കണ്ണൂർ: ആന്തൂർ നഗരസഭയിൽ വീണ്ടും ഇടതുമുന്നണിക്ക് ചരിത്ര വിജയം. ആകെയുള്ള 28 സീറ്റിൽ 28ഉം ഇവിടെ ഇടതുമുന്നണി നേടി. പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയെന്ന ബഹുമതിയും ആന്തൂർ ഒരിക്കൽ കൂടി സ്വന്തമാക്കി. ആന്തൂരിൽ എതിരില്ലാതെ ആറ് സീറ്റ് നേടിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് നടന്ന 22 വാർഡുകളിൽ 28 വാർഡുകളുള്ള ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്താണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ മൊറാഴ, കാനൂൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിണ് സിപിഎം ഏകപക്ഷീയമായി ജയിച്ചത്.

സിപിഎം കോട്ടയായ ആന്തൂരിൽ ഉച്ചക്ക് രണ്ടരമണിയായപ്പോഴേക്കും 80 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് ആന്തൂരിൽ എല്ലാ ബൂത്തിന് മുന്നിലും ഉണ്ടായിരുന്നു. ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിങ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിങ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്.

എന്നാൽ ആന്തൂർ നഗരസഭയിൽ പോളിങ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി ആരോപിച്ചിരുന്നു. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിക്കുന്നില്ല. എന്നാൽ കോവിഡ് ഭീതിയുള്ളതിനാൽ ഉച്ചക്ക്‌ശേഷം പോളിങ്ങ് ബൂത്തിലെത്താൻ വോട്ടർമാർ മടിക്കുമെന്നതിനാൽ രാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ ചെയ്യണമെന്ന് അഭ്യർത്ഥിച്ചത് എന്നാണ് സിപിഎം പറയുന്നത്.