തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആർ.ടി.സി. യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്. അത് ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ല. അതിനാൽ ഈ സമരം നടത്തിയതിൽ ഒരു ന്യായീകരണവും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ ഇനി എന്തിനാണ് സർക്കാർ ശമ്പള പരിഷ്‌കരണ ചർച്ച നടത്തുന്നതെന്ന് ആന്റണി രാജു ചോദിച്ചു. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തിൽ പോലും ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തുന്നത് ശരിയാണോയെന്ന് യൂണിയനുകൾ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പൊതുജനങ്ങൾ ഈ സമരം അംഗീകരിക്കില്ല.

ഇത് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമ നിർമ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ തുറന്ന, ശബരിമല സീസൺ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിൽ ജനങ്ങൾ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.