പത്തനംതിട്ട: ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കാൻ വന്ന ദേവസ്വം ബോർഡ് പ്രസിഡന്റും സംഘവും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ പടിഞ്ഞാറേ ഊട്ടുപുരയിൽ വിഭവസമൃദ്ധമായ സദ്യ കഴിച്ചിരുന്നു. മുപ്പതോളം പേരാണ് ഒന്നിച്ചിരുന്നത് സദ്യ കഴിച്ചത്. അതിന് ശേഷം അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് അനുമതി നിഷേധിച്ചതിൽ പള്ളിയോട കരകളിൽ പ്രതിഷേധം.

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ആചാരപരമായ ചടങ്ങുകൾ മാത്രമായി നാളെ 11.30 ന് നടക്കും. പതിവിന് വിപരീതമായി പാർഥ സാരഥിയുടെ തിരുമുറ്റത്തോ ഊട്ടുപുരയിലോ സമൂഹ വള്ളസദ്യ നടക്കില്ല. ദേവസ്വം ബോർഡ് അനുമതി നൽകാത്തതാണ് കാരണം. പള്ളിയോട സേവാസംഘവുമായി നിലനിൽക്കുന്ന ശീതസമരമാണ് ഇതിന് കാരണമായി പറയുന്നത്.

എന്നാൽ കോവിഡ്19 മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രപരിസരത്ത് സമൂഹസദ്യ നടത്താൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഉതൃട്ടാതി നാളിൽ ഇതേ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ മുപ്പതോളം പേരാണ് പടിഞ്ഞാറെ ഊട്ടുപുരയിൽ സദ്യ കഴിച്ചത്. പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന സർക്യൂട്ടിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗത്തിന് ശേഷമായിരുന്നു സദ്യ.

വള്ളസദ്യയും ഉതൃട്ടാതി വള്ളംകളിയും മൂന്ന് പള്ളിയോടങ്ങളെ ഉൾപ്പെടുത്തി നടത്താൻ പള്ളിയോട സേവാസംഘം നടത്തിയ നീക്കങ്ങളോട് ദേവസ്വം പ്രതിനിധികൾ തുടക്കം മുതൽ മുഖംതിരിക്കുകയായിരുന്നു. തിരുവോണത്തോണി ഇറക്കാതെ കെട്ടുവള്ളത്തിൽ ദീപം കൊണ്ടുവരാനായി വള്ളവും ദേവസ്വം ബോർഡ് തയാറാക്കിയെങ്കിലും പള്ളിയോട സേവാ സംഘത്തിന്റെ കർശനമായ നിലപാട് കാരണം ഒടുവിൽ തോണി ഇറക്കി.

എന്നാൽ അഷ്ടമിരോഹിണി വള്ളസദ്യ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നടത്താൻ അനുവദിക്കാതെ അടുത്ത നീക്കവുമായി ദേവസ്വം ബോർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആറന്മുളയിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ പടിഞ്ഞാറെ ഗോപുരം പണി തടസപ്പെട്ടത് ചൂണ്ടിക്കാട്ടി തടഞ്ഞതും പ്രകോപനത്തിന് കാരണമായിട്ടുണ്ട്.

ചേനപ്പാടിയിൽ നിന്ന് ഭഗവാനുള്ള സമർപ്പണമായി ആയിരം ലിറ്റർ തൈര് വരെ മുൻവർഷങ്ങളിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രതീകാത്മകമായി ബുധനാഴ്ച വൈകിട്ട് തൈര് സമർപ്പണം നടത്തി ചേനപ്പാടിയിൽ നിന്നുള്ള ഭക്തർ മടങ്ങും. സമർപ്പണ ചടങ്ങിലേക്ക് മറ്റാർക്കും പ്രവേശനമില്ല.

അഷ്ടമിരോഹിണി വള്ളസദ്യ

അഷ്ടമിരോഹിണി നാളിൽ പാർഥസാരഥി ക്ഷേത്രത്തിൽ തന്ത്രിയാണ് പൂജ നടത്തുന്നത് . ഉച്ചപൂജയോട് അനുബന്ധിച്ച് 11.30 ന് ഗജമണ്ഡപത്തിൽ സമൂഹവള്ളസദ്യയുടെ സമർപ്പണ ചടങ്ങ് നടക്കും. തുടർന്ന് സമൂഹ വള്ളസദ്യയും. വിഭവങ്ങളേറെയില്ല. പാടിച്ചോദിക്കുന്ന വിഭവങ്ങളും മറ്റുമായി ചടങ്ങ് മാത്രം.