- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയവളെ കൊലപ്പെടുത്തിയ ശേഷം അലേഖ്യ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് തന്നെ കൊലപ്പെടുത്താൻ; പുനർജന്മത്തിൽ അടിയുറച്ച് വിശ്വസിച്ച 27കാരി ഓഷോയുടെ ആരാധികയും; അന്ധവിശ്വാസത്തിന് തെളിവായി യുവതിയുടെ പോസ്റ്റുകളും
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാതാപിതാക്കൾ പെൺമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ വില്ലനായത് പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും അന്ധവിശ്വാസം തന്നെയെന്ന് പൊലീസ്. കൊല്ലപ്പെട്ട പെൺകുട്ടികളിൽ മൂത്തയാളായ അലേഖ്യ മോക്ഷത്തിലും പുനർജന്മത്തിലും ഉറച്ചു വിശ്വസിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് അലേഖ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളാണ് പൊലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഓഷോയുടെ ആരാധികയായിരുന്നു അലേഖ്യ. ജീവിതത്തിൽ സന്യാസിനിയുടെ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്നും ഇവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. അലേഖ്യയുടെ പോസ്റ്റുകളിലെ വിവരങ്ങൾ പൂർണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനുവരി 24ന് രണ്ടു പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി എന്നതാണ് കേസ്. പുനർജന്മ വിശ്വാസത്തിന്റെ പേരിലാണ് പിജി വിദ്യാർത്ഥിയായ അലേഖ്യ (27) സംഗീത വിദ്യാർത്ഥിയായ സായി ദിവ്യ (22) എന്നിവർ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പുരുഷോത്തം നായിഡു, പത്മജ എന്നിവരെ അറസ്റ്റ് ചെയ്തു. മൂത്ത മകൾ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പത്മജ നൽകിയ മൊഴി. തുടർന്ന് സായിയുടെ ആത്മാവിനോടു ചേർന്ന് അവളെ തിരികെ കൊണ്ടുവരാൻ തന്നെ കൊലപ്പെടുത്താൻ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോൾ പുനർജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു.
കേസിന്റെ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. അലേഖ്യ പങ്കുവെച്ച ചില സമൂഹമാധ്യമ പോസ്റ്റുകൾ ഓഷോയുമായി ബന്ധപ്പെടുന്നതാണ്. പെൺകുട്ടി മോക്ഷത്തിലും മറ്റും വിശ്വസിച്ചിരുന്നതായും പോസ്റ്റുകളുടെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുന്നു. ആത്മീയമായ സമാധി എന്ന അവസ്ഥയിലേക്ക് നീങ്ങാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടി മോക്ഷത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സഹോദരി സായ് ദിവ്യയുടെയും അലേഖ്യയുടെയും മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അലേഖ്യയുടെ രണ്ട് സമൂഹമാധ്യമ പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ശിവ തിരിച്ചുവരുമെന്നും കർമ്മം പൂർത്തിയായതുമായുള്ള പോസ്റ്റുകളാണ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് തൊട്ടുമുൻപാണ് ഇത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
കോവിഡ് ലോക്ക്ഡൗൺ അലേഖ്യയുടെ മാനസിക നിലയെ സാരമായി ബാധിച്ചതായി ചില പോസ്റ്റുകൾ വ്യക്തമാക്കുന്നു. ബുക്ക് വായിച്ചാണ് ഇത് മറികടന്നത്. തുടർന്ന് ഓഷോയിലേക്ക് ആകർഷിക്കപ്പെട്ടതാണ് പിന്നീടുള്ള പോസ്റ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ ജനുവരി 15ലെ പോസ്റ്റ് ഇതിൽ നിന്ന് വ്യത്യസ്തമാണ്.പെൺകുട്ടിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ടുള്ള വാദങ്ങൾ ഒരു പരിധി വരെ തള്ളുന്നതാണ് ഈ പോസ്റ്റ്. സന്യാസിമാർ മുടി കെട്ടിവെയ്ക്കുന്നതിന്റെ വസ്തുത തിരിച്ചറിഞ്ഞു എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇത് ഊർജ്ജം പകരുന്ന ഒന്നാണ്. ശിവന്റെ മാതൃകയിൽ മുടി കെട്ടിവെച്ച് കൊണ്ടുള്ള ചിത്രം സഹിതമാണ് പോസ്റ്റ്. വളർത്തുനായയെ കൊന്ന ശേഷം തന്റെ അതിമാനുഷിക ശക്തി ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് അലേഖ്യ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാൽ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സർവ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസമെന്നും കരുതുന്നു. ഒരു മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ദമ്പതിമാർ കൊടുംക്രൂരത ചെയ്തതെന്നും റിപ്പോർട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് വീട്ടിലെത്തുമ്പോൾ വാതിലിൽ തടഞ്ഞ പത്മജ, തിങ്കളാഴ്ച വരെ പുനർജനിക്കാൻ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തിൽ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെൺകുട്ടികളുടെ മൃതദേഹം. 'ഇന്നൊരു ദിവസം അവർ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കിൽ കൊണ്ടുപൊയ്ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളിൽ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?'- എന്നാണു പത്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്കരിക്കാൻ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്.
പുരുഷോത്തം ഒരു സുഹൃത്തിനോടു ഫോണിൽ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയിച്ചുവെന്നും അദ്ദേഹമാണ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചതെന്നുമാണു പൊലീസ് പറഞ്ഞത്. മക്കളുടെ അന്ത്യകർമം ചെയ്യാൻ പൊലീസ് പുരുഷോത്തം നായിഡുവിന് അനുമതി നൽകിയിരുന്നു. പൂജയെ കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പെൺകുട്ടികളിൽ ഒരാൾ പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത നിറഞ്ഞതാണ്. സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.
വീട്ടിലെ പൂജയും മന്ത്രവാദത്തെ കുറിച്ചും ഇവർക്കും അറിയാമായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പുനർജനിക്കാനായി പെൺകുട്ടികളെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