തൃശൂർ: മലയാളികൾക്ക് അത്ര പരിചയം ഇല്ലാത്ത കായിക ഇനമാണ് വുഷു അഥവാ ചൈനീസ് കുങ്ഫു. കരാട്ടേയുടെയും കിക്‌ബോക്സിങിന്റെയും വക ഭേദമായ മാർഷ്യൽ ആർട്സ്. വുഷുവിന്റെ ഇന്ത്യൻ ടീമിലേക്ക് ഒരു മലയാളി കയറിപ്പറ്റിയിരിക്കുകയാണ്. തൃശൂർ നാട്ടിക സ്വദേശി അനിയൻ മിഥുൻ(28).

മാർച്ച് 30 മുതൽ നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അനിയൻ രാജ്യത്തെ പ്രതിനിധീകരിക്കും. പത്തംഗ ഇന്ത്യൻ സംഘത്തിലുള്ള ഏക ദക്ഷിണേന്ത്യക്കാരനും അനിയൻ തന്നെ. 70 കിലോ കാറ്റഗറിയിലാണ് മിഥുൻ മത്സരിക്കുന്നത്. സംസ്ഥാന തലത്തിൽ നടത്തിയ മിന്നും പ്രകടനമാണ് മിഥുനെ ദേശീയ ടീമിൽ എത്തിച്ചിരിക്കുന്നത്. വുഷു ദേശീയ കോച്ചും അർജുന അവാർഡ് ജേതാവുമായ കുൽദീപ് ഹന്ദുവിന്റെ കീഴിലാണ് അനിയന്റെ പരിശീലനം. ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കിക്ക് ബോക്സിങിൽ ദേശീയ ചാമ്പ്യൻ കൂടിയായ അനിയൻ പറഞ്ഞു.

ബാല്യത്തിൽ തുടങ്ങിയതാണ് അനിയന് വുഷുവിനോടുള്ള സ്നേഹം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വുഷു ഗെയിം ഗൗരവമായി എടുത്തു. കരാഠേയും കിക് ബോക്സിങും പരിശീലിപ്പിച്ച ഗുരുക്കന്മാരാണ് വുഷുവിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അനിയന്റെ കഴിവുകൾ തിരിച്ചറിഞ്ഞായിരുന്നു ഉപദേശം. ഗുരുക്കന്മാരുടെ പ്രവചനം തെറ്റിയില്ല. തൃശൂർ സ്പോർട്സ് ക്ലബിൽ വുഷുവിന് പ്രവേശനം കിട്ടി. പിന്നെ രാജ്യമെമ്പാടുമുള്ള മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകളും വാരിക്കൂട്ടി. വുഷുവിലും കിക്‌ബോക്സിങ്ങിലും നിരവധി മെഡലുകൾ സ്വന്തമാക്കിയ അനിയൻ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റും നേടി.

അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് മൾട്ടി മീഡിയയിൽ ബിരുദം നേടിയ അനിയൻ ഒരു ഫിസിക്കൽ ട്രെയിനർ കൂടിയാണ്. നിരവധി ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ട്.