- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാപ്രളയകാലത്ത് ക്ലീനിങ് ചാർജ് നൽകിയില്ല എന്ന് പറഞ്ഞ് കള്ളത്താക്കോൽ ഇട്ട് ഫ്ളാറ്റുകൾ തുറന്നു; ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും എടുത്തുകൊണ്ടു പോയി; താമസം തുടങ്ങിയപ്പോൾ മുതൽ പൊറുതിമുട്ടിച്ച് പലതരം പിരിവുകൾ; വനിതാ മാനേജരെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസ്; ആലുവയിലെ അക്വാസിറ്റിയിൽ ശ്വാസ് ഹോംസിന്റെ ഗൂണ്ടാഭീഷണിയിൽ ഉടമകൾ
കൊച്ചി: ലക്ഷങ്ങൾ മുടക്കി വില്ലയും ഫ്ളാറ്റും വാങ്ങിയവർ ബിൽഡറുടെ പ്രതികാര നടപടിക്ക് ഇരയായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ കുടുങ്ങി ഇവർ വെള്ളം കുടിക്കുകയാണ്. ബിൽഡറുടെ ഓഫീസിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു എന്ന ആരോപണം വരെ ചുമത്തിയാണ് ആലുവയിലെ അക്വാസിറ്റി പ്രോജക്ടിന്റെ ഉടമകളായ ശ്വാസ് ഹോംസ് ഫ്ളാറ്റ് ഉടമകൾക്കെതിരെ പരാതി നൽകിയത്. 17 ഏക്കറോളം സ്ഥലത്തുള്ള 66 വില്ലകളിലെയും ആറു ടവറുകളിലായുള്ള 800 ഓളം ഫ്ളാറ്റ് ഉടമകളും ചേർന്ന് അക്വാസിറ്റി അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരിക്കാൻ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് കേസ് കൊടുത്തത്. ശ്വാസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ലീഗൽ മാനേജർ രാജേഷ് കുമാർ ആലുവ കോടതിയിൽ നൽകിയ പരാതിയെ തുടർന്നു ആലുവ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്വാസ് ഹോംസ് നടത്തുന്ന ഗുണ്ടാപിരിവിനു അറുതി വരും എന്ന് കരുതിയാണ് അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ബിൽഡേഴ്സ് തടയിട്ടതും കള്ളക്കേസ് നൽകിയതുമെന്നാണ് ഫ്ളാറ്റ്-വില്ലാ ഉടമകൾ ആരോപിക്കുന്നത്. എഴുപത് ശതമാനത്തോളം ഫ്ളാറ്റ്-വില്ലാ ഉടമകളും എൻആർഐ ആയതിനാൽ ഈ സാഹചര്യം ശ്വാസ് ഹോംസ് ചൂഷണം ചെയ്യുകയാണ്. മാനേജർ ആയ വനിതയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ മുഴുവനും വ്യാജമാണ്. പ്രതികാരം തീർക്കാൻ കള്ളപ്പരാതി നൽകുകയാണ് ശ്വാസ് ഹോംസ് ചെയ്തത് എന്നാണ് ഫ്ളാറ്റുടമകൾ ആരോപിക്കുന്നത്. ബിൽഡേഴ്സ് നൽകിയ കേസിൽ പ്രതികളാക്കപ്പെട്ട ഒൻപതു പേരിൽ അഞ്ച് ഫ്ളാറ്റ് ഉടമകളും വനിതകളാണ്. സ്വത്തുക്കൾ വിറ്റ് പെറുക്കിയും ആഭരണങ്ങൾ പണയം വെച്ചും ശ്വാസ് ഹോംസിൽ നിന്ന് ഫ്ളാറ്റുകളും വില്ലകളും വാങ്ങിയവർ കേസിന്റെ പേരിൽ ഇപ്പോൾ കയ്പ്പ് നീർ കുടിക്കുകയാണ്. മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തെങ്കിലും ജാമ്യം ലഭിച്ചില്ല. ജാമ്യം ലഭിക്കാനുള്ള ശ്രമത്തിലാണ് ശ്വാസ് ഹോംസിൽ നിന്നും വില്ല വാങ്ങി വെള്ളത്തിലായ ഫ്ളാറ്റ് ഉടമകൾ.
