- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ചതിയനായ വാമനൻ ധർമ്മിഷ്‌നായ മഹാബലിയെ പാതാളലോകത്തിൽ ചവിട്ടിത്താഴ്‌ത്തിയതും ദളിതനായ മഹാബലിയോട് സവർണ്ണനായ വാമനൻ ചെയ്ത ബ്രാഹ്മണിക്കൽ ഹെജിമണിയുമാണല്ലോ ഇപ്പോൾ ഇടതിടങ്ങളിലെ പ്രധാന വിഷയങ്ങൾ. സനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും ?ചരിത്രാന്വേഷണത്തിന്റെയും മിത്തുകളുടെയും നേർത്ത ഇടനാഴികളിലൂടെയുള്ള നീണ്ട സഞ്ചാരം അവസാനിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഒന്നുമാത്രം. കേരളത്തിന്റെ സ്വന്തമെന്നു പറയാനുള്ളത് വായ്‌മൊഴിപഴക്കത്തിലൂടെ കിട്ടിയ മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം.
ആരാണ് ശരിക്കും ഈ വിവാദപുരുഷനായ വാമനൻ? ഗരുഡപുരാണത്തിൽ ബലിബന്ധനനെന്നും , ഋഗ്വേദത്തിൽ ത്രിവിക്രമനെന്നും സ്‌കന്ദപുരാണത്തിൽ ഉരുക്രമനെന്നും ( നീണ്ട ചുവട് നടന്നവൻ) പേരുള്ള വാമനൻ ദശാവതാരങ്ങളിൽ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപമാണെന്നറിയുക. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനൻ പ്രതിനിധീകരിക്കുന്നത്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണെന്നാണ് അനുമാനം. കൃഷ്ണാവതാരത്തിന് മുൻപ് വാമനൻ മാത്രമാണ് 'വിശ്വരൂപം' കാണിച്ചിട്ടുള്ളത്. ഹൃദയഗുഹയിൽ പെരുവിരൽ വലുപ്പത്തിൽ വാമന സ്വരൂപനായ പരമാത്മാവ് ഇരിക്കുന്നു എന്ന് ശ്രുതിയിൽ പറയുന്നുണ്ട്.
പുരാതനഭാരതചരിത്രത്തിന്റെ പ്രധാനസ്രോതസ്സുകളായ വേദങ്ങളിലും ബ്രാഹ്മണൃങ്ങളിലും പതിനെട്ടുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം വാമനാവതാരത്തെ കുറിച്ചും ബലിയെ കുറിച്ചും പരാമർശമുണ്ട്. വാമനപുരാണത്തിൽ വ്യക്തമായി അവതാരലക്ഷ്യത്തെകുറിച്ചു പരാമർശിക്കുന്നുണ്ട് താനും. ശ്രീമദ് മഹാഭാഗവതത്തിൽ അഷ്ടമസ്‌കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പ്രതിപാദിക്കുന്നുണ്ട്.
കശ്യപമഹർഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാർ അസുരന്മാരും അദിതിയുടെ പുത്രന്മാർ ദേവന്മാരും ആയിരുന്നു. അതായത് ഒരേ അച്ഛന് രണ്ടമ്മമാരിൽ പിറന്ന മക്കളാണ് ദേവന്മാരും അസുരന്മാരുമെന്നർത്ഥം. അല്ലാതെ അവർണ്ണ-സവർണ്ണവിവേചനങ്ങളില്ല. അതുകൊണ്ട് തന്നെ കശ്യപമഹർഷിക്ക് ദിതിയിലുണ്ടായ അസുരവംശത്തിൽ പെട്ട മഹാബലിക്ക് വെറുതെ ദളിത് പരിവേഷം നല്‌കേണ്ട. അതുപോലെ വാമനനു സവർണ്ണ പരിവേഷവും ! കാരണം വാമനനും അവതാരപിറവിയെടുത്തത് കാശ്യപന്റെയും അദീതിയുടെയും മകനായി തന്നെയാണ്. അസുരന്മാരുടെ അച്ഛനും ദേവന്മാരുടെ അമ്മയും തന്നെയാണ് വാമനന്റെയും മാതാപിതാക്കൾ. അമ്മയും വംശവും മാത്രം മാറിയെന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ പിറവിക്കാധാരം ഒരേ ആളായ കശ്യപമഹർഷി തന്നെ.
