നിലമ്പൂർ: വയനാട്ടുകാരെ ഞെട്ടിച്ച വ്യവസായി അറയ്ക്കൽ ജോയിയുടെ മരണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. ഒരുഏപ്രിൽ 23 കൂടി കടന്നുപോകുമ്പോഴും എന്താണ് തങ്ങളുടെ പ്രിയപ്പെട്ട ജോയിയുടെ മരണത്തിന് പിന്നിലെന്ന് നാട്ടുകാർക്ക് നിശ്ചയമില്ല. തീർച്ചയായും സാമ്പത്തിക ബാധ്യതകളാകാം 54 ാം വയസിൽ ജോയി ജീവനൊടുക്കാൻ കാരണമെന്ന് അവർ കരുതുന്നു. ഹൃദയാഘാതമെന്ന് ആദ്യം വാർത്ത പ്രചരിച്ചെങ്കിലും, പിന്നീട് ആത്മഹത്യയെന്ന് വ്യക്തമായി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ 14 ാമത്തെ നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. എപ്പോഴും പോസിറ്റീവായി ചിന്തിച്ചിരുന്ന ജോയിയുടെ മക്കൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ജീവിതത്തെ നേരിടാനാവാതെ ആത്മഹത്യ വരിക്കുന്നവരെ കുറ്റപ്പെടുത്തുന്ന സ്വാഭാവക്കാരനായിരുന്നു ജോയി. പലരെയും തളർത്താറുള്ള വിഷാദരോഗം അദ്ദേഹത്തെ പിടികൂടാൻ എന്താവാം കാരണം? പ്രശസ്തിയുടെയും വിജയത്തിന്റെയും കൊടുമുടിയിൽ നിൽക്കുമ്പോൾ മകന്റെ കൺമുന്നിൽ അദ്ദേഹം മരണം തിരഞ്ഞെടുത്തെന്ന് വിശ്വസിക്കാനാവുന്നില്ല ഉറ്റവർക്കും സുഹൃത്തുക്കൾക്കും. ബിസിനസിൽ അത്ര മേൽ സമ്മർദ്ദം അദ്ദേഹത്തിൽ ചെലുത്തിയത് എന്താവാം ? കോടികൾ മുതൽമുടക്കിയുള്ള ബിസിനസിൽ അദ്ദേഹത്തിന് തിരിച്ചടിയായത് എന്താണ്?

പതനത്തിന് വഴിവച്ചത്...

2018 ൽ ഏറ്റവും മികച്ച സംരംഭകനുള്ള യുഎഇ സർക്കാരിന്റെ പുരസ്‌കാരത്തിന് അറയ്ക്കൽ ജോയി അർഹനായിരുന്നു.

ഹംറിയ ഫ്രീസോണിൽ കമ്പനി തുടങ്ങിയതിനായിരുന്നു ആ പുരസ്‌കാരം. കേരള സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും നേടി.

ഒപ്പം യുഎഇ സർക്കാർ വലിയ നിക്ഷേപകർക്ക് നൽകുന്ന ഗോൾഡ് കാർഡ് വിസ ഉടമയുമായിരുന്നു. ഹംറിയ ഫ്രീസോണിലെ ഡ്രീം പ്രോജക്റ്റ് തന്നെയാണ് അദ്ദേഹത്തെ വല്ലാതെ അലട്ടിയ പദ്ധതിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഏഴ് വർഷം മുമ്പ് ഹംറിയ ഫ്രീസോണിൽ നിർമ്മാണം തുടങ്ങിയ റിഫൈനറി ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച യുഎഇയിലെ ആദ്യ പദ്ധതിയായിരുന്നു. ബ്ലൂ റെവല്യൂഷൻ മെതേഡ് എന്നാണ് സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പെട്രോളിയം സംസ്‌കരണത്തിലൂടെ ജലം അന്തിമ ഉത്പന്നമായി വരുന്ന പദ്ധതി. ഊർജ്ജത്തിന്റെ സ്രോതസ് പ്രകൃതിക്ക് തന്നെ മടക്കി നൽകുന്ന പുതിയ സങ്കൽപത്തെ ആധാരമാക്കിയുള്ള പ്രോജക്റ്റ്. പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വെള്ളത്തിൽ മീനിനെ വളർത്തുന്ന പദ്ധതിയും ജോയി ആസൂത്രണം ചെയ്തിരുന്നു.

220 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിക്ക് ജോയി തന്നെയാണ് പ്രോജക്റ്റ് ഡയറക്ടറെ തിരഞ്ഞെടുത്തത്. ഈ റിഫൈറനി തുറക്കുന്നതോടെ, ജോയിയും, ഇന്നോവ ഗ്രൂപ്പും 100 കോടി ടേണോവറുള്ള പുതിയ തലത്തിലേക്ക് ഉയരുമായിരുന്നു. സമാനമായ പദ്ധതികൾ മറ്റുപല വലിയ കമ്പനികളും ചെയ്തിരുന്നുവെങ്കിലും ഇന്നോവ ഗ്രൂപ്പിനെ വേറിട്ടുനിർത്തിയ ഒന്ന് റിഫൈനറി ശരിക്കും ആവശ്യമായതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് കെട്ടിപ്പടുത്തുവെന്നതും ചെലവ് കുറവുമായിരുന്നു. ഈ സംരംഭത്തിനാണ് 2018 ൽ ജോയിയെ യുഎഇയിലെ മികച്ച സംരംഭകനാക്കിയത്.

