- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ സമരം നഷ്ടപരിഹാരത്തിന് വേണ്ടിയാണെന്ന് നിങ്ങളോടാരാണ് പറഞ്ഞത്? തങ്കമ്മയുടെ അടുപ്പിലിട്ട കെ-റെയിൽ കുറ്റി തിരികെ ഇട്ടത് പണം നൽകി; പണിമുടക്ക് നാളിലെ സജി ചെറിയാൻ ഷോയ്ക്കെതിരേ കെ-റെയിൽ വിരുദ്ധ സമിതി
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ മന്ത്രി സജി ചെറിയാൻ തന്റെ കൊഴുവല്ലൂരിലെ വീട്ടിലുണ്ടായിരുന്നു. രാവിലെ എട്ടു മണിയോടെ ഒരു സാദാ പാർട്ടി പ്രവർത്തകനെപ്പോലെ വീട്ടിൽ നിൽക്കുന്ന വേഷത്തിൽ സ്‌കൂട്ടറുമെടുത്ത് മന്ത്രി നേരെ പോയതുകൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മ എന്ന വിധവയുടെ കൂരയിലേക്കാണ്.
ഓർമയില്ലേ തങ്കമ്മയെ? ഉദ്യോഗസ്ഥർ കെ-റെയിൽ കല്ല് കൊണ്ടു വന്ന് സ്ഥാപിച്ചത് തങ്കമ്മയുടെ അടുക്കളയിലായിരുന്നു. മൂന്നു സെന്റിലെ കൂരയിൽ സ്ഥലമില്ലാത്തതിനാൽ മുറ്റത്തിന്റെ ഒരു മൂലയിൽ അടുപ്പു കൂട്ടി പാചകം ചെയ്യുന്നു. ഈ അടുപ്പ് കല്ലുകൾ മാറ്റിയാണ് പകരം കെ-റെയിൽ കല്ലിട്ടത്. ഇതിന് മുന്നിൽ സർവവും നഷ്ടപ്പെട്ട് തകർന്നിരിക്കുന്ന തങ്കമ്മയുടെ ചിത്രം ലോകം ശ്രദ്ധിച്ചു.
മന്ത്രിയുടെ വീട് സംരക്ഷിക്കാൻ വേണ്ടി കെ-റെയിലിന്റെ അലൈന്മെന്റ് മാറ്റിയപ്പോഴാണ് തങ്കമ്മയ്ക്ക് കിടപ്പാടം നഷ്ടമായതെന്ന് സമര സമിതിയും ആരോപിച്ചു. ഇതോടെയാണ് തങ്കമ്മ മന്ത്രിയുടെ ഉറക്കം കെടുത്തിയത്. പാർട്ടിക്കുള്ളിലും ക്യാബിനറ്റിലും സജി ചെറിയാന് ഏറ്റവുമധികം ക്ഷീണമുണ്ടാക്കിയതാണ് തങ്കമ്മയുടെ അടുപ്പിലിട്ട കല്ല്. കെ-റെയിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്ന യുഡിഎഫ് സംഘത്തിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ആ കല്ല് പിഴുതെറിഞ്ഞു.
ഇന്നലെ തങ്കമ്മയുടെ വീട്ടിലെത്തിയ മന്ത്രി അവരെ ആശ്വസിപ്പിച്ചു. ലക്ഷങ്ങൾ നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു. യുഡിഎഫ് നേതാക്കൾ പിഴുതെറിഞ്ഞ കെ-റെയിൽ കല്ല് അടുപ്പിനുള്ളിൽ തന്നെ നാട്ടി. ഒപ്പമുണ്ടായിരുന്ന സഖാക്കൾ ഇതൊക്കെ ഷൂട്ട് ചെയ്തു. മന്ത്രിക്ക് മുന്നിൽ എതിർപ്പുകൾ അലിയുന്നുവെന്നൊരു കുറിപ്പുമിട്ട് പുറത്തു വിട്ടു.
വിവരമറിഞ്ഞ് സമര സമിതി നേതാവ് സിന്ധു ജയിംസ് സ്ഥലത്തു ചെന്നു. എന്നാൽ, തങ്കമ്മയുടെ സഹോദരന്റെ മകനും സിപിഎം പ്രവർത്തകനുമായ ബിനുവും പൊന്നമ്മയെന്ന സ്ത്രീയും കൂടി സിന്ധുവിനെ കൈയേറ്റം ചെയ്യാനൊരുങ്ങി. അസഭ്യം വിളിക്കുകയും ചെയ്തു.