ശ്വാസ് ഹോംസുമായുള്ള ഇടപാട് ഒരു നഷ്ടക്കച്ചവടം ആയിരുന്നെന്നും ബിൽഡറെ തിരിച്ചറിയാൻ വൈകിപോയെന്നുമാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. ഏഴു വർഷത്തോളം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാൻഡ് ഓവർ അല്ല നല്കിയതും. 800-ൽ അധികം ഫ്ളാറ്റുകളും 66 വില്ലകളുമുള്ള അക്വാസിറ്റിയിൽ ഇതുവരെ വാട്ടർ കണക്ഷൻ എടുത്ത് നൽകിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകും എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായമാണ് ശ്വാസ് ഹോംസ് പറയുന്നത്. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്ന് പറഞ്ഞു ഫ്ളാറ്റ് നൽകിയിട്ട് മഹാ പ്രളയസമയത്ത് തങ്ങൾ ആവശ്യപ്പെട്ട ക്ലീനിങ് തുക നൽകിയിട്ടില്ല എന്ന് പറഞ്ഞു അവർ നൽകിയ ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും കള്ളതാക്കോൽ ഇട്ട് വീട് തുറന്നു എടുത്തുകൊണ്ടു പോയതായും ഫ്ളാറ്റ് ഉടമകൾ ആക്ഷേപിക്കുന്നു. ഫയർ ഇൻസ്പെക്ഷൻ നടത്തിയ പേപ്പറുകൾ പോലും ഇതുവരെ കൈമാറിയിട്ടില്ല. അക്വാസിറ്റിയിൽ അവർ നൽകും എന്ന് പറഞ്ഞു കോമൺ അമിനിറ്റീസ് ഒന്നും നൽകിയിട്ടില്ല. ബോട്ട് ക്ലബ്, സിനിമാ തിയേറ്റർ, ഷോപ്പിങ് സെന്റർ, ടെന്നീസ്, ഷട്ടിൽ കോർട്ട് എല്ലാം കടലാസിൽ മാത്രമാണ്. പല തരം പിരിവുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിരിവുകൾക്ക് തടയിടാൻ വേണ്ടിയാണ് അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്- ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അപക്സ് ബോഡി രൂപീകരണത്തിനു ശ്വാസ് ഹോംസ് എതിരായിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിവുകൾ ആണ് ശ്വാസ് ഹോംസ് പതിവ് പരിപാടി. ഇത് തടയാൻ വേണ്ടിയാണ് അക്വാസിറ്റി പ്രോജക്ടിൽ അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ഫ്ളാറ്റ്-വില്ലാ ഉടമകൾ ശ്രമിച്ചത്. പക്ഷെ ബിൽഡർ ഇതിനു എതിര് നിന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കഴിഞ്ഞയാഴ്ച ഫ്ളാറ്റ് ഉടമകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. അക്വാ സിറ്റിയിലേക്ക് ഉള്ള പ്രധാന ഗെറ്റ് ശ്വാസ് ഹോംസ് അടച്ചു.ഫ്ളാറ്റ് ഉടമകൾ പരാതിപ്പെട്ടപ്പോൾ ആലുവ പൊലീസ് എത്തിയാണ് ഗെറ്റ് തുറന്നത്. ഇതിന്റെ ഭാഗമായി വന്ന തർക്കത്തിന്റെ പേരിൽ ശ്വാസ് ഹോംസ് അധികൃതരും ഫ്ളാറ്റ് ഉടമകളും തമ്മിൽ ഇടഞ്ഞു. ഇതോടെയാണ് പ്രതിഷേധം ഉയർത്തിയ വനിതകൾ അടക്കമുള്ള ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് പരാതി നൽകിയത്. ആലുവ കോടതിയിൽ പരാതി നൽകിയപ്പോൾ കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് ആലുവ വെസ്റ്റ് എസ്ഐ ഫൈസൽ മറുനാടനോട് പറഞ്ഞത്. കേസിൽ അന്വേഷണം നടത്തി വരുകയാണ് എന്നാണ് എസ്ഐ പറഞ്ഞത്.
ശ്വാസ് ഹോംസ് ബിൽഡേഴ്സ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: ഫ്ളാറ്റ് ഉടമകൾ
ശ്വാസ് ഹോംസ് ബിൽഡേഴ്സിൽ നിന്നും ഫ്ളാറ്റുകൾ വാങ്ങിയപ്പോൾ ചതി പറ്റി എന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. 2011 തുടങ്ങിയ പ്രോജക്റ്റ് ആണിത്/ 2013 ൽ ഫ്ളാറ്റുകളും വില്ലകളും കൈമാറും എന്നാണ് പറഞ്ഞത്. എന്നാൽ കൈമാറ്റം നടന്നു തുടങ്ങിയത് 2018 മുതലാണ്. പറഞ്ഞതിലും ആറും വർഷം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാന്റിങ് ഓവർ നടന്നിട്ടില്ല. ഫയർ ഇൻസ്പെക്ഷൻ പേപ്പറുകൾ ഒന്നും കൈമാറിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകിയിട്ടില്ല. ബോർവെൽ വാട്ടറാണ് ഉപയോഗിക്കുന്നത്. കോമൺ അമിനിറ്റീസ് ഒന്നും ചെയ്തിട്ടില്ല. ജനറേറ്ററുകൾ നൽകിയിട്ടില്ല. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്നാണ് പറഞ്ഞത്. മഹാപ്രളയം വന്നപ്പോൾ ക്ലീനിങ് ചാർജ് അവർ പറഞ്ഞ ചാർജ് നൽകിയിട്ടില്ല എന്ന് പറഞ്ഞു ഫ്ളാറ്റുകൾ കള്ളതാക്കോലിട്ടു തുറന്നു ടിവി ഫ്രിഡ്ജ്, കട്ടിൽ തുടങ്ങിയ സാധനങ്ങൾ അവർ എടുത്തുകൊണ്ടുപോയി. ഇതിനുള്ള പണം ഞങ്ങളിൽ നിന്നും ആദ്യമേ വാങ്ങിയതാണ്. എന്നിട്ടാണ് ഈ രീതിയിൽ ഗുണ്ടാ രീതിയിൽ കാര്യങ്ങൾ നടത്തിയത്. ആ സമയത്ത് പലരും താമസം തുടങ്ങിയിട്ട് പോലുമില്ല.
