കണ്ണൂർ: ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി യു.കെ സുധാകരന് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തി.

യു.ഡി. എഫിലെ സുരേന്ദ്രനെയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി 137 വോട്ടുകൾക്ക് തോൽപ്പിച്ചത്. ഇതോടെ മലയോരത്തെ ഉറച്ച യു.ഡി. എഫ് പഞ്ചായത്തുകളിലൊന്നു കൂടി എൽ. ഡി. എഫ് പിടിച്ചെടുത്തു. 92.57 ശതമാനം പോളിങ് നടന്ന ആറളം പഞ്ചായത്തിലെ പത്താംവാർഡിൽ 134 വോട്ടിനാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി ജയിച്ചത്.

1185 വോട്ടർമാരിൽ 1097 പേരും വോട്ട് ചെയ്ത കനത്ത മത്സരമാണ് ഇവിടെ നടന്നത്.
24 പേർ തപാൽ വോട്ടുചെയ്തു. ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.

വീർപ്പാട് വേൾഡ് വിഷൻ കമ്യൂണിറ്റി ഹാൾ, സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. എൽ.ഡി. എഫ് വാർഡംഗമായി തെരഞ്ഞെടുക്കപ്പെട്ട സിപി എമ്മിലെ ബേബിജോൺ പൈനാപ്പള്ളിൽ സത്യപ്രതിജ്ഞക്ക് മുൻപെ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്്.

വാർഡിൽ സുപരിചിതനായ യു. കെ സുധാകരനെ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചാണ് എൽ. ഡി. എഫ് വാർഡു പിടിച്ചെടുത്തത്.കഴിഞ്ഞ തവണയും യു.ഡി. എഫിനായി സുരേന്ദ്രൻ തന്നെയായിരുന്നു മത്സരത്തിനിറങ്ങിയത്.

ബിജെപിയിലെ അജയൻ എന്നിവരും നാല് സ്വതന്ത്രരുമടക്കം ഏഴുപേരാണ് മത്സരരംഗത്ത്. വ്യാഴാഴ്ച രാവിലെ 10ന് വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിലായിരുന്നു വോട്ടെണ്ണൽ.