- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടിൽ ആശാരിപ്പണിക്കാരൻ; വീടു വിട്ടു പോകുന്നത് പതിവ്; ഒടുവിൽ വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ടു പിടിക്കാൻ; പിന്നെ പോയത് ബീഹാറിലേക്കെന്ന് പറഞ്ഞ്: കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതിലും സംശയങ്ങൾ; ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ പന്തളം ചേരിക്കൽ അൻഷാദ് ബദറുദ്ദീന്റേത് ദുരൂഹ ജീവതം
പന്തളം: ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി യുപി പൊലീസിന്റെ പിടിയിലായ പന്തളം ചേരിക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീ(33)നെ ചുറ്റിപ്പറ്റി ദുരൂഹതകൾ ഏറെ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അൻഷാദിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞയാഴ്ച ഭാര്യ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. ബിഹാറിലേക്ക് പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതും സംശയത്തിന് ഇട നൽകുന്നു.
അൻഷാദ് യുപി പൊലീസിന്റെ പിടിയിലായ വിവരം അറിഞ്ഞാണോ ഇങ്ങനെ ഒരു പരാതി എന്നാണ് സംശയിക്കുന്നത്. വസന്തപഞ്ചമി ആഘോഷങ്ങൾക്കിടെ സ്ഫോടനത്തിന് പദ്ധതിയിട്ടതിനാണ് അൻഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും യുപി പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ പിടികൂടിയത്. ഡിറ്റോണറേറ്ററുകൾ, പിസ്റ്റൾ, പെൻഡ്രൈവ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ 11 ന് ട്രെയിൻ മാർഗം യുപിയിലെത്തിയ ഇവരെ കുക്റ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം നിന്നാണ് അറസ്റ്റ് ചെയ്തത്.
നാട്ടിൽ വന്നും പോയുമിരുന്നയാളാണ് അൻഷാദ്. വടക്കൻ ജില്ലകളിൽ ആശാരിപ്പണിയായിരുന്നു അൻഷാദിനെന്ന് മാത്രമാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയാവുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് നാട്ടിലെത്തിയത്. പന്തളം നഗരസഭ 31-ാം വാർഡിലെ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി വീടു കയറി ഇറങ്ങിയുള്ള പ്രവർത്തനമാണ് അൻഷാദ് നടത്തിയിരുന്നത്. 215 വോട്ടാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു. ഇതിന് പിന്നിൽ അൻഷാദിന്റെ കഠിനപ്രയത്നം തന്നെയുണ്ടായിരുന്നു.
എസ്ഡിപിഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മറ്റിയംഗമായിരുന്നു. കുറേ നാളായി ഇയാളെ കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇപ്പോൾ ഒപ്പം പിടിയിലായ ഫിറോസ്ഖാനുമായി ചേർന്ന് ചേരിക്കലിൽ 10 സെന്റ് സ്ഥലം അൻഷാദ് വാങ്ങിയിരുന്നു. 2010 ൽ ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം ഉണ്ടായപ്പോൾ അതിൽ മുഖ്യറോൾ അൻഷാദിന് ഉണ്ടായിരുന്നു.
അന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ വീടു കയറി ആക്രമണത്തിൽ ഇയാളുടെ മാതാവിന്റെ കൈ ഒടിയുകയും ചെയ്തു. അൻഷാദ് ആശാരിപ്പണി ചെയ്തത് ഒരു മറയ്ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ഹിന്ദുക്കൾ ചെയ്യുന്ന ഒരു തൊഴിൽ പഠിച്ച് അവർക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തനം നടത്തിയാൽ ആരും സംശയിക്കില്ലെന്നാണ് ഇയാൾ കരുതിയിരുന്നത്. നാട്ടിൽ ഇയാൾക്കുള്ള ബന്ധങ്ങളെ കുറിച്ച് സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ഐബിയും അന്വേഷണം തുടങ്ങി കഴിഞ്ഞു.
അതിനിടെ മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലർ ഫ്രണ്ട് പറയുന്നു. അറസ്റ്റിലായവർ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പോപ്പുലർ ഫ്രണ്ട് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
അൻസാദ് ബദറുദ്ദീന് പുറമേ കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും ഗുഡംബ മേഖലയിൽ നിന്ന് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഉത്തർപ്രദേശ് പൊലീസിന്റെ നരവേട്ടയാണ് ഇതെന്ന ആരോപണം പോപ്പുലർ ഫ്രണ്ട് ഉയർത്തുമ്പോൾ വസന്ത് പഞ്ചമി ദിവസം സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യുപി എജിപി പ്രശാന്ത് കുമാർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്