ലക്ഷങ്ങൾ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തങ്കമ്മയുടെ അടുപ്പിൽ വീണ്ടും കല്ലിട്ടിരിക്കുന്നത്. ഇതിന് പുറമേ പണവും നൽകിയിട്ടുണ്ടാകാമെന്ന് സിന്ധു ആരോപിക്കുന്നു.
മൂന്നു സെന്റിലെ കൂരയിൽ ഒരു മകനുമായി കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു വിധവയുടെ അടുപ്പിനുള്ളിൽ കല്ലിടാൻ മന്ത്രി കാണിക്കുന്ന ഈ വ്യഗ്രത ജനവഞ്ചനയാണ്. മന്ത്രിയുടെ വീടും സഹോദരന്റെ വീടും രക്ഷിക്കാൻ വേണ്ടി അലൈന്മെന്റ് മാറ്റിയപ്പോഴാണ് പാവം തങ്കമ്മയുടെ അടുപ്പിൽ കല്ലു വീണത്.
ഇന്നലെ മാത്രം 20 വീടുകളിൽ താൻ കയറിയെന്നും ആർക്കും കെ-റെയിൽ വരുന്നതിൽ എതിർപ്പില്ലെന്നുമാണ് മന്ത്രി പറയുന്നത്. എന്നാൽ, മന്ത്രി ആകെ ചെന്നത് ആറു വീടുകളിലാണ്. മിക്കയിടത്തും മന്ത്രി ഭീഷണി മുഴക്കി. നിങ്ങൾക്കൊന്നുംവേറെ പണിയില്ലേ? എന്തിന്റെ പ്രശ്നമാണ് നിങ്ങൾക്ക്? കെ റെയിൽ കല്ല് തടയാൻ നീയൊക്കെയാരാ? കിട്ടുന്നത് വാങ്ങിക്കൊണ്ടു പോകാൻ നോക്ക് എന്നൊക്കെയായിരുന്നു മന്ത്രിയുടെ ഭീഷണി. ആകാശത്തു കൂടി പോകുന്ന റെയിലാണിത്. കിട്ടുന്നതും വാങ്ങി എവിടെ എങ്കിലും പോയി നന്നായി ജീവിക്കാൻ നോക്കുക. നിങ്ങൾ എതിർത്താലും ഇതൊക്കെ നടക്കും. എന്നൊക്കെയാണ് പലരോടും പറഞ്ഞിരിക്കുന്നത്.
മന്ത്രി പറയുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരത്തിന്റെ കാര്യമാണ്. പക്ഷേ, തങ്ങൾക്ക് നഷ്ടപരിഹാരം വേണ്ടെന്നാണ് സിന്ധു ജയിംസ് പറയുന്നത്. ഞങ്ങൾ സമരം നഷ്ടപരിഹാരം നേടിയെടുക്കാനല്ല. ആദ്യം അദ്ദേഹം അത് മനസിലാക്കണം. ഈ കേരളം വേണം, നാടു തന്നെ വേണം, ഈ വീടും വീട്ടുകാരുമൊക്കെ എന്നും ഇവിടെ ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് സമരം ചെയ്യുന്നത്. നാലിരട്ടി കിട്ടുമെന്ന പദ്ധതിയാണെന്ന് നാട്ടുകാരോട് പറയുന്ന മന്ത്രി എന്തിനാണ് തന്റെയും സഹോദരന്റെയും വീട് പോകുന്ന വിധത്തിലുള്ള അലൈന്മെന്റ് മാറ്റി വിട്ടത്.
കിട്ടുന്ന നഷ്ടപരിഹാരവും വാങ്ങി പോകില്ലായിരുന്നോ എന്നും സിന്ധു ചോദിക്കുന്നു. കൊഴുവല്ലൂർ ഭാഗത്ത് 150 ൽ അധികം വീടുകൾ കെ റെയിൽ കാരണം നഷ്ടമാകും. എന്നാൽ, 20 വീടുകളാണ് നഷ്ടമാവുക എന്നാണ് മന്ത്രി പറയുന്നത്. ആ 20 വീട്ടിലും താൻ കയറിയെന്നും അവകാശപ്പെട്ടു. പച്ചക്കള്ളമാണ് മന്ത്രി പറയുന്നതെന്ന് സിന്ധു ചൂണ്ടിക്കാട്ടി. ആറു വീട്ടിലാണ് ചെന്നത്. അതിൽ തങ്കമ്മയുടെ വീടൊഴികെ എല്ലായിടത്തും ഭീഷണിസ്വരമുണ്ടായിരുന്നുവെന്നും സിന്ധു പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്