ചതിച്ചത് ആര്?

ഈ പദ്ധതി ജോയിയുടെ ഹൃദയത്തോടെ വളരെ ചേർന്നുനിൽക്കുന്നതായിരുന്നു എന്നുപറയേണ്ടതില്ലല്ലോ. എന്നാൽ, പദ്ധതി ജോയിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വല്ലാതെ കാലതാമസം വന്നു. കഴിഞ്ഞ മാർച്ചിൽ ആദ്യഘട്ടം ഉദ്ഘാടനം പ്ലാൻ ചെയ്‌തെങ്കിലും നടന്നില്ല. റിഫൈനറിക്ക് ആവശ്യമായ യന്ത്രങ്ങൾ ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമാണ് കൊണ്ടുവന്നത്. പദ്ധതിയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു.

തന്റെ പിതാവിന്റെ മരണത്തിന്റെ യഥാർത്ഥ കാരണങ്ങൾ അറിയാൻ ജോയിയുടെ മകൻ അരുൺ ജോയി ദുബായി പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ പ്രോജക്റ്റ് ഡയറക്ടറുടെ പങ്ക് അന്വഷിക്കണമെന്നായിരുന്നു ആവശ്യം. പ്രോജക്റ്റ് ഡയറക്ടർ ജോയിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ജോയിയെ വല്ലാത മാനസികമായി ഉലച്ചുവെന്നായിരുന്നു മകന്റെ പരാതി. ലബനൻ സ്വദേശിയായ ഒരാളായിരുന്നു പ്രോജക്റ്റ് ഡയറ്കടർ. പദ്ധതിയുടെ ചെലവ് 2500 കോടിയിലേക്ക് ഉയർന്നിട്ടും പൂർത്തിയാവാതെ വന്നതോടെയാണ് സംഗതികൾ പാളിയത്. ഓഹരികൾ വിതരണം ചെയ്ത് അമേരിക്കൻ വംശജനെയും സൗദി തദ്ദേശീയനെയും പങ്കാളികളാക്കിയെങ്കിലും, കൂടുതൽ പണം ആവശ്യമായി വന്നതോടെ ജോയിയുടെ അഭിമാനത്തിന് ക്ഷതം തട്ടിയിട്ടുണ്ടാവണം. എല്ലാം ഒന്നും ശരിയാകുമെന്ന് കരുതിയപ്പോഴേക്കും കോവിഡ് പ്രതിസന്ധിയും വന്നു. ഇതോടെ അദ്ദേഹം വിഷാദച്ചുഴിയിലേക്ക് വീണു.

ഇന്നോവ ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടുപോകാൻ മൂത്ത മകൻ അരുൺ ജോയിക്കൊപ്പം മകൾ ആഷ്‌ലി ജോയിയുമുണ്ട്. ദുബായിൽ മകനൊപ്പമുള്ള ജോയിയുടെ ഭാര്യ സെലിൻ അടുത്തിടെ കോവിഡ് ബാധിതയായി ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു.2020 ഏപ്രിൽ23 ന് ഉച്ചയ്ക്കു 12 നു അദ്ദേഹത്തിന്റെ ഓഫിസിൽ തീരുമാനിച്ചിരുന്ന യോഗത്തിനു തൊട്ടു മുമ്പാണ് ജോയി 14 ാം നിലയിൽ നിന്ന് താഴേക്ക ചാടിയത്. ദുരൂഹതകളില്ല... ആത്മഹത്യ എന്നായിരുന്നു ബർദുബായി പൊലീസ് വിധിയെഴുതിയത്.

ജോയിയുടെ ഓർമകൾ മങ്ങാത്ത അറയ്ക്കൽ പാലസ്

അറയ്ക്കൽ ജോയിയുടെ ഓർമ്മകളിലാണ് നാടും നാട്ടാരും ഇപ്പോഴും. എല്ലാവർക്കും സഹായങ്ങൾ ചെയ്തിരുന്ന ജോയിയേട്ടനായിരുന്നു അദ്ദേഹം. ജോയി പണിത അറയ്ക്കൽ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വസതികളിൽ ഒന്നായിരുന്നു. ജോയി അറയ്ക്കൽ ഇനിയില്ലെന്നെന്ന് അറയ്ക്കൽ കൊട്ടാരം ഡിസൈൻ ചെയ്ത ജാബിർ ബിൻ അഹമ്മദ് എന്ന കോഴിക്കോട്ടുകാരനും വിശ്വസിക്കാൻ സാധിക്കുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ആ മനുഷ്യന്റെ ഓർമ്മകളിൽ നൊമ്പരപ്പെടുകയാണ് ജാബിറും. വീടിന്റെ പ്രാഥമിക ചർച്ച നടന്നത് ദുബായിൽ വച്ചാണ്. 'എന്റെ കുടുംബം ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ നിലനിൽക്കുന്നതാണ്. അച്ഛൻ, അമ്മ, ഞാനും എന്റെ അനിയനും, ഞങ്ങൾ രണ്ടു പേരുടെ കുടുംബം.. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ ഉതകുന്ന തരത്തിലുള്ള വീടായിരിക്കണം' എന്നാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത്.