ഇനി മഹാബലിയെ ചവിട്ടിതാഴ്‌ത്തിയെന്ന കഥയിലേയ്ക്ക് വരാം. മേല്പറഞ്ഞ പുരാണസ്രോതസ്സുകളിലൊന്നും അത്തരത്തിലൊരു പരാമർശമേയില്ല. ശത്രുനിഗ്രഹം വാമനാവതാരത്തിനില്ല.ബാക്കിയെല്ലാ അവതാരങ്ങളിലും ശത്രുവിനെ നിഗ്രഹിച്ച് ചരാചരങ്ങൾക്ക് ശാന്തി നല്കാനാണ് അവതാരമെങ്കിൽ വാമനാവതാരലക്ഷ്യം അഹംബോധനിഗ്രഹം മാത്രമാണ്. മൂന്നടി ഭിക്ഷ യാചിച്ച വാമനനു തന്റെ അഹംബോധം തിരിച്ചറിഞ്ഞ ബലി തലകുമ്പിട്ടുനല്കുമ്പോൾ തൃക്കാൽക്കൊണ്ട് അനുഗ്രഹിച്ച് സുതലലോകത്തിലേയ്ക്ക് നയിക്കുകയാണ് വാമനൻ.
ഭാരതദർശനങ്ങൾ പ്രകാരം അഹന്ത അഥവാ അഹംബോധം പൊറുക്കാനാവാത്ത തെറ്റായി കണക്കാക്കപ്പെടുന്നു. ബലി രാജാവ് ആണ്. പക്ഷെ ജീവിച്ചിരിക്കുന്ന കാലത്തോളമേ രാജ്യം ബലിക്ക് സ്വന്തമായുള്ളൂ. ബലിക്ക് മുൻപ് മറ്റാരുടെയോ ആയിരുന്ന ഭൂമി. ബലിക്ക് ശേഷവും മറ്റാരുടെയോ ആകാനുള്ള ഭൂമി. ബലി താൽക്കാലിക നടത്തിപ്പുകാരൻ മാത്രമാണ്.വിശ്വജിത് യാഗത്തിന് മുന്നിൽ നിൽക്കുമ്പോളും ബലി തത്വം അറിയുന്നില്ല. ത്യജിക്കുന്നതെല്ലാം തന്റേതാണ് എന്ന അഹന്തയിൽ ആണയാൾ. യഥാർഥത്തിലോ മുന്നുലോകങ്ങൾക്കും അവകാശി ആണ് മുന്നിൽ നിൽക്കുന്നത്. അത് ബലി മനസ്സിലാക്കുന്നത് വിശ്വരൂപം കാണുമ്പോൾ മാത്രവും. ബലിയുടെ അഹന്ത നീക്കാനാണ് വാമനൻ മൂന്ന് ലോകവും കാലുകൊണ്ട് അളന്നെടുക്കുന്നത്.ശ്രീമദ്ഭാഗവതം അഷ്ടമസ്‌കന്ധം അദ്ധ്യായം 19ൽ വ്യക്തമായി ഇത് വിശദീകരിക്കുന്നുണ്ട്.
ഇനി കേരളവും ഈ അവതാരവുമായുള്ള ബന്ധം നോക്കിയാൽ ചരിത്രപരമായ രേഖകൾ ഒന്നും കിട്ടില്ലെന്നതാണ് വാസ്തവം. മഹാബലി നടത്തിയ വിശ്വജിത്ത് യാഗം പോലും നർമ്മദാനദീതീരത്തായിരുന്നു. നർമ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യർ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകൾ യാഗം ചെയ്തത്. പക്ഷേ തൃക്കാക്കരക്ഷേത്രവും വാമനനുമായി ബന്ധമുണ്ട് താനും. മഹാബലി കേരളം ഭരിച്ചിരുന്നുവോയെന്നതിന് വായ്‌മൊഴിപ്പാട്ടുകളല്ലാതെ പൗരാണിക രേഖകൾ ഒന്നുമില്ല താനും. പക്ഷേ ഓണാഘോഷത്തെ കുറിച്ച് പരാമർശിക്കുന്ന രേഖകൾ ഉണ്ട് താനും. ആ രേഖകളിലാവട്ടെ ഉള്ളത് മഹാബലിക്ക് വേണ്ടിയുള്ള ആഘോഷമാണ് ഓണം എന്നല്ല മറിച്ച് വിഷ്ണുവിന്റെ ജന്മാഘോഷം എന്ന നിലയിലാണ്. (വാമനൻ അവതാരമെടുത്തത് തിരുവോണദിവസമല്ല.ജനിച്ച ദിവസം തന്നെയല്ല യാഗഭൂമിയിൽ പോയതും മൂന്നടി ചോദിച്ചതും) ശ്രാവണമാസത്തിലെ തിരുവോണത്തിന്, ത്രിവിക്രമനായി മാറിയതാണ് വാമനൻ. അതിന്റെ ഓർമ്മയ്ക്കാണ് മണ്ണ് കൊണ്ട് രൂപമുണ്ടാക്കി തൃക്കാക്കരയപ്പനെ അത്തപ്പൂക്കളത്തിൽ കുടിയിരുത്തുന്നത്.
