ആലപ്പുഴ: ഗർഭം അലസിപ്പിക്കാനായാണ് കാമുകിയെ വിളിച്ചു വരുത്തിയതും പിന്നീട് കൊലപാതകം നടത്തിയതെന്നും അനിതയുടെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം നെടുമുടി പൊലീസ് അറസ്റ്റ് ചെയ്ത മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36) പൊലീസിനോട് പറഞ്ഞു.

ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ പോയി ഗർഭം അലസിപ്പിക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിൻ പ്രകാരം ആറുമാസം ഗർഭിണിയായ അനിത പാലക്കാട് ആലത്തൂരിൽ നിന്നും വെള്ളിയാഴ്ച കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38)യുടെ വീട്ടിൽ എത്തി. ഇവിടെ വച്ച് വാക്കു തർക്കമുണ്ടായി. രണ്ടു വർഷത്തോളമായി രജനിയുടെ ഒപ്പമാണ് പ്രബീഷ് താമസിച്ചിരുന്നത്. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം. എന്നാൽ രജനിയെ ഉപേക്ഷിച്ച് അനിതയെ സ്വീകരിക്കാൻ പ്രബീഷ് തയ്യാറായില്ല. തുടർന്നാണ് ഇരുവരെയും ഒന്നിച്ച് ഭാര്യമാരായി സ്വീകരിക്കാമെന്ന് ഇയാൾ അറിയിച്ചു. എന്നാൽ രജനിക്ക് ഇത് സ്വീകാര്യമായില്ല. ഇത് സംബന്ധിച്ച് വാക്കു തർക്കമുണ്ടാവുകയും അടുത്ത ദിവസം പരിഹാരമുണ്ടാക്കാമെന്നും പ്രബീഷ് പറഞ്ഞു.

ഇതിനിടയിൽ പ്രബീഷും രജനിയും അനിതയെ കൊലപ്പെടുത്തുവാനുള്ള ആലോചന തുടങ്ങി. ഉറക്കത്തിൽ കൊല്ലാനായിരുന്നു പദ്ധതി. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മൂന്നുപേരും ഉറങ്ങാൻ കിടന്നു. അർദ്ധരാത്രിവരെ ഉറക്കം നടിച്ചു കിടന്ന പ്രബീഷും രജനിയും ചേർന്ന് അനിതയെ കഴുത്ത് ഞെരിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അനിത മരിച്ചെന്ന് കരുതി കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ പൂക്കൈതയാറിലെ അരയൻ തോട്ടിലെത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.

നീന്തൽ അറിയാത്തതിനാൽ പ്രബീഷ് ആദ്യം വള്ളത്തിൽ കയറിയിരുന്നില്ല. പിന്നീട് കയറാനുള്ള ശ്രമമാണ് വള്ളം മറിച്ചത്. അതുകൊണ്ടാണ് മൃതദേഹം വേഗത്തിൽ കിട്ടിയതും. ശനിയാഴ്ച രാത്രി എഴുമണിയോടെ അനിതയുടെ മൃതദേഹം ഒഴുകി നടക്കുന്ന വിവരം നാട്ടുകാർ നെടുമുടി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തുടർന്ന് അമ്പലപ്പുഴ ഡിവൈ. എസ്‌പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ച് മണിക്കൂറിനുള്ളിൽ പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം ഇരുവരും സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രജനിയുടെ വീട്ടിൽ മദ്യപിക്കാൻ എത്തിയ മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് കൃത്യവുമായി നേരിട്ട് പങ്ക് ഇല്ലെങ്കിലും കൊലപാതക വിവരം അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിലെ സൂചനകളിൽ നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയിൽ നെടുമുടി പൊലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോൺ രേഖകൾ വഴി പൊലീസ് പ്രബീഷിലേക്കെത്തി. മൊബൈൽ ഫോൺ ആലപ്പുഴയിലെ കടയിൽ വിറ്റെന്ന് മനസിലാക്കി. അതിനു തൊട്ടുമുൻപ് മൊബൈൽ വഴി ഓൺലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേൽവിലാസം മനസിലാക്കി പൊലീസ് എത്തുമ്പോൾ രജനിയുമൊത്ത് പ്രബീഷ് നാടുവിടാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കായംകുളം താമരക്കുളം പമ്പിന് സമീപമുള്ള അഗ്രികൾച്ചറൽ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രബീഷും. ഒരു സുഹൃത്ത് വഴിയാണ് മലപ്പുറംകാരനായ പ്രബീഷ് ഇവിടെ ഡ്രൈവറുടെ ജോലിക്കായി എത്തിയത്. അഗ്രികൾച്ചറൽ ഫാമിലെ ജോലിക്കിടെ ഇരുവരും പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനിടെ ഇരുവരും ഫാമിൽ വച്ച് തർക്കമുണ്ടായി. തുടർന്ന് രണ്ട് പേരും ജോലി ഉപേക്ഷിച്ചു. അതിനുശേഷം രമ്യതയിലായ ഇരുവരും മറ്റ് പല അഗ്രികൾച്ചറൽ ഫാമുകളിലും ജോലി നോക്കുകയും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. ഇതിനിടെയാണ് അനിത ഗർഭിണിയാകുന്നത്.

ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ഉപേക്ഷിച്ച രജനിയുമായി രണ്ടരവർഷമായി പ്രബീഷ് അടുപ്പത്തിലായിരുന്നു. തുടർന്ന് അനിതയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രജനി ആവശ്യപ്പെട്ടു. ഇതോടെയാണ് അനിതയെ വിളിച്ചു വരുത്തി ഗർഭം അലസിപ്പിക്കുകയും പിന്നീട് ബന്ധം അവസാനിപ്പിക്കാനുമായിരുന്നു പ്രബീഷിന്റെ കണക്കു കൂട്ടൽ. എന്നാൽ അവസാനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.