- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ
തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ദത്ത് വിവാദത്തിൽ പാർട്ടിയുടെ ലക്ഷ്യം പേരൂർക്കട സദാശിവന്റെ മകൻ ജയചന്ദ്രനെ ജയിലിലേക്ക് അയയ്ക്കരുത് എന്നതു തന്നെ. സ്വന്തം കുഞ്ഞിനെ തേടുന്ന അനുപമ ചന്ദ്രനും അജിത്തിനുമെതിരെ വിവാദ പരാമർശങ്ങളുമായി മന്ത്രി സജി ചെറിയാൻ എത്തിയതോടെയാണ് ചർച്ച പുതിയ തലത്തിലെത്തുന്നത്. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രിയെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. സാംസ്കാരിക മന്ത്രി കൂടിയാണ് സജി ചെറിയാൻ.
പ്രചരിക്കുന്ന കഥകളെല്ലാം തെറ്റാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നസിയ മറുനാടനോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്റെ പ്രതികരണം. മന്ത്രി സജി ചെയറിയാൻ പറഞ്ഞതിങ്ങനെ: ''കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം-ഇതാണ് മന്ത്രി പറയുന്നത്.
എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്-സജി ചെറിയാൻ പറയുന്നു. ഇതിനൊപ്പം മയക്കുമരുന്നിലും സജി ചെറിയാൻ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാരിനേയും മദ്യ നയത്തേയും വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് സജി ചെറിയാന്റെ നിലപാട് വിശദീകരണം.
19 വയസുണ്ടായിരുന്ന ഞാൻ 46 വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് ആദ്യം വിവാഹം ചെയ്തത എന്ന് നസിയ വെളിപ്പെടുത്തിയിരുന്നു. അയാളും അജിത്തും തമ്മിൽ പരിചയമില്ലെന്നും അത് ഡിവോഴ്സ് ആയ ശേഷം അജിത്തിനെ വിവാഹം ചെയ്തുവെന്നും നസിയ പറയുന്നു. തനിക്ക് കുട്ടികളുമില്ലെന്ന് മറുനാടനോട് നസിയ വെളിപ്പെടുത്തിയിരുന്നു. അജിത്തിനും അനുപമയ്ക്കും എതിരെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം എന്നും കൂട്ടിച്ചേർത്തിരുന്നു, നടക്കുന്നത് ദത്ത് വിവാദത്തിൽ ജയചന്ദ്രനെ രക്ഷിക്കാനുള്ള നീക്കമാണെന്ന സംശയം ഇതോടെ സജീവമായി. സൈബർ സഖാക്കളുടെ ഈ കള്ള പ്രതികരണങ്ങളെയാണ് സജി ചെറിയാനും ഏറ്റെടുക്കുന്നത്.
പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഉപേക്ഷിക്കാൻ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രം നേരത്തെ പുറത്തു വന്നിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അനുപമ ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിലും പിന്നാലെ ഡിജിപിക്കും നൽകിയ പരാതി കേസെടുക്കാതെ ഒതുക്കിയത് നിയമപരമായി നിലനിൽക്കാത്ത ഈ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തിയാണ് ഇതിൽ ഒപ്പുവെപ്പിച്ചതെന്നാണ് അനുപമ പറയുന്നത്. ഒക്ടോബർ 19 നാണ് നെയ്യാർ മെഡിസിറ്റിയിൽ അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അതിന് നാല് ദിവസം മുമ്പ് നോട്ടറി ഹരിലാലും അച്ഛൻ ജയചന്ദ്രന്റെ സുഹൃത്തും അനുപമയെ കാണാൻ വീട്ടിലെത്തി. അനുപമയെക്കൊണ്ട് ഇതിൽ ഒപ്പുവെപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചു എന്നാണ് അനുപമ നേരത്തെ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത്.
പ്രസവിച്ച് കഴിഞ്ഞാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഉപക്ഷിക്കാനുള്ള സമ്മതപത്രമാണ് അനുപമയുടെ അച്ഛൻ നോട്ടറിയുടെ സഹായത്തോടെ തയ്യാറാക്കിയത്. അതേസമയം തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ തിരിച്ചെടുത്ത് വളർത്താൻ അവകാശമുണ്ടാകുമെന്നും ഈ സമ്മത പത്രത്തിൽ പറയുന്നു. എന്നാൽ പ്രസവിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സമ്മതപത്രത്തിൽ ഒപ്പിട്ടാൽ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിയമപ്രകാരം കഴിയില്ല. മാതാപിതാക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരായി കുട്ടിയെ വളർത്താനാകില്ലെന്ന് പറഞ്ഞാൽ മാത്രമേ കുഞ്ഞിനെ സറണ്ടർ ചെയ്യാനാകൂ. നിയമപരമായി ഒരു സാധുതതയുമില്ലാത്ത ഈ സമ്മതപത്രം പക്ഷേ പൊലീസിനുമുമ്പിൽ ജയചന്ദ്രൻ ഹാജരാക്കി.
ഈ സമ്മത പത്രത്തിന്റെ പേരിൽ അനുപമ തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികളെല്ലാം കേസില്ലാതെ ഒതുക്കിത്തീർക്കുകയും ചെയ്തു. എല്ലാം അനുപമയുടെ സമ്മതത്തോടെയാണ് ചെയ്തത് എന്ന് വരുത്തിത്തീർക്കാൻ അച്ഛൻ ജയചന്ദ്രൻ നടപ്പാക്കിയ പദ്ധതി പക്ഷേ ജയചന്ദ്രന് തന്നെ തിരിച്ചടിയാവുകയും ചെയ്തു. ഇതൊക്കെയാണ് സത്യം. എന്നാൽ മന്ത്രി സജി ചെറിയാൻ മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