ചിറ്റാർ: അനധികൃത നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച വിവാദത്തെ തുടർന്ന് കെയു ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ അനുമോൾ സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ പ്യൂൺ ജോലി രാജി വച്ചു. മാസങ്ങൾക്ക് മുൻപ് രാജി സമർപ്പിച്ചിരുന്നുവെങ്കിലും വിവരം ഇപ്പോഴാണ് പുറത്തു വന്നിരുന്നത്. ബാങ്കിൽ നൈറ്റ് വാച്ച്മാനായി അനധികൃതമായി കയറി കൂടിയ ഇപ്പോഴത്തെ സീതത്തോട് പഞ്ചായത്ത് ്പ്രസിഡന്റ് ജോബി ടി. ഈശോയും തെരഞ്ഞെടുപ്പിന് മുൻപ്രാജി വച്ചിരുന്നു. താൻ രാജി വച്ച ഒഴിവിലേക്ക് ഭാര്യയ്ക്ക് ജനീഷ്‌കുമാർ നിയമനം നൽകുകയും പിന്നീട് ചട്ടം മറി കടന്ന് സ്ഥാനക്കയറ്റം നൽകാൻ ശ്രമിച്ചതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വിജിലൻസും സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങുകയും വരുന്ന തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് വന്നതോടെയാണ് രാജി. കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് വിവാദം ഉയർന്നത്. അന്നു തന്നെ അനുമോൾ രാജി വച്ചെങ്കിലും വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്. സീതത്തോട് ലോക്കൽ സെക്രട്ടറിയായിരുന്ന ജോബി ടി. ഈശോയെ ചട്ടം മറി കടന്ന് ബാങ്കിൽ നൈറ്റ് വാച്ചമാനായി നിയമിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോബിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ഈ സ്ഥാനം ഒഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ജോബി വിജയിക്കുകയും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.ആങ്ങമൂഴി എൽസി സെക്രട്ടറിയും പാർട്ടിയിലെ മുതിർന്നയാളുമായ പിആർ പ്രമോദിനെ വെട്ടിയാണ് ജോബിയെ പ്രസിഡന്റാക്കിയത്. ന്യൂനപക്ഷ വോട്ടുകൾ വരുന്ന തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടാണ് ജനീഷ്‌കുമാർ ഇതിന് മുതിർന്നതെന്ന് പറയുന്നു.

സഹകരണ വകുപ്പിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് എംഎൽഎയുടെ ഭാര്യയുടെ രാജി എന്നാണ് സൂചന. രാജി വച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് താക്കീതും നൽകിയിട്ടുണ്ട്. മറ്റൊരു ജോലി കിട്ടിയതു കൊണ്ടാണ് അനുമോൾ ജോലി രാജി വച്ചതെന്നാണ് സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി ജോസ്പറയുന്നു.സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ എംഎൽഎ ഭാര്യയെയും ലോക്കൽ സെക്രട്ടറിയെയും ക്രമവിരുദ്ധമായി നിയമിച്ചതിനെതിരേ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ട അന്വേഷണം മുടങ്ങി കിടക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് രാജിക്കായി സമ്മർദം ഉണ്ടായത്.

എംഎൽഎ തന്റെ ജോലി രാജി വച്ച് ബിരുദധാരിയായ ഭാര്യയെ നിയമിക്കുകയായിരുന്നു. ഡിഗ്രി പാസായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിരം നിയമനം നിലനിൽക്കുന്ന കാലഘട്ടത്തിലാണ് ഡിഗ്രി പൂർത്തിയാക്കിയ എംഎൽഎയുടെ ഭാര്യയെ നിയമിച്ചത്. ഇത് ജോയിന്റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി പാസായില്ലെന്ന് സത്യവാങ്മൂലം കൊടുത്തു. പിന്നാലെ ഇവർക്ക് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റവും ലഭിച്ചു.

സീതത്തോട് സർവീസ് സഹകരണ ബാങ്ക് കെയു ജനീഷ് കുമാർ എംഎൽഎ കുടുംബസ്വത്ത് ആക്കി മാറ്റിയെന്നാണ് ആരോപണം. കോടികളുടെ ക്രമക്കേട് ബാങ്കിൽ നടന്നു. അന്വേഷിക്കാൻ ആരും എത്തിയിട്ടില്ല. ഒരിക്കൽ എത്തിയ സഹകരണ സംഘം ഇൻസ്പെക്ടർ അടി കൊള്ളാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിൽ ആദ്യം ജീവനക്കാരനായിരുന്നു ജനീഷ് കുമാർ. പിന്നീട് അദ്ദേഹം രാജി വച്ചു. പകരം ഭാര്യയെ നിയമിച്ചു. ഭാര്യ ജോലി ചെയ്തത് ചട്ടം മറികടന്നായിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥനെയാണ് ഭീഷണി മുഴക്കി പറഞ്ഞയച്ചത്. അതിനിടെ ബാങ്കിൽ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറി കണ്ടെത്തി.

ജനീഷ് കുമാറിന്റെ ഭാര്യയെ ചട്ടം മറികടന്നാണ് നിയമിച്ചത് എന്നാരോപിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനുവാണ് സഹകരണ സംഘം രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകിയത്. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് വടശേരിക്കര യൂണിറ്റ് ഇൻസ്പെക്ടർ പരിശോധനയ്ക്ക് ബാങ്കിലെത്തി. അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും ഉണ്ടായി. രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും 2017 നവംബർ നാലിന് ഇൻസ്പെക്ടർ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടി ഒന്നുമുണ്ടായില്ല.

നിയമനം സാധൂകരിക്കുന്നതിന് യോഗ്യതാ സർട്ടിഫിക്കറ്റും ടിസിയും ഹാജരാക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഹാജരാക്കിയില്ല. ജനീഷ് കുമാർ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. 10 മാസത്തെ ജെഡിസി കോഴ്സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്. 10 മാസം അവധിയെടുത്ത് കോഴ്സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു.

സഹകരണ സംഘം പരീക്ഷാ ബോർഡിൽ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് ചട്ടം. ഇതാണ് ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയത്. ബാങ്കിൽ ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്നൊരു ആരോപണവും നിലനിൽക്കുന്നു. 10 വർഷമായി ഓഡിറ്റിങ് നടക്കാറില്ലെന്നും ഇതു വരെ രണ്ടു കോടിയുടെ തിരിമറി സ്ഥിര നിക്ഷേപങ്ങളിലടക്കം നടന്നുവെന്നാണ് പരാതി.