- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവിന്റേത് ആത്മഹത്യയല്ല, സർക്കാർ കൊന്നതാണ്; അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിൽ; പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും സിപിഎമ്മുകാരുടെ തറവാട്ടു വകയല്ല; പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം സർക്കാറിനെതിരായ വടിയാക്കി യുഡിഎഫ് നേതാക്കൾ; വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ; വീട് സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതിഷേധവുമായി യുവമോർച്ച
തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവം സർക്കാറിനെതിരായ പ്രചരണ വിഷയമാക്കി യുഡിഎഫ് നേതാക്കൾ. കാരക്കോണം സ്വദേശി അനുവിന്റെ ആത്മഹത്യക്ക് സർക്കാറാണ് ഉത്തരവാദിയെന്ന് ആരോപിച്ചു കൊണ്ടാണ് യുഡിഎഫ് നേതാക്കൾ രംഗത്തുവന്നത്. റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തുവന്നിരിക്കുന്നത്.
തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. അനുവിന്റേത് ആത്ഹത്യയല്ലെന്നും സർക്കാർ കൊന്നതാണെന്നും പി. കെ ഫിറോസ് ആരോപിച്ചു. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിലാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഫിറോസ് പറയുന്നു.
'പി.എസ്.സിയെ വിമർശിക്കുന്നവർക്ക് ജോലി നൽകില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയിൽ നിന്ന് വിലക്കാൻ പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സിപിഎമ്മിനെ വിമർശിക്കുന്നവർക്ക് എ.കെ.ജി സെന്ററിൽ ജോലി നൽകില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പി.എസ്.സിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങൾ കാണുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രതിഷേധമുയരട്ടെ'യെന്നും അദ്ദേഹം കുറിച്ചു.
അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പങ്കുവച്ച് ഒന്നും പറയാൻ കഴിയുന്നില്ല, ക്ഷമിക്കൂവെന്നായിരുന്നു അരുവിക്കര എംഎൽഎ ശബരീനാഥൻ കുറിച്ചത്. ഇനിയും എത്ര ജീവൻ വേണം സർക്കാരിന് തിരുത്താൻ എന്നായിരുന്നു മാത്യു കുഴൻനാടന്റെ ചോദ്യം. അങ്ങേയറ്റം വേദനയോടെയാണ് വാർത്ത പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുറിപ്പിങ്ങനെ : വളരെ വേദനയോടെയാണ് ഇത് കുറിക്കുന്നത്..'എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ.. ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുഞ്ഞനുജൻ അനുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണ്. നാളുകളായി കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.. ഇനിയും എത്ര ജീവൻ വേണം..? നിങ്ങളുടെ കണ്ണു തുറക്കാൻ കാതുകൾക്ക് കേൾവികിട്ടാൻ..? ക്ഷമിക്കൂവെന്ന് വി ടി ബൽറാമും കുറിച്ചു.
പിഎസ്സി എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ജീവനൊടുക്കിയത്. റാങ്ക് പട്ടികയിൽ 76ാം സ്ഥാനക്കാരനായിരുന്നു അനു. കുറച്ച് ദിവസമായി ആഹാരം വേണ്ടെന്നും ശരീരം വേദനിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടെയും മുമ്പിൽ ചിരിച്ച് അഭിനയിക്കാൻ വയ്യെന്നും എല്ലാത്തിനും ജോലി ഇല്ലായ്മയാണ് കാരണമെന്നും എഴുതി വച്ചിട്ടാണ് അനു ജീവനൊടുക്കിയത്.
അതേസമയം പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദർശിക്കാനെത്തിയ സികെ ഹരീന്ദ്രൻ എംഎൽഎക്ക് നേരെ പ്രതിഷേധം ഉണ്ടായി. യുവമോർച്ച നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പരമാവധി നിയമനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി. എന്നാൽ എംഎൽഎ പിഎസ് സിയെ ന്യായീകരിക്കുകയാണെന്ന് യുവമോർച്ച നേതാക്കൾ പറഞ്ഞു.
പി.എസ്.സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നിട്ടും ജോലി കിട്ടിയില്ലെന്നതാണ് വസ്തുത. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂർത്തിയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അനു ഉൾപ്പെട്ട ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസം കൂടി സർക്കാർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂൺ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. എന്നിട്ടും ജോലി കിട്ടിയില്ല.
കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴുപേർക്കു കൂടി അഡൈ്വസ് മെമോ അയക്കാൻ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേർക്കാണ് നിയമനം ലഭിച്ചത്. 77- റാങ്കുകാരൻ ഇതോടെ തീർത്തും നിരാശയിലായി. 77-ാം റാങ്ക് കിട്ടയതോടെ തന്നെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അനു. ആത്മഹത്യയാണുണ്ടായതെന്ന് പൊലീസും സ്ഥിരീകരിച്ചു. വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അനുവിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇലക്ട്രിക്കൽ ജോലിയാണ് കുടുംബം നോക്കാൻ ചെയ്തിരുന്നത്. അവിവാഹിതനുമായിരുന്നു.
ഇന്ന് രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. എംകോം നേടിയത് കഷ്ടപ്പെട്ട് പഠിച്ചായിരുന്നു. കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മയെന്നാണ് അനു തന്റെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. സോറിയെന്നും കുറിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പും പുറത്തു വന്നു.
മറുനാടന് മലയാളി ബ്യൂറോ