കണ്ണുർ: കാടിറങ്ങി കൂട്ടത്തോടെയെത്തുന്ന കാട്ടാനകൾ കണ്ണൂരിൽ വനം വകുപ്പിനെ വെള്ളം കുടിപ്പിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷി നാശമാണ് വരുത്തുന്നത്.

നേരത്തെ ആറളം ഫാമിലും പരിസരങ്ങളിലും തമ്പടിച്ചിരുന്ന കാട്ടാന കൂട്ടക്കൂട്ടത്തെ വനത്തിലേക്ക് ഓടിച്ചു വിട്ടിരുന്നുവെങ്കിലും അതിർത്തിയിലുടെ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. ആറളം ഫാമിലും സമീപ ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന കാട്ടാനകളെ കാടുകയറ്റൽ തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരുപതിലേറെ വരുന്ന കാട്ടാനക്കൂട്ടത്തിൽ ശനിയാഴ്ച രാത്രി വൈകുവോളം പത്തു മണിക്കൂറോളംനടത്തിയ സാഹസിക പ്രയത്‌നത്തിൽ ഒരു കുട്ടിയാനയടക്കം പത്തെണ്ണത്തെ കാടുകയറ്റിവിട്ടു. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും 25 ഓളം വരുന്ന ആർ ആർ ടി , വനപാലകരുടെ സംഘമാണ് ആനകളെ തുരത്തൽ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. അവശേഷിച്ചവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം വരും ദിവസങ്ങളിലും തുടരും.

രാവിലെ ബ്ലോക്ക് ഒന്നിലെ പാലപ്പുഴ ഭാഗത്തു നിന്നാണ് ആനകളെ തുരത്തൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. പാലപ്പുഴ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നാശം വിതക്കുന്ന കാട്ടാനകളെയും തുരത്താനായതായാണ് വനം വകുപ്പ് അധികൃതർ അറിയിച്ചത്. പാലപ്പുഴ - കീഴ്പ്പള്ളി റോഡ് കടത്തി കോട്ടപ്പാറവഴിയാണ് ആനകളെ കാട്ടിലേക്ക് വിട്ടത്. ഓടിക്കുന്നതിനിടയിൽ ചിലതെല്ലാം ചിതറി ഓടുകയും പലതവണ വനപാലകർക്കു നേരെ തിരിയുകയും ചെയ്തു. ലോഞ്ചർ ഉപയോഗിച്ച് പടക്കം പൊട്ടിച്ചും മറ്റുമാണ് ഇവയെ പിന്തിരിപ്പിച്ചത്.

തുരത്തിയവ തിരികെ ഫാമിൽ പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ വേലി സ്ഥാപിച്ചിട്ടുണ്ട്. ആർ ആർ ടി സംഘത്തിന്റെ കാവലും ഏർപ്പെടുത്തി. കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നാല് ദിവസം മുൻപേ തുരത്താൻ നടപടികൾ തുടങ്ങിയിരുന്നു. ആദ്യദിവസം പതിനേഴോളം ആനകളെ വന്യജീവി സങ്കേതം അതിർത്തിവരെ എത്തിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

തുടർ ദിവസങ്ങളിലും മഴതുടർന്നതിനെത്തുടർന്ന് തുരത്തൽ നിർത്തിവെച്ചു. ആറളം എസ് ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസും സുരക്ഷാ ഒരുക്കാൻ എത്തിയിരുന്നു .വനത്തിലെ ഭക്ഷ്യക്ഷാമവും കനത്ത മഴയുമാണ് ആറളം ഫാമിൽ കാട്ടാനകൾ തമ്പടിക്കുന്നതിന് കാരണമാകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

20 കോടി ചെലവിൽ ആറളത്ത് ആനത്താര പദ്ധതി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. ആറളത്ത് ഉൾപ്പെടെ മലയോര കർഷകനെ കണ്ണീര് കുടിപ്പിച്ചാണ് കാട്ടാനകൾ വിളയാടുന്നത്.ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവിടങ്ങളിലുണ്ടാകുന്നത്.