ഡിസൈൻ ചെയ്തുവന്നപ്പോൾ കൊട്ടാരസദൃശ്യമായ ഭവനത്തിലേക്ക് ആണ് ഞങ്ങൾ എത്തിച്ചേർന്നത്. ആദ്യ രൂപകല്പന അദ്ദേഹത്തെ കാണിക്കാൻ ചെല്ലുമ്പോൾ അദ്ദേഹം എന്തുകരുതും എന്ന തെല്ലു ഭയം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഡിസൈൻ കണ്ടശേഷം അദ്ദേഹത്തിനിഷ്ടമായി. വയനാട്ടിൽ നിന്നും ഗൾഫിലെത്തി വിയർപ്പൊഴുക്കി സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ തന്റെ ജീവിതത്തിന്റെ അടയാളമാകണം വീട്. കൂടാതെ നിരവധി തൊഴിലാളികൾക്ക് ജോലി ലഭ്യമാവുകയും അവരുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്ക് കാരണമായി തീരുന്ന ധർമപ്രവൃത്തിയായാണ് അദ്ദേഹം വീടുപണിയെ കണ്ടത്.

ഒരുകാര്യം കൂടി അദ്ദേഹം പറഞ്ഞത് സത്യത്തിൽ എന്നെ ഞെട്ടിച്ചത്. അദ്ദേഹം തുടർന്നു, എന്റെ നാടിന് എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ എന്റെ നാട്ടുകാർക്ക് ഒന്നിച്ചു കൂടാൻ കഴിയുന്ന ഒരിടമായിരിക്കണം എന്റെ വീട്. അതൊരു ഭംഗിവാചകമല്ലായിരുന്നു എന്നത് പിന്നീട് വന്ന പ്രളയത്തിൽ വയനാട് അനുഭവിച്ചറിഞ്ഞു. അറയ്ക്കൽ പാലസ് ഒരു ആഡംബരവീടിനപ്പുറം പാവപ്പെട്ടവർക്ക് ആശാകേന്ദ്രം കൂടി ആയിമാറുന്നത് ഒരു ജനതയ്ക്കും നാടിനും ഹൃദയത്തിൽ തൊട്ടറിയാൻ കഴിഞ്ഞു.

വീട് പൂർത്തിയായ സമയത്ത് ഒരുകൂട്ടം ആളുകൾ എന്തിനാണ് ഇത്ര വലിയ വീടിനായി പണം വാരിക്കോരി കളയുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും വിമർശിക്കുന്നത് കണ്ടു. പക്ഷേ അദ്ദേഹം വീടിനായി മുടക്കിയ പണം നിർമ്മാണമേഖലയിലെ എത്രായിരം പേരെയാണ് സഹായിച്ചത്. എത്ര കുടുംബങ്ങൾക്ക് ഈ വീട് കൊണ്ട് സന്തോഷമുണ്ടായി എന്ന് തിരിച്ചറിയണം. - ജാബിർ അഭിമുഖത്തിൽ പറഞ്ഞു. 

തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകൾ ഇല്ലാത്ത ഒരു നിർമ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കൽ പാലസ്. 45000 ചതുരശ്രയടിയിൽ ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് നിർമ്മാണസമയത്തുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കാൻ വേണ്ടികൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്. കൊളോണിയൽ ശൈലിയിലാണ് വീടിന്റെ രൂപകൽപന. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.ഇപ്പോൾ ചില ബന്ധുക്കളാണ് ഇവിടെ താമസം

കഴിഞ്ഞ പ്രളയവും ഉരുൾപൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ ജോയ് തുറന്നിട്ടിരുന്നു. അതുകൂടാതെ കോടിക്കണക്കിനു രൂപയുടെ സഹായമാണ് ജോയ് കയ്യയച്ചു നാടിനു നൽകിയത്. ഗൃഹനാഥനായ ജോയ് കടന്നുപോകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ അടയാളമായി അറയ്ക്കൽ പാലസ് ഇനിയും നിലകൊള്ളുമെന്നാണ് നാട്ടുകാർ കരുതുന്നത്.ഹൃദയാലുവായ ആ നല്ല മനുഷ്യന്റെ ഒന്നാം ചരമവാർഷികത്തിലും പറഞ്ഞുമതിയാവുന്നില്ല നാട്ടുകാർക്കും അനുഭവകഥകൾ.