തിരുവനന്തപുരം: ആയോധ്യയിലെ ദശരഥ പുത്രൻ രാമൻ... പെറ്റി അടിക്കാൻ ഏന്തു പേരു പറഞ്ഞാലും സ്വീകരിക്കുന്ന പൊലീസ്. ഒടുവിൽ പേരു പറഞ്ഞു കൊടുത്ത ആളിനെ ആൾമാറാട്ട കേസിൽ പെടുത്തിയ പൊലീസും. ഈ നാട്ടിലാണ് സ്വന്തം മകളുടെ പ്രസവത്തിന് തെറ്റായ പേര് നൽകിത്. അനുപമ ചന്ദ്രനും അജിത്തും കുട്ടിയെ തേടി അലയുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്. അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് മറുനാടന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ അറസ്റ്റും ജയിൽ വാസവും പ്രതികൾക്കുണ്ടാകൂ.

കാട്ടക്കട നെയ്യാർമെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കാട്ടാക്കട പഞ്ചായത്തിലാണ് ഉള്ളത്. ഇതു പ്രകാരം 2020 ഒക്ടോബർ 19ന് അനുപമ പ്രസവിച്ചു. അനുപമയുടെ കുട്ടിയുടെ അച്ഛന്റെ പേര് ജയകുമാറും. യഥാർത്ഥത്തിൽ അനുപമയുടെ അച്ഛന്റെ പേര് ജയചന്ദ്രനെന്നാണ്. ഈ പേരിൽ ചെറിയ മാറ്റം വരുത്തി ജയകുമാർ എന്നാക്കി. മണക്കാടാണ് ജയകുമാറിന്റെ വീടെന്നും ജനന സർട്ടിഫിക്കറ്റ് പറയുന്നു. എന്നാൽ ഇത്തരത്തിലൊരാൾ മണക്കാട് ഈ അഡ്രസിൽ ഇല്ലെന്നതാണ് വസ്തുത.

അതായത് കുട്ടിയെ പ്രസവിച്ച ഉടൻ തന്നെ മാറ്റാൻ ആരോ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പേര് തെറ്റിച്ചു നൽകിയത്. അവിവാഹിതയാണ് അനുപമ എന്ന സൂചനകളൊന്നും ഈ ജനന സർട്ടിഫിക്കറ്റിൽ ഇല്ല. രോണി നിവാസ്, മണക്കാട് താമസിക്കുന്ന ജയകുമാറിന്റെ ഭാര്യയാണ് അനുപമ എന്ന് ഒറ്റനോട്ടത്തിൽ തോന്നുവിധമുള്ള അഡ്രസ് നൽകൽ. ആശുപത്രിയുടെ രജിസ്‌ട്രേഷൻ മുതൽ തട്ടിപ്പുകൾ തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഈ സർട്ടിഫിക്കറ്റ്. കുട്ടിക്ക് പേരിട്ടിട്ടില്ല. പ്രസവിച്ചത് ആൺകുഞ്ഞിനെയാണെന്നും വ്യക്തമാണ്. ഈ ജനന സർട്ടിഫിക്കറ്റിൽ നിന്നു തന്നെ കുട്ടിയെ ഒളിപ്പിക്കാനുള്ള ഗൂഢാലോചന വ്യക്തമാണ്.

സിപിഎമ്മുകാരനായ അച്ചൻ ജയചന്ദ്രനാണ് ഇതിന് പിന്നിലെന്ന് അനുപമ പറയുന്നു. ഈ ജനന സർട്ടിഫിക്കറ്റ് പൊലീസിന്റെ കൈയിലുമുണ്ട്. ജയചന്ദ്രനെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോകലിന് ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഈ രേഖ മാത്രം മതി. കേസിൽ പ്രതികളായ ആറു പേരേയും ജയിലിലും അടയ്ക്കാം. ജയചന്ദ്രന്റെ ഭാര്യയും മകളും മരുമകനും രണ്ടു കൂട്ടുകാരുമാണ് കേസിലെ പ്രതികൾ. ഇതുവരെ ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസൊതുക്കി എങ്ങനേയും പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം. ഇതിനിടെയാണ് ജനനതീയതിയിൽ ബോധപൂർവ്വം കള്ള വിവരം നൽകിയെന്ന് വ്യക്തമാകുന്നത്. ഇതും ക്രിമിനൽ കുറ്റമാണ്.

കുഞ്ഞിനെ കടത്താൻ തന്റെ മാതാപിതാക്കൾക്കൊപ്പം നിന്നത് ശിശുക്ഷേമസമിതി സെക്രട്ടറിയായ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാൻ ആണെന്ന് അനുപമയും അജിത്തും ആരോപിച്ചിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ ആരോപിച്ചു. മതാപിതാക്കളെ സഹായിക്കാൻ നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത്. പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ, ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിത ജെയിംസ് എന്നിവർ ഷിജുഖാനുമായി ചേർന്നു കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നും അനുപമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ്. അന്വേഷണ മേൽനോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രൻ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുൾപ്പെടെയുള്ളവരെ ജയചന്ദ്രൻ നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്പോൾ ഉടൻ തരാമെന്ന് മാതാപിതാക്കൾ അനുപമയെ പറഞ്ഞു പറ്റിച്ചിരുന്നു.

ആറ് മാസം മുൻപാണ് അനുപമ തന്റെ ആൺ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നൽകാമെന്ന് പറഞ്ഞ് അച്ഛൻ ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാൽ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്.

തന്റെ കുഞ്ഞിനെ അച്ഛൻ തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ നടന്നൊരു ചാനൽ ചർച്ചയിൽ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചയായി. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തിൽ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി അടിയന്തര റിപ്പോർട്ട് തേടി.

കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ പ്രസവിച്ചത്. മൂന്നു ദിവസത്തിനുശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം ബലപ്പെടുകയാണ്. അതേ കുട്ടി തന്നെയാണെങ്കിൽ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണു നിയമ വിദഗ്ധരുടെ വിലയിരുത്തൽ.