- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 രൂപ ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞ ഡോക്ടർക്ക് നഷ്ടമായത് ആറരലക്ഷം രൂപ ; ഓൺലൈൻ തട്ടിപ്പ് രംഗത്തെ പുതിയ വില്ലനായി എനി ഡസ്ക് ആപ്പ്; കോഴിക്കോട് സ്വദേശനിയുടെ പണം തിരികെ പിടിച്ചത് മാസങ്ങൾക്ക് ശേഷം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട് : ഓൺലൈൻ തട്ടിപ്പ് രംഗത്തെ പുതിയ വില്ലനായ 'എനി ഡസ്ക്ക്' ഓൺലൈൻ ആപ്ലിക്കേഷനെക്കറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്.ആപ്പിന്റെ പേരിൽ കുരുങ്ങി വയോധികയായ ഡോക്ടറുടെ ആറര ലക്ഷത്തോളം രൂപ ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പു സംഘം കവർന്നു. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ആറുമാസത്തിനു ശേഷം പണം കണ്ടെടുത്തു. ഈസംഭവത്തെ മുൻനിർത്തിയാണ് പൊലീസ് ജാഗ്രത നിർദ്ദേശം നൽകുന്നത്.എളുപ്പത്തിൽ ഉപഭോക്താക്കളെ കബളിപ്പിക്കാൻ പറ്റുന്നുവെന്നതാണ് എനി ഡസ്കിന്റെ പ്രത്യേകത.
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കംപ്യൂട്ടർ എന്നിവയുടെ നിയന്ത്രണം ദൂരെ നിന്നും ഉടമയറിയാതെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണിത്. 2014 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ നിർമ്മിക്കപ്പെട്ടു. ഇത് ഡൗൺലോഡ് ചെയ്ത ശേഷം ലഭിക്കുന്ന കോഡ് നമ്പർ ഉപയോഗിച്ച് ഉപകരണത്തിലെ എല്ലാ പ്രോഗ്രാമും നാമറിയാതെ മറ്റുള്ളവർക്കു പ്രവർത്തിപ്പിക്കാം.
കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപത്ത് താമസിക്കുന്ന 77 വയസ്സുകാരി ഡോക്ടറുടെ 6.44 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും തട്ടിയെടുത്തത്. 2021 ജൂലൈയിലാണു സംഭവം. പരാതിയെ തുടർന്ന് കോഴിക്കോട് ക്രൈം റിക്കോർഡ് ബ്യൂറോ അസി.കമ്മിഷണർ സി. രഞ്ജിത്തിന്റെ നിർദേശപ്രകാരം ജില്ലാ സൈബർ പൊലീസ് ഇൻസ്പെക്ടർ എസ്. നിയാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഉത്തരേന്ത്യൻ സംഘത്തിൽ നിന്നും കഴിഞ്ഞ ദിവസം പണം കണ്ടെടുത്തത്.
2021 ജൂലൈയിൽ ആണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: ഡോക്ടറുടെ മൊബൈൽ നമ്പറിൽ വിളിച്ച് ബാങ്ക് അക്കൗണ്ട് ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാൻ സംഘം ആവശ്യപ്പെട്ടു. സംശയം തോന്നിയ ഡോക്ടർ കൂടുതൽ സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. തുടർന്നു വീണ്ടും ബാങ്കിൽ നിന്നാണെന്ന് അറിയിച്ചു വിളിച്ചു. ഉടനെ അക്കൗണ്ട് ലിങ്ക് ചെയ്യാൻ പറഞ്ഞു. ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച ഡോക്ടർ എന്തുചെയ്യണമെന്നു തിരിച്ചു ചോദിച്ചു.
മൊബൈൽ പ്ലേ സ്റ്റോറിൽ '' എനി ഡസ്ക്ക് '' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അതിൽ വരുന്ന കോഡ് നമ്പർ പറയാനും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡോക്ടർ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് കോഡ് പറഞ്ഞു. ലിങ്ക് ചെയ്യാൻ 10 രൂപ ബാങ്കിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും നൽകി. 10 രൂപ ഡോക്ടർ മൊബൈൽ ട്രാൻസ്ഫർ വഴി അയച്ചു. മിനിറ്റുകൾക്കകം ഫോണിൽ ആദ്യ മെസേജ് വന്നു. 2 ലക്ഷം പിൻവലിച്ചതായി. പിന്നീട് 1.8 ലക്ഷം. അങ്ങനെ നാലു തവണയായി 6.44 രൂപ 2 മിനിറ്റുകൊണ്ടു ബാങ്കിൽ നിന്നു പിൻവലിച്ചു. അമളി പറ്റിയ വിവരം പുറത്തു പറയാതെ ഡോക്ടർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ എസ്. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരിൽ നിന്നും ലഭിച്ച സൂചനയാണു പണം നിക്ഷേപിച്ച ഉത്തരേന്ത്യയിലെ ബാങ്കുകൾ കണ്ടെത്തിയത്. തുടർന്നു പ്രതികൾ വലയിൽ കുടുങ്ങിയ സാഹചര്യത്തിൽ പൊലീസ് രാജസ്ഥാനിലെ ബാങ്ക് ഉദ്യോഗസ്ഥരുമായും പൊലീസുമായും സംസാരിച്ചു പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടിൽ നിന്നും തിരിച്ചുപിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഴുവൻ പണവും തിരിച്ചു കിട്ടിയത്. പണം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ നടപടി വേണ്ടെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. പൊലീസ് പണം ഡോക്ടർക്കു തിരികെ നൽകി. ഡോക്ടറുടെ ആവശ്യപ്രകാരം പൊലീസ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയില്ല. എനി ഡസ്ക്ക് ആപ് ഓൺലൈൻ തട്ടിപ്പിലെ പുതിയ രീതിയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ സൈബർ പൊലീസിലെ എസ്ഐ ടി.ബൈജു, ജിതേഷ് കൊല്ലങ്ങോട്ട് എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