കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ജനറൽ മാനേജരുടെ നിയമനം വിവാദമാകുന്നു. നേരത്തേ എംഡി പുറത്താക്കിയ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ഷംസുദ്ദീനെയാണ് ഉത്തരവ് പോലുമില്ലാതെ പിടിച്ച് ജനറൽ മാനേജരുടെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു നടപടി നേരിട്ടയാളാണ് കെ.ഷംസുദ്ദീൻ.

മന്ത്രി കെ.ടി.ജലീലിന്റെ വകുപ്പിനു കീഴിൽ പല തവണ വിവാദമുയർന്ന സ്ഥാപനമാണു ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ. കോർപറേഷനിലെ ഉന്നതന്റെ അടുപ്പക്കാരനായ ഷംസുദ്ദീനെ ക്ലാർക്ക് ആയി ദിവസവേതന അടിസ്ഥാനത്തിലാണ് ആദ്യം ജോലിക്കെടുത്തത്. പിന്നീടു ഡപ്യൂട്ടി മാനേജർമാരിൽ ഒരാൾ രാജിവച്ചപ്പോൾ ആ തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി ഷംസുദ്ദീനു സ്ഥാനക്കയറ്റം നൽകി. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീപിനെ നേരത്തേ ഇവിടെ ജനറൽമാനേജരായി നിയമിച്ചിരുന്നു. എതിർപ്പ് ശക്തമായപ്പോൾ അദീപ് രാജിവെച്ചു. കോർപ്പറേഷനിൽ ക്ലാർക്ക് കം കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനായ എം.കെ. ഷംസുദ്ദീൻ താമസിയാതെ ഡെപ്യൂട്ടി മാനേജരായി.

തിരുവനന്തപുരം ഓഫിസിലെ ഒരു ക്രമക്കേടുമായി ബന്ധപ്പെട്ടു ഷംസുദ്ദീനെ പിന്നീടു മലപ്പുറത്തേക്കു മാറ്റി. അതിനിടെ പുതുതായി ചുമതലയേറ്റ എംഡി നടത്തിയ അന്വേഷണത്തിൽ ഷംസുദ്ദീന്റെ നിയമനം അനധികൃതമെന്നു കണ്ടെത്തുകയും പിരിച്ചു വിടാൻ ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഷംസുദ്ദീനെ താൽക്കാലിക അടിസ്ഥാനത്തിൽ വീണ്ടും ജോലിക്കെടുക്കാൻ സമ്മർദം ഏറിയതോടെ എംഡി ജൂലൈ 31 നു രാജിവച്ചു. വൈകാതെ ജനറൽ മാനേജരും ഡപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങി.

കരാർ കാലാവധി കഴിഞ്ഞപ്പോൾ ഡെപ്യൂട്ടി മാനേജരുടെ നിയമനം നീട്ടിനൽകണമെന്ന ഭരണസമിതിയുടെ ശുപാർശ എംഡി തള്ളുകയായിരുന്നു. യോഗ്യരായവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തിവേണം നിയമനമെന്നായിരുന്നു എം.ഡി.യുടെ നിലപാട്. ഇതോടെ ഷംസുദ്ദീൻ പുറത്തായി. പിന്നാലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള നാല് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വീണ്ടും അപേക്ഷ നൽകിയശേഷമാണ് ഒരു നിയമന ഉത്തരവുമില്ലാതെ ഷംസുദ്ദീൻ കഴിഞ്ഞദിവസം ജനറൽമാനേജരുടെ ഓഫീസിൽ ചുമതലയേറ്റത്.

രണ്ടു സുപ്രധാന തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ മറവിലാണു ഷംസുദ്ദീനെ വീണ്ടും അവരോധിച്ചത്. എന്നാൽ, പുറത്തായ ഉദ്യോഗസ്ഥന്റെ ‘അനുഭവസമ്പത്ത്' ഉപയോഗപ്പെടുത്തുക മാത്രമാണു ചെയ്യുന്നതെന്നാണു കോർപറേഷൻ അധികൃതരുടെ വിശദീകരണം. കെട്ടിക്കിടക്കുന്ന ചില ജോലികൾ പൂർത്തിയാക്കാൻ ബോർഡിന്റെ അനുമതിയോടെ ഏതാനും ദിവസത്തേക്കു ഷംസുദ്ദീന്റെ സേവനം തേടുക മാത്രമാണു ചെയ്തതെന്ന് എംഡിയുടെ ചുമതല വഹിക്കുന്ന എ.ബി.മൊയ്തീൻകുട്ടി അറിയിച്ചു.

ദിവസവേതനാടിസ്ഥാനത്തിലാണു സേവനം. ജനറൽ മാനേജരുടെ മുറി മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്. അതുകൊണ്ടാണ് അവിടെ ഇരിക്കാൻ സൗകര്യം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിലെ ഏറ്റവും പ്രധാനഫയലുകൾ കൈകാര്യം ചെയ്യുന്ന മുറിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി ഇദ്ദേഹം ജോലി ചെയ്യുകയാണ്.

കോഴിക്കോട്ടെ കോർപ്പറേഷന്റെ ആസ്ഥാനത്ത് ഡെപ്യൂട്ടി മാനേജരായിരുന്ന കാലത്ത് വായ്പ അനുവദിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. പലർക്കും വൻതുക വായ്പ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് ജൂലായ് 31-ന് എം.ഡി.യുടെ ചുമതലയൊഴിഞ്ഞ മുഹമ്മദ് നൗഷാദ് റിപ്പോർട്ടുചെയ്തിരുന്നു. ഷംസുദ്ദീൻ നിർണായകഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച പരാതി എം.ഡി.യുടെ ചുമതല നിർവഹിക്കുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിയെയും ചെയർമാൻ ഡോ. എ.പി. അബ്ദുൾവഹാബിനെയും അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല.