- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുടൊയ്ലറ്റുകളിൽ നമ്പർ എഴുതിയിട്ട് വീട്ടമ്മ ലൈംഗിക തൊഴിലാളി എന്ന് പ്രചരിപ്പിച്ചവർ കുടുങ്ങും; ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി കുറിപ്പിട്ടതോടെ കേസ് എടുത്ത് ചങ്ങനാശേരി പൊലീസ്; സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം
കോട്ടയം: ലൈംഗിക തൊഴിലാളി എന്ന പേരിൽ ഫോൺ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി ഒടുവിൽ പൊലീസിന്റെ ഇടപെടൽ. കുടുബം നോക്കാൻ തയ്യൽ ജോലി ചെയ്യുന്ന വാകത്താനം സ്വദേശിയുടെ മൊബൈൽ നമ്പരാണ് ചില സാമൂഹികവിരുദ്ധർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പൊലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ എന്തു ചെയ്യുമെന്ന ആശങ്കയിൽ ആയിരുന്നു ഇവർ.
ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.
സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അമ്പതിലധികം കോളുകൾ ഫോണിൽ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരുനമ്പരിൽനിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങൾ ശേഖരിച്ച്, കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ അറിയിച്ചത് ഇങ്ങനെ:
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
വീട്ടമ്മപല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും അവർ നിർദേശിച്ചത് നമ്പർ മാറ്റുക ആയിരുന്നു. തയ്യൽ ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്നെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യൽസ്ഥാപനം നടത്തുന്നത്. ഒൻപതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സോഷ്യൽ മീഡിയയിൽ കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു.
ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. 'എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.'
ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