായതെന്ന് പുരാവൃത്തം. ആനയടി ഒരുകാലത്ത് പേപ്പട്ടി വിഷ ചികിത്സയിലൂടെയും അറിയപ്പെട്ടിരുന്നു.
ക്ഷേത്രത്തിന് മുന്നിൽ ആൽമരം. നേരെ എതിർവശത്ത് കല്യാണ സദ്യാലയം, മനോഹരമായ കിഴക്കേ ഗോപുരം, ഗോപുരമുകളിൽ മഹാവിഷ്ണുവിന്റെയും കാളിയമർദ്ദനം തുടങ്ങിയ പുരാത സംബന്ധിയായ വിഗ്രഹങ്ങളും കാണാം. മുൻവശത്തെ വാതിൽ കണ്ടാൽ പടിപ്പുരവാതിൽപോലെ. അകത്ത് വലിയ ധ്വജം. മുഖമണ്ഡപവും ബലിക്കൽപ്പുരയുമുണ്ട്. ശ്രീകോവിലിൽ നരസിംഹമൂർത്തി - ചതുർബാഹുക്കളോട് കൂടിയ വിഷ്ണുരൂപം. കിഴക്കോട്ട് ദർശനം. പ്രധാന കോവിലിന്റെ വലതുവശത്ത് ശിവനും ഭുവനേശ്വരിദേവിയും വടക്കുകിഴക്കായി നാഗദൈവങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഗോപുരത്തിന് മുന്നിൽ കൂവളത്തറയിൽ മാടന്റെ സ്ഥാനവുമുണ്ട്. രണ്ടുനേരം പൂജ, വിഷ്ണുപൂജയാണ്. അർച്ചനയും സ്വയംവരാർച്ചനയും തുടങ്ങി ഒട്ടേറെ വഴിപാടുകൾ. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നെള്ളിക്കുക എന്ന പ്രധാന വഴിപാടാണ്. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിച്ചുവരുന്നു. വൃശ്ചികം ഒന്നാം തീയതി നടക്കുന്ന മാടൻ പൂജയുണ്ട്. വിജയദശമിയും കർക്കിടകമാസം - രാമായണമാസമായും ആചരിച്ചുവരുന്നു.
വിഷ്ണുഭക്തരായ നെയ്തൻശേരി ഭട്ടതിരിമാർ ക്ഷേത്രത്തിനടുത്ത് താമസിക്കുകയും മഠത്തിന്റെ ഒരുഭാഗത്തുവച്ച് വിഷ്ണുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ആരാധനയുടെ ഫലമായി ഉപാസനാ വിഗ്രഹമായ ചതുർബാഹു വിഷ്ണു നരസിംഹമൂർത്തിയുടെ ഉഗ്രശക്തിയാർജ്ജിച്ചതായി കാണുകയാൽ പ്രശ്നവിധിപ്രകാരം മഠത്തിലെ പറമ്പിന്റെ പടിഞ്ഞാറുള്ള ഉയർന്നഭാഗത്ത് ക്ഷേത്രം പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു.
പിന്നീട് നരസിംഹമൂർത്തിയുടെ ഉഗ്രതേജസ് ശാന്തമാക്കാൻ കിഴക്കേക്കരയിലുള്ള ഉയർന്ന പ്രദേശത്ത് ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം പഴയിടമായും ഒടുവിൽ പണികഴിപ്പിച്ചത് പുതിയിടമായും അറിയപ്പെടാൻ തുടങ്ങി. അതോടെ ഭക്തർക്ക് വിഷ്ണുഭഗവാന്റെ ഉഗ്ര-സൗമ്യഭാവങ്ങൾ ദർശിക്കാനും ഇടയായി. മകരമാസത്തിലെ തിരുവോണനാളിൽ ആറാട്ടുവരത്തക്കവിധം പത്തുദിവസാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പറ എഴുന്നെള്ളിപ്പ് വിശേഷമാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.