ഫ്ളാറ്റുകളിൽ താമസം തുടങ്ങിയപ്പോൾ മുതൽ പലതരം പിരിവുകൾ ആണ്. ഇത് തടയിടാൻ ഞങ്ങൾ അസോസിയേഷൻ ഉണ്ടാക്കി. ആറോ-ഏഴോ ടവറുകൾ ഉണ്ട്. ഓരോ ടവറിലും 150 ഏറെ ഫ്ളാറ്റുകളും ഉണ്ട്. 66 വില്ലകളും. അതിന്റെ പേരിലാണ് ഞങ്ങൾ അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്. ശ്വാസ് ഹോംസിന്റെ പിരിവിനെതിരെ പ്രതിഷേധം വരും എന്ന് ഭയന്നാണ് ഈ അപക്സ് ബോഡി അവർ തടഞ്ഞത്. ഈ പ്രശ്നമാണ് ഫ്ളാറ്റ് ഉടമകളുടെ പ്രതിഷേധത്തിനു കാരണമായത്. ഞങ്ങൾ സംഘടിച്ചപ്പോൾ അവർ മെയിൻ ഗെറ്റ് അടച്ചു. പൊലീസ് വന്നാണ് ഗെറ്റ് തുറന്നത്. പ്രശ്നങ്ങൾ വന്നപ്പോൾ വാക്ക് തർക്കം വന്നു. ഇതിന്റെ പേരിലാണ് വനിതാ മാനേജറെ കയറിപ്പിടിച്ചു എന്നുവരെ അവർ പരാതിയിൽ എഴുതിപ്പിടിപ്പിച്ചത്. വ്യാജ പരാതിയാണ് നൽകിയത്. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്-ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അക്വാസിറ്റിയുടെ രാജേഷ് പറയുന്നത്:
അക്വാസിറ്റിയുടെ ഗെറ്റ് അടച്ചത് ഫ്ളാറ്റ് ഉടമകൾ ആണ്. അല്ലാതെ ശ്വാസ് ഹോംസ് അല്ല. അവർ വാഹനങ്ങൾ ഇട്ട് പ്രധാന ഗെയ്റ്റ് ബ്ലോക്ക് ചെയ്തപ്പോൾ സെക്യൂരിറ്റി ഇടപെട്ടു തുറന്നു കൊടുക്കുകയാണ് ചെയ്തത്. അവിടെ അപക്സ് ബോഡി രൂപീകരണം നടന്നിട്ടില്ല. അത് ബിൽഡർമാരുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാൻ കഴിയൂ. അപക്സ് ബോഡിയുടെ കാര്യത്തിലല്ല. കോമൺ അമിനിറ്റീസിന്റെ കാര്യത്തിലാണ് തർക്കം ഉള്ളത്. പത്ത് ടവറുകൾ തീർത്ത് കഴിഞ്ഞു മാത്രമേ ഈ കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. ആറു ടവറുകൾ കഴിഞ്ഞതേയുള്ളൂ. ഇനി നാല് ടവറുകൾ കൂടി നിർമ്മിക്കണം. അതിന്റെ ജോലികൾ നടക്കുകയാണ്. അത് അക്വാ സിറ്റിയുടെ കോമൺ അമിനിറ്റീസ് ആണിത്. അവർക്ക് ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. അൺഡിവൈഡഡ് ഷെയറുകൾ നൽകിയിട്ടുണ്ട്. ഫ്ളാറ്റ് ഉടമകൾ പ്രശ്നമുണ്ടാക്കി ഞങ്ങളുടെ വനിതാ മാനേജരുടെ കൈക്ക് കയറിപ്പിടിച്ചു. വളരെ മോശമായ രീതിയിൽ തെറി പറഞ്ഞു. അവർ ഒരു ആൾക്കൂട്ടം സൃഷ്ടിച്ചു. സ്ത്രീകൾ കൂടി ഈ സംഘത്തിലുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് പൊലീസിൽ പരാതി നൽകിയത്.ഫ്ളാറ്റ് ഉടമകളോട് വേറെ സ്ഥലങ്ങളിൽ കയറരുത് എന്നുള്ള കോടതിയുടെ ഇൻജക്ഷൻ ഓർഡർ കൂടി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.- രാജേഷ് പറയുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.