- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആങ്ങമൂഴിയിൽ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവർ കടന്നത് കടം വാങ്ങിയ 500 രൂപയുമായി: കമ്മലൂരി വിറ്റത് ചേർത്തലയിൽ എത്തി: ഏറ്റുമാനൂരും കടന്ന് റൂമെടുത്തത് കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിന് സമീപം: രണ്ടു സ്ത്രീകൾ നൽകിയ വിവരം നിർണായകമായി; പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കിഡ്നാപ്പ് കേസിൽ ഷിബിൻ കുടുങ്ങുമ്പോൾ
പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവർ നാടുവിട്ടത് കടം വാങ്ങിയ 500 രൂപയുമായി. ആലപ്പുഴ, ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പ്രതിക്ക് അഴിയെണ്ണേണ്ടി വരും.
ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി കെ.ആർ. ഷിബിനൊപ്പ(33)മാണ് ആങ്ങമൂഴി സ്വദേശിയായ പതിനഞ്ചുകാരി നാടുവിട്ടത്. ഇന്നലെ പുലർച്ചെ നാലരയോടെ മാതാവിനെ സമ്മർദത്തിലാക്കിയാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് ഷിബിൻ ഓടിക്കുന്ന ആവേ മരിയ ബസിൽ കയറി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ഇതിനിടെ പെൺകുട്ടി അവസാനം വിളിച്ച നമ്പർ എന്ന നിലയിൽ മാതാവ് വിളിച്ചപ്പോൾ എടുത്തത് ഷിബിനാണ്.
കുട്ടി തനിക്കൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഒന്ന് ഉപദേശിച്ച് രാവിലെ തന്നെ തിരികെ എത്തിക്കാമെന്നും പറഞ്ഞു. നാലോളം തവണ മാതാവ് ഷിബിനെ വിളിച്ചിരുന്നു. ഇതു കാരണം മൂഴിയാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനും വൈകി. ഇതിനോടകം പത്തനംതിട്ടയിലെത്തിയ ഷിബിൻ പെൺകുട്ടിയുമായി ആദ്യം പോയത് ആലപ്പുഴയ്ക്കായിരുന്നു. ഇയാളുടെ കൈവശം ചില്ലിക്കാശില്ലായിരുന്നു. ഒരു സുഹൃത്തിൽ നിന്നും വാങ്ങിയ 500 രൂപയുമായിട്ടാണ് പോയത്.
പോകുന്ന വഴി സിംകാർഡ് നശിപ്പിച്ചു കളഞ്ഞു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലെത്തിയപ്പോൾ കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മൽ അവിടെ ഒരു ജുവലറിയിൽ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിയത്. ഇതിന് തൊട്ടടുത്ത ലോഡ്ജിൽ ഇരുവരും റൂമെടുത്തു.
ഇതിനോടകം ഇരുവർക്കുമായുള്ള ലുക്കൗട്ട് നോട്ടീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കുട്ടിയെയും ഷിബിനെയും കണ്ട് സംശയം തോന്നിയ രണ്ടു വനിതകളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതിനോടകം മൂഴിയാർ ഇൻസ്പെക്ടർ കെഎസ് ഗോപകുമാർ, എസ്ഐ കിരൺ എന്നിവരുടെ നേതൃത്വത്തിൽ ഷിബിനും കുട്ടിയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ഇവിടങ്ങളിലെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം പൊലീസ് അരിച്ചു പെറുക്കി പരിശോധിച്ചു. ഇതിനിടെയാണ് കോട്ടയത്തുണ്ടെന്ന വിവരം കിട്ടുന്നത്.
വൈകിട്ട് അഞ്ചു മണിയോടെ മൂഴിയാർ പൊലീസ് കോട്ടയത്ത് ചെന്ന് ഇരുവരെയും ഏറ്റു വാങ്ങി. രാത്രി വൈകി പത്തനംതിട്ടയിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മാതാവിനൊപ്പം കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കാമുകൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇരുവരെയും ഇന്ന് ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും.
ഷിബിൻ തന്റെ ശരീരത്ത് തൊട്ടിട്ടില്ലെന്നാണത്രേ പെൺകുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴി അനുസരിച്ച് ഷിബിനെതിരേ പോക്സോ കേസ് എടുക്കാൻ കഴിയാത്തത് പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ കേസ് ജാമ്യമില്ലാ വകുപ്പ് ആയതിനാൽ റിമാൻഡ് ഉണ്ടാകുമെന്നത് ഏകദേശം ഉറപ്പാണ്. പോക്സോ നിലനിൽക്കുമോ എന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.