പഴന്തമിഴ് പാട്ടുകളിലെ പത്തുപാട്ടിൽപെടുന്ന മധുരൈകാഞ്ചി എന്ന പാട്ടിൽ ഓണം എന്നൊരു പദമുണ്ട്. മായോൻ എന്ന ദേവന്റെ ജന്മനാളായ ഓണം എന്നാണ് അതിൽ പരാമർശം. ഇന്ന് നാം ആഘോഷിക്കുന്ന ഓണത്തിന്റെ പുരാവൃത്തവുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നാൽ എട്ടാം ശതകത്തിലെ ആഴ്‌വാർ കൃതികളിൽ തിരുവോണത്തെക്കുറിച്ച് പരാമർശമുണ്ട്. പെരിയാഴ്‌വാർ പാടുന്ന പാട്ടിൽ താൻ തിരുമാളിന്റെ (വിഷ്ണു) ജന്മനാളാഘോഷിക്കുകയാണെന്ന് ഒരു പരാമർശമുണ്ട്. മറ്റൊന്ന് തിരുമങ്കൈ ആഴ് വാരുടെ പരാമർശമാണ്. അതും വിഷ്ണുവിന്റെ തിരുനാൾ കൊണ്ടാടിയതിനെപ്പറ്റിയാണ്. ആഴ് വാന്മാർ വൈഷ്ണവരായിരുന്നു. ഒമ്പതാം ശതകത്തിൽ സ്ഥാണുരവി പെരുമാളിന്റെ പതിനേഴാം ഭരണവർഷത്തിൽ ഓണത്തിന് ഊരുടയോരെ (ഊരാളർ) ഊട്ടുന്നതിന്റെ പരാമർശം തിരുവാറ്റുവായ് ക്ഷേത്രലിഖിതത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഞ്ചപ്പാടാകാരത്ത് ചേന്നൻ ചങ്കരൻ ആവണി ഓണമാടാൻ കൊടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രമാണമാണ് ഈ ലിഖിതം.
മറ്റൊന്ന് തൃക്കാക്കരയിൽനിന്ന് ലഭിച്ച ലിഖിതമാണ്. ഭാസ്‌കരരവി പെരുമാളിന്റെ നാൽപത്തിരണ്ടാം ഭരണവർഷത്തിൽ (എ.ഡി.1004) ഇരുപത്തിയെട്ടുദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന്റെ പരാമർശമുണ്ട്. ഇതിൽ പൂരാടംമുതൽ ഉത്രാടംവരെയുള്ള നാളുകളിൽ ബ്രാഹ്മണരെയും ശ്രീ വൈഷ്ണവരെയും ഊട്ടാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ അതിലും വിഷ്ണുവിന്റെ ജന്മദിനമായിട്ടാണ് പരാമർശം. അതിന്റെ ചുവട് പറ്റിയിട്ടാവണം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും ചിങ്ങമാസത്തിലെ തിരുവോണം എന്നത് പത്മനാഭസ്വാമിയുടെ ജന്മദിനമാണ്.
തമിഴ്‌നാട്ടിൽ വാമനക്ഷേത്രങ്ങളുണ്ടെങ്കിലും ഓണാഘോഷമില്ല.ഉലകളന്ത പെരുമാൾ ആയിട്ടാണ് തമിഴ്‌നാട്ടിൽ വാമനനെ ആരാധിക്കുന്നത്. ലോകം മുഴുവൻ അളന്ന ഭഗവാൻ എന്നാണ് ഉലകളന്ത പെരുമാൾ എന്ന വാക്കിന്റെ അർത്ഥം. വാമനജയന്തിയാണ് പ്രധാന ഉത്സവാഘോഷം. വാമനജയന്തിയെന്നത് ഉത്തരേന്ത്യക്കാർക്ക് ആഘോഷമാണ്. അതിനു തിരുവോണവുമായി ബന്ധമില്ല. എല്ലാ വർഷവും തിരുവോണത്തിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസങ്ങളിലായിരിക്കും അത്. ഇത്തവണ (2020)പൂരാടം ദിനത്തിലായിരുന്നു വാമനജയന്തി.
ഐതിഹ്യം അല്ലെങ്കിൽ മിത്ത് എന്നത് ഒരു നേർചരിത്രസംഭവമായി ആരും കാണില്ല. ഇത് ഒരു കടങ്കഥയാണെങ്കിലും ഓണത്തിനുപിന്നിലെ സങ്കൽപ്പം മഹത്തരമായതുകൊണ്ടാണ് തലമുറകളായി മഹാബലിയെ മലയാളികൾ സ്‌നേഹത്തളികയിൽ വരവേൽക്കുന്നത്. 1961ൽ പട്ടം താണുപിള്ളയാണ് ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒരുമയോടെ കഴിയുന്ന സമത്വസുന്ദര കാലത്തിന്റെ സ്വപ്നമാണ് ഇതിൽ തുടിക്കുന്നത്. അതങ്ങനെ തന്നെ നിലനില്ക്കട്ടെ. പക്ഷേ അതിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെ വിത്തുകൾ വിളമ്പുമ്പോഴാണ് പലരും പലതും ചികഞ്ഞെടുക്കുന്നത്. ഹൈന്ദവതയുടെ പ്രധാന ആരാധനാമൂർത്തിയായ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്.