- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയുമായി അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും സംഘവും കേരളത്തിലേക്ക് യാത്ര തിരിച്ചു. തെലങ്കാനയിലെ മണികൊണ്ട നരസിംഗി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി വൈകിയാണ് അമ്പലത്തറ പൊലീസ് എത്തിയത്. രാത്രി 9.30 ഓടെ നർസിംഗി സ്റ്റേഷൻ ഇൻസ്പെക്ടർ മദനം ഗംഗാധർ അഞ്ജലിയെ കേരളാ പൊലീസിന് കൈമാറി. ഔദ്യോഗിക നടപടികൾക്ക് ശേഷം രാത്രി ഏറെ വൈകിയാണ് അന്വേഷണ സംഘം തിരികെയാത്രയാരംഭിച്ചത്.
ഇന്ന് രാത്രിയോടെ അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലെത്തും. തുടർന്ന് നാളെ ഉച്ചയോടെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുമെന്നാണ് കരുതുന്നത്. ജീവിതത്തിൽ താൻ അനുഭവിച്ച വിഷമതകളും പ്രശ്നങ്ങളും അഞ്ജലി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്. മാനസികമായി അസ്വസ്ഥതകൾ നിറഞ്ഞ അഞ്ജലി തന്റെ കത്തിൽ പരാമർശിച്ചതു പോലെ ലോകത്തോട് മൊത്തം വെറുപ്പും വിദ്വേഷവും സൂക്ഷിച്ചിരുന്നു. ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അഞ്ജലിയുടെ തീരുമാനമാണ് നാടുവിടലിന് പിന്നിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്.
നാട്ടിലെത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ കാര്യങ്ങൾ വ്യക്തമാവു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, എസ് ഐ മധുസൂദനൻ മടിക്കൈ , വനിത എസ് സി.പി.ഒ രതി, ഡ്രൈവർ എസ് സി പി ഒ ബാബു എന്നിവരാണ് അഞ്ജലിയുമായി മണി കൊണ്ടയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട്ടെ പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിലാണ് കണ്ടെത്തിയത്. തെലങ്കാന നെക്കനാം പൂരിലെ ഹൂദയിലെ ഒരു ലോഡ്ജിൽ പെൺകുട്ടി തനിച്ചു താമസിച്ചു വരികയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. ഈ പെൺകുട്ടിയെ ചുറ്റിപ്പറ്റി മലയാളി സമാജത്തിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടു നിന്നും കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്. അമ്പലത്തറ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയായിരുന്നു സമാജം പ്രവർത്തകർ.
പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്കട്ട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു.
യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പതിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടുന്ന് ഹൈദ്രാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് നേരത്തെ പൊലീസിന് ലഭിച്ചിരുന്ന വിവരം. മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി.മൂത്തമകൾ വിവാഹിതയാണ്. ഇളയത് ആൺകുട്ടി.
നന്നേ ചെറുപ്പത്തിൽ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേൽപ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളർത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദർശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്. ഇതിലൂടെ വീട്ടുകാരോട് മനസിൽ ഉറച്ച അകൽച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുൻപ് എഴുതിയ കത്തിലും വ്യക്തമാണ്.
കോളേജിൽ പഠിക്കുന്ന കാലത്താണ് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അകൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ ഭാരം മുഴുവൻ ഇറക്കി വെച്ചത് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദങ്ങളിലേറെയും ആൺകുട്ടികളായിരുന്നു. സുഹൃദങ്ങളിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിയിക്കുന്നു. ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി നാടുവിട്ടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്