- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയോടാണോടാ നിന്റെയൊക്കെ കളി; വായ്പാ ആപ്പുകളിൽ നിന്ന് വായ്പ എടുക്കുന്നവരെ നാണം കെടുത്തി പണം തിരികെ മേടിക്കുന്ന ഉത്തരേന്ത്യൻ ലോബിയുടെ കളിക്ക് അതേ നാണയത്തിൽ തിരിച്ചടി; വായ്പയെടുത്ത് മുങ്ങുന്ന മലയാളികളുടെ എണ്ണം വർധിച്ചു; നാണം കെട്ടാലും വേണ്ടില്ല പണം തിരിച്ചു കൊടുക്കുന്നില്ല; തിരികെ പിടിക്കാൻ കഴിയാതെ ആപ്പുടമകളും
പത്തനംതിട്ട: കോവിഡ് കാലത്തെ പ്രതിസന്ധി മുതലെടുക്കാൻ വേണ്ടി കൂണുപോലെ മുളച്ചു പൊന്തിയവയായിരുന്നു ഓൺലൈൻ ലോൺ ഇൻസ്റ്റന്റ് ആപ്പുകൾ. തിരിച്ചറിയൽ രേഖ വാങ്ങി നിസാരമായ നടപടി ക്രമങ്ങളിലൂടെ ലോൺ ലഭിക്കുമ്പോൾ ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇത്തരം ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ കമ്പനികളുടെ തനിനിറം മനസിലായത്.
ഇവരുടെ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അത് ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ടി ഫോൺ കോൺടാക്ട് ലിസ്റ്റിലേക്ക് കടന്നു കയറാനുള്ള അനുവാദം കൊടുക്കേണ്ടിയിരുന്നു. ഇങ്ങനെ അനുവാദം കൊടുക്കുമ്പോൾ വലിയൊരു കെണിയിലാണ് തങ്ങൾ ചെന്നു പെടുന്നതെന്ന് ലോൺ എടുക്കുന്നവർ അറിഞ്ഞിരുന്നില്ല.
തിരിച്ചടവ് മുടങ്ങുമ്പോൾ ഈ കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സാപ്പിലേക്ക് ലോൺ എടുത്തയാളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും തെളിവിന് ഇവരുടെ ആധാർ കാർഡ് അയച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നത്. സ്ത്രീകളാണെങ്കിൽ അവരുടെ ചിത്രത്തിൽ നിന്ന് തല വെട്ടിയെടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രമുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നാണക്കേടും മാനഹാനിയും ഭയന്ന് ജീവനൊടുക്കിയവരും പണം തിരികെ അടച്ചവരുമുണ്ട്. പൊലീസിൽ ഇതു സംബന്ധിച്ച് നിരവധി പരാതികളും ചെന്നിരുന്നു.
സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്താണ് ലോൺ ആപ്പുകൾ വഴി വൻതട്ടിപ്പ് നടത്തുന്നത്. പ്ലേ സ്റ്റോറിൽ ധാരാണം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർബിഐയുടെ എൻബിഎഫ്‌സി ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 25 % പ്രോസസ്സിങ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ. ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും.
പിന്നീട്, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചക്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്. തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുകയാണ്.
ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കും. ലോൺ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച് ജനുവരിയിൽ തന്നെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നിർദ്ദേശം. നല്കിയിരുന്നു.
എന്നാൽ, ആദ്യമാദ്യം തട്ടിപ്പിന് ഇരയായ മലയാളി ഇപ്പോൾ വായപെടുത്ത് അടിച്ചു പൊളിക്കുകയാണ്. ചില വിരുതന്മാർ പല കമ്പനികളിൽ നിന്ന് വായ്പയെടുത്തു. പണം തിരിച്ച് അടയ്ക്കുന്നില്ല. ഇവരെ കുറിച്ച് കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അപവാദം പ്രചരിപ്പിക്കുന്നു. വായ്പയെടുത്തവർ നാണക്കേട് കാര്യമാക്കുന്നില്ല. പണം തിരികെ അടയ്ക്കുന്നുമില്ല. നിയമപ്രകാരം പണം ഈടാക്കാൻ കമ്പനികൾക്ക് കഴിയുന്നുമില്ല. ഇക്കാരണത്താൽ ഇതൊരു വരുമാന മാർഗമാക്കി മാറ്റിയിരിക്കുകയാണ് മിക്കവരും.
മലയാളികൾക്ക് ലോൺ നൽകി കുത്തുപാളയെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് ഓൺലൈൻ ലോൺ കമ്പനികൾ. ലോണെടുത്തവരെ അപമാനിച്ചു കൊണ്ടുള്ള അറിയിപ്പുകൾ വരുന്നതായുള്ള വാർത്തകൾ വ്യാപകമായതോടെ ആരും ഇക്കാര്യത്തിൽ ശ്രദ്ധിക്കാതെയായി. മാനഹാനി കാര്യമാക്കാത്ത മലയാളികൾ ഇതോടെ കൂട്ടത്തോടെ ലോൺ എടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്