കാഞ്ഞങ്ങാട്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഞ്ജലി നാട്ടിലെത്തി. ഏപ്രിൽ 19 ന് ഉച്ചയോടെ നാടുവിട്ട പൊള്ളക്കടയിലെ ശ്രീധരന്റെ മകൾ അഞ്ജലിയെ തെലങ്കാനയിൽ നിന്നും ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇൻസ്‌പെക്ടർ രാജീവ് വലിയവളപ്പിൽ എസ് ഐ മധുസൂദനൻ മടിക്കൈ വനിത എസ് സി.പി ഒ രതി, ഡ്രൈവർ ബാബു എന്നിവരാണ് നർസിംഗി പൊലീസ് സ്റ്റേഷനിൽ നിന്നും അഞ്ജലിയെ കേരളത്തിലെത്തിച്ചത്.

അതേസമയം കത്തിൽ പ്രതിപാദിച്ച ഇക്കയെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരിയും പിന്നീട് ഇത് വെറും സാങ്കൽപ്പികമായിരുന്നവെന്നാണ് അഞ്ജലി പറയുന്നത്. തനിക്ക് കല്യാണത്തിൽ ഇഷ്ടമല്ലായിരുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ ആണ് താൽപര്യം. നിലവിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നില്ല-ഇതായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ അപ്രത്യക്ഷമാകലിൽ മറ്റ് ഗൂഢാലോചനയൊന്നും പൊലീസ് കാണുന്നുമില്ല.

മലയാളി സമാജം പ്രവർത്തകരാണ് അഞ്ജലിയെ കണ്ടെത്തിയതെന്ന വാർത്ത അമ്പലത്തറ പൊലീസ് നിഷേധിച്ചു. 44 ദിവസങ്ങളായി കേരളാ പൊലീസിന്റെ എല്ലാ സംവിധാനങ്ങളുമുപയോഗിച്ചുള്ള അന്വേഷണ ഫലമാണിത്. അതിൽ തെലങ്കാന ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ മലയാളി കൂട്ടായ്മകളുടെ സഹായവും ലഭിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പരസ്യമായും സോഷ്യൽ മീഡിയ വഴിയും ഈ പ്രദേശങ്ങളിലെ ലോഡ്ജുകളുടെയും ഡോർമിറ്ററികളുടേയും നടത്തിപ്പുകാർക്ക് എത്തിച്ചിരുന്നു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് ഇത്ര പെട്ടന്ന് യുവതിയെ കണ്ടെത്താൻ സാധിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഏറെ പ്രതിസന്ധിയിലാക്കിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഹൈദരാബാദ് വരെ തീവണ്ടി മാർഗ്ഗം സഞ്ചരിച്ച യുവതി പിന്നീട് തെലങ്കാനയിലേക്ക് റോഡ് മാർഗ്ഗമാണ് സഞ്ചരിച്ചത്. ഇത് അന്വേഷണത്തിന് സഹായിച്ചു. ലുക്കൗട്ട് പുറപ്പെടുവിച്ച ശേഷം ഹൈദരാബാദിലെത്തിയ അന്വേഷണ സംഘം മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെത്തി വിവരം ധരിപ്പിച്ചിരുന്നു.

ഇവിടങ്ങളിൽ അഞ്ജലിയുടെ വർണ്ണചിത്രങ്ങളും പതിപ്പിച്ചു. മലയാളികൾ ജോലിയാവശ്യാർത്ഥം ഏറെയുള്ള സ്ഥലമാണ് മണി കൊണ്ട നഗരസഭാ പ്രദേശം. ഇവിടങ്ങളിൽ വലിയ ഫ്‌ളാറ്റുകളിലെ ഡോർമിറ്ററികളിലൊന്നിലാണ് അഞ്ജലി താമസിച്ചിരുന്നത്. നെക് നാം പൂരിലെ ഹുദ എന്ന ചെറുനഗരത്തിലായിരുന്നു ഇത്. ഐ.ഡി കാർഡ് നൽകിയാൽ ആർക്കും ബെഡ് സ്‌പെയ്‌സ് ലഭിക്കും. അഞ്ജലി താമസിച്ചിരുന്ന ഡോർമെറ്റിയുടെ നടത്തിപ്പുകാരനായ അങ്കുർ സിംഗാണ് ഇവരെ ആദ്യം തിരിച്ചറിയുന്നത്. ഉടനെ തന്നെ തൊട്ടടുത്ത മലയാളികളെ വിവരമറിയിക്കുകയും ഇവർ നർസിംഗി പൊലീസിനെ അറിയിക്കുകയുമായിരുന്നു.

അമ്പലത്തറ പൊലീസ് വിവരം ലഭിച്ച ഉടനെ നെക് നാംപൂരിലെ മലയാളി സമാജം പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്നാണ് നർസിംഗി പൊലീസും മലയാളി സമാമാജം പ്രവർത്തകരും ഡോർമിറ്ററിയിലെത്തി അഞ്ജലിയെ നരസിംഗി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നത്. അന്വേഷത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു.

പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ ശരിവെക്കുകയല്ലാത്ത മറ്റൊന്നും അഞ്ജലി വെളിപ്പെടുത്തുന്നില്ല. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. നേരത്തെ കാഞ്ഞങ്ങാട് സൈക്കാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ജലിക്ക് തുടർന്നും ഈ ചികിത്സ നൽകേണ്ടി വരുമെന്നാണ് സൂചന.