തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും സിനിമ നിരൂപകനും അദ്ധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവൻ.  പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ജേർണലിസം അദ്ധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വേറിട്ടുനിൽക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു എ സഹദേവന്റെ മരണം.

നീണ്ട 33 വർഷം മാധ്യമ മേഖലയിൽ പ്രവർത്തിച്ച എ സഹദേവൻ ഇന്ത്യ വിഷൻ ടിവി ചാനലിലെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം.

2016ൽ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ ഗസ്റ്റ് ലക്ച്ചറായും ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയുടെ ചലച്ചിത്ര പ്രസിദ്ധീകരണമായ ചിത്രഭൂമിയിൽ അദ്ദേഹം എഴുതാറുണ്ടായിരുന്നു. സൗത്ത് ലൈവ് ന്യൂസ് പോർട്ടലിൽ കൺസൾട്ടിങ് എഡിറ്ററായിരുന്നു. സഫാരി ടിവിയിൽ രണ്ടാം ലോക മഹായുദ്ധം എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു ആന്തൂർ സഹദേവൻ.