- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിലെ റായല ചെരുവ് ബണ്ടിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു; വിള്ളൽ വീണു ചോർച്ച തുടങ്ങിയത് വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ട്; ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയും; ബണ്ടിന്റെ തകരാർ പരിഹരിക്കാനും ശ്രമം
തിരുപ്പതി: മുല്ലപ്പെരിയാർ ചർച്ചയുടെ കാലത്ത് ആന്ധ്രയിലെ പഴക്കമേറിയ ബണ്ടിൽ വിള്ള്ൾ വീണു ചോർച്ച. ആന്ധ്രപ്രദേശിലെ ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയിലണ് വിള്ളലുണ്ടായത്. ഇതേ തുടർന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണിത്.
തിരുപ്പതിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്. തിരുപ്പതി ക്ഷേത്രത്തിലേക്ക് അടക്കം വെള്ളം എത്തിക്കുന്നത് ഈ ബണ്ടിൽ നിന്നാണ്. ഞായറാഴ്ച പുലർച്ചയോടെയാണ് ബണ്ടിൽ ചോർച്ച തുടങ്ങിയത്. ഉടൻ തന്നെ അധികൃതർ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റാൻ ഉത്തരവിടുകയും ചെയ്തു.
ബണ്ടിൽ നിലവിൽ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ ജലസംഭരണിയിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്. സമീപകാലത്തായി ആദ്യമായിട്ടാണ് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.
ആർസി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജ്, തിരുപ്പതിക്ക് സമീപമുള്ള സ്കൂളുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഒഴിപ്പിച്ച ഗ്രാമവാസികളെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ഇതിനിടെ ജലസേചന വകുപ്പ് അധികൃതർ ജലസംഭരണിയുടെ തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബണ്ടിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്ന ഡ്രോൺ ക്യാമറയക്കം ഉപയോഗിക്കുന്നുണ്ട്.
അതേസമയം തകരാർ പരിഹരിച്ചാലും ബണ്ട് ഇനി ഉപയോഗിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജലസംഭരണി അപകടാവസ്ഥയിലാണ് എന്നാണ് ജില്ലാ കളക്ടർ പറയുന്നത്.അതേസമയം, ആന്ധ്രയുടെ കിഴക്കൻ ജില്ലകളിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാൽപ്പതായി ഉയർന്നിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്