പത്തനംതിട്ട: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാർ ഇടിച്ചു വീഴ്‌ത്തി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സംശയം. കൈപ്പട്ടൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിധിൻ കുമാറി(28)നാണ് വെട്ടേറ്റത്. ബുധനാഴ്ച പുലർച്ചെ 12 ന് നരിയാപുരം സെന്റ് പോൾസ് സ്‌കൂളിന് സമീപം ആണ് സംഭവം.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കൃത്യം നടത്തിയത് ഇവർ തന്നെയാണോ എന്ന് അറിയണമെങ്കിൽ നിധിന് ബോധം തെളിയേണ്ടതുണ്ട്. എന്നാൽ, കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയോട് പൊട്ടി. തലച്ചോറിനും ക്ഷതമേറ്റതായി സംശയിക്കുന്നു. ഇതിന് പുറമേ കഴുത്തിനും കാലിനും മാരകമായി വെട്ടേറ്റിട്ടുണ്ട്.

കൃത്യം നടത്തിയ രീതിയാണ് ക്വട്ടേഷൻ സംഘങ്ങളെ സംശയിക്കാൻ കാരണമായിട്ടുള്ളത്. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങുക ആയിരുന്നു നിധിനും സുഹൃത്തുക്കളും. കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തിയ ശേഷം തുരുതുരാ വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കി പാഞ്ഞടുത്തതോടെ നിധിനു ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

നിധിനെ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകി. സ്ഥിതി ഗുരുതരം ആയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മുൻവൈരാഗ്യം ആണ് അക്രമത്തിനു കാരണം എന്ന് സംശയിക്കുന്നു. കഴിഞ്ഞ ശിവരാത്രി നാളിൽ തൃപ്പാറ ശിവ ക്ഷേത്രത്തിൽ വച്ചു നിധിനും മറ്റൊരു സംഘവുമായി വഴക്ക് നടന്നിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്ന് സംശയിക്കുന്നു